KeralaNews

കേരളത്തിൽ ട്രെയിനുകൾ കുതിക്കും;അഞ്ചര മണിക്കൂറിൽ തിരുവനന്തപുരം – കാസർകോട് യാത്ര; വളവുകൾ നിവരും പുതിയ സിഗ്നലിങും

കൊച്ചി: കേരളത്തിലെ ട്രാക്കുകൾ നിവർത്തുന്ന ജോലി പൂർത്തിയാകുന്നതോടെ തിരുവനന്തപുരം – കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറായി കുറയും. ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി ഉയർത്താനുള്ള നടപടികളാണ് ഇന്ത്യൻ റെയിൽവേ ആദ്യഘട്ടത്തിൽ നടപ്പിലാക്കുന്നത്.

സംസ്ഥാനത്തെ ട്രാക്കുകളിൽ ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററായി വ‍ർധിപ്പിക്കുമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് തന്നെ പ്രഖ്യാപിച്ചിരുന്നു. നാലുവർഷത്തിനുള്ളിൽ ഘട്ടം ഘട്ടമായി പദ്ധതി പൂ‍ത്തിയാക്കുമെന്നായിരുന്നു വാക്ക്. ഇതോടെ തിരുവനന്തപുരം – കാസർകോട് ട്രെയിൻ യാത്ര അഞ്ചര മണിക്കൂറിനുള്ളിൽ സാധ്യമാകും. പ്രഖ്യാപനത്തിലെ ആദ്യഘട്ടമായി വളവുകൾ നിവർത്താനുള്ള നടപടികളാണ് നിലവിൽ നടക്കുന്നത്.

ഷൊർണൂർ മുതൽ മംഗളൂരു വരെയുള്ള പാതയിലെ വളവുകൾ നിവർത്താനുള്ള നടപടികൾക്ക് പിന്നാലെ തിരുവനന്തപുരം മുതൽ ഷൊർണൂർ വരെയുള്ള പാതകളിലെ പ്രവർത്തനങ്ങൾക്കും ഇന്ത്യൻ റെയിൽവേ തുടക്കമിട്ടു കഴിഞ്ഞു. വളവ് നിവർത്തൽ, പാളം – പാലം അറ്റകുറ്റപ്പണി, പുതിയ സിഗ്നലിങ് സംവിധാനം എന്നിവ വരുന്നതോടെ ട്രെയിനുകളുടെ വേഗത 130 കിലോമീറ്ററായി കൂട്ടാൻ കഴിയും.

സംസ്ഥാനത്തെ ട്രെയിനുകളുടെ വേഗത ആദ്യം 110 കിലോമീറ്ററും പിന്നീട് 130 കിലോമീറ്ററുമാക്കുമെന്നുമായിരുന്നു അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നത്. ഷൊർണ്ണൂർ – മംഗളൂരു പാതയിലെ 307 കിലോമീറ്ററിൽ 288 വളവുകളാണ് ഒരുവർഷത്തിനുള്ളിൽ നിവർത്തുക. തിരുവനന്തപുരം – ഷൊർണൂർ പാതയിലാകട്ടെ ആദ്യഘട്ടത്തിൽ 86 ചെറുവളവുകൾ നിവർത്താനാണ് ശ്രമം. ഭൂമിയേറ്റെടുക്കാതെ പണി തുടങ്ങാൻ കഴിയുന്ന വളവുകളാണിത്.

തലസ്ഥാനത്ത് നിന്ന് എറണാകുളത്തേക്ക് ആലപ്പുഴ വഴിയും കോട്ടയം വഴിയുമുള്ള വേഗം 110 കിലോമീറ്ററാക്കി കൂട്ടുകയെന്നാണ് നിലവിലെ ലക്ഷ്യം. എറണാകുളം – ഷൊർണൂർ പാതയിൽ സാധ്യമായ സ്ഥലങ്ങളിൽ 110, മറ്റിടങ്ങളിൽ 90 കിലോമീറ്റർ എന്നിങ്ങനെയും വേഗം കൂട്ടും. കേരളത്തിൽ ട്രെയിനുകൾക്ക് വേഗക്കുറവുള്ളത് ഷൊർണൂർ – എറണാകുളം സെക്ഷനിലാണ്.

നിലവിൽ ഷൊർണൂർ – മംഗളൂരു പാതയിൽ തീവണ്ടികൾ 110 കിലോമീറ്റർ വേഗത്തിൽ ഓടിക്കാൻ കഴിയും. ഇവിടെ വളവുകൾ നിവർത്തുന്നതോടെ ഇത് 130 ആയി ഉയർത്താനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയിൽതന്നെ ടെൻഡർ വിളിച്ച് നടപടി ആരംഭിച്ചിരുന്നു. നാല് സെക്ഷനുകളിലായാണ് ഇവിടെ പ്രവൃത്തി നടക്കുന്നത്. മംഗളൂരു – കാസർകോട്, കാസർകോട് – കണ്ണൂർ, കണ്ണൂർ – കോഴിക്കോട്, കോഴിക്കാട് – ഷൊർണൂർ എന്നിങ്ങനെയാണിത്. കാസർകോട് – മംഗളൂരു പാതയിലെ വളവ് നിവർത്തൽ എട്ടുമാസത്തിനുള്ളിലും ബാക്കി മൂന്ന് റീച്ചുകൾ ഒരുവർഷത്തിനുള്ളിലും പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker