KeralaNews

ഫേസ് ക്രീം തേച്ച് വൃക്കകള്‍ തകരാറില്‍?അന്വേഷണവുമായി ദേശീയ രഹസ്യാന്വേഷണ വിഭാഗം

മലപ്പുറം: വൃക്ക തകരാറിലാക്കുന്ന സൗന്ദര്യവർധക ലേപനങ്ങൾ മലബാർ വിപണിയിൽ പെരുകുന്നതിനെക്കുറിച്ചു ദേശീയ രഹസ്യാന്വേഷണവിഭാഗം അന്വേഷണം തുടങ്ങി. കൃത്യമായ നിർമാണ മേൽവിലാസമില്ലാത്ത ലേപനങ്ങളാണിവ. 

ചില ക്രീമുകളിൽ രസവും കറുത്തീയവും അടക്കമുള്ള ലോഹമൂലകങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ടെന്നു കോട്ടയ്ക്കലിലെയും കൊച്ചിയിലെയും സ്വകാര്യ ആശുപത്രികൾ റിപ്പോർട്ട് നൽകിയിരുന്നു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം ഓഫിസിലും കോട്ടയ്ക്കലിലെ ആശുപത്രിയിലും അന്വേഷണ സംഘമെത്തി വിവരങ്ങൾ ശേഖരിച്ചു. മലപ്പുറം ഡ്രഗ്സ് കൺട്രോൾ വിഭാഗം നേരത്തേ തന്നെ ഇത്തരം ക്രീമുകളുടെ വിൽപന നിരീക്ഷിച്ചുവരികയായിരുന്നു. 

മലപ്പുറത്തു ‘യൂത്ത് ഫെയ്സ്’, ‘ഫൈസ’ തുടങ്ങിയ ചർമം വെളുപ്പിക്കൽ ക്രീമുകൾ ഉപയോഗിച്ച 11 പേർക്കാണ് നെഫ്രോടിക് സിൻഡ്രോം കണ്ടെത്തിയത്. ഇതിൽ ഗുരുതരനിലയിലായ പതിനാലുകാരി തുടർച്ചയായി ‘യൂത്ത് ഫെയ്സ്’ ഉപയോഗിച്ചിരുന്നു. സമാന ലക്ഷണങ്ങളുമായി എത്തിയവരും ഈ ക്രീം ഉപയോഗിച്ചിരുന്നതായി കോട്ടയ്ക്കൽ ആസ്റ്റർ മിംസ് ആശുപത്രിയിലെ മെഡിക്കൽ വിഭാഗം മേധാവി ഡോ.പി.എസ്.ഹരി പറഞ്ഞു. 

‘യൂത്ത് ഫെയ്സ്’ ക്രീമിൽ നിർമാതാക്കളുടെ വിവരങ്ങളില്ല. മുംബൈയിലെ ഒരു സ്ഥാപനത്തിന്റെ വിലാസമുണ്ടെങ്കിലും അവർ ഇങ്ങനെയൊരു ക്രീം നിർമിക്കുന്നില്ല. ഗൾഫ് രാജ്യങ്ങളിലും ഇത്തരം ക്രീമുകൾ വിപണിയിലുണ്ട്.

ക്രീമുകളിൽ‌ ലോഹമൂലകങ്ങൾ അമിതമായുള്ളതിനാൽ പെട്ടെന്നു ചർമത്തിനു തിളക്കമുണ്ടാകും. എന്നാൽ, ഈ മൂലകങ്ങൾ രക്തത്തിൽ കലർന്നു വൃക്കയെ ബാധിക്കും. ശരീരഭാരം കൂടുക, അമിതമായ ക്ഷീണം, ഉയർന്ന രക്തസമ്മർദം, അണുബാധ തുടങ്ങിയവ ഉണ്ടാകാം. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button