തെക്കുപടിഞ്ഞാറൻ കാലവർഷം വീണ്ടും സജീവമാകുന്നു;ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ വരും ദിവസങ്ങളിൽ കനത്ത മഴ

ന്യൂഡൽഹി: ജൂൺ ആദ്യവാരത്തിന് ശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ മന്ദഗതിയിലായിരുന്ന മൺസൂൺ പാത്തി വീണ്ടും സജീവമായതായി കാലാവസ്ഥാ നിരീക്ഷകർ അറിയിച്ചു. വരും ദിവസങ്ങളിൽ കാറ്റിന്റെ ഗതിയും അന്തരീക്ഷ സാഹചര്യങ്ങളും അനുകൂലമാകുന്നതോടെ മധ്യ ഇന്ത്യയിലും ദക്ഷിണേന്ത്യയിലും കനത്ത മഴ പെയ്യും. കാലവർഷം ശക്തമാകുന്നത് രാജ്യത്തെ കാർഷിക മേഖലയ്ക്കും വലിയ പ്രതീക്ഷയാണ് നൽകുന്നത്. ജൂൺ മൂന്നാം വാരത്തോടെ മഴ രാജ്യവ്യാപകമായി പെയ്തിറങ്ങുമെന്നാണ് കണക്കുകൂട്ടൽ.

കാലവർഷത്തിന്റെ പുതിയ ഘട്ടത്തിൽ കേരളത്തിലും മാഹിയിലുമാണ് ആദ്യം ശക്തമായ മഴയെത്തുക. ജൂൺ 19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ തീരദേശവാസികളും മലയോര മേഖലയിലുള്ളവരും ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. ഇതിന് പുറമെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കൽ എന്നീ മേഖലകളിൽ ജൂൺ 19 മുതൽ 21 വരെയുള്ള ദിവസങ്ങളിൽ ഒറ്റപ്പെട്ട ശക്തമായ മഴ ലഭിച്ചേക്കുമെന്നും ഐഎംഡി വ്യക്തമാക്കുന്നു.

കർണാടകത്തിലും വരും ദിവസങ്ങളിൽ കാലവർഷം കനക്കും. കർണാടകയുടെ തീരപ്രദേശങ്ങളിൽ ജൂൺ 21 മുതൽ 25 വരെ അതിശക്തമായ മഴയ്ക്കാണ് സാധ്യത പ്രവചിച്ചിരിക്കുന്നത്. വടക്കൻ-തെക്കൻ ഉൾനാടൻ കർണാടക മേഖലകളിൽ ജൂൺ 22, 23 തീയതികളിൽ പരക്കെ മഴ ലഭിക്കും. കേന്ദ്രഭരണ പ്രദേശമായ ലക്ഷദ്വീപിൽ ജൂൺ 21-ന് ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ കടൽക്ഷോഭമുണ്ടാകാൻ ഇടയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.

അതേസമയം വടക്കൻ ഇന്ത്യയിലും മധ്യ ഇന്ത്യയിലെ പല ഭാഗങ്ങളിലും മൺസൂൺ പൂർണ്ണതോതിൽ എത്തിച്ചേർന്നിട്ടില്ലെങ്കിലും കാലാവസ്ഥയിൽ വലിയ മാറ്റങ്ങൾ കണ്ടുതുടങ്ങിയിട്ടുണ്ട്. ഈ പ്രദേശങ്ങളിൽ ആകാശം കൂടുതൽ മേഘാവൃതമാകുന്നതും ഇടിമിന്നലോട് കൂടിയ ചെറിയ മഴ പെയ്യുന്നതും വരും ദിവസങ്ങളിൽ കാലവർഷം ഇവിടങ്ങളിലേക്ക് വ്യാപിക്കുന്നതിന്റെ വ്യക്തമായ സൂചനയാണെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഉത്തരേന്ത്യയിലെ ഉഷ്ണതരംഗത്തിന് ഇതോടെ ശമനമുണ്ടാകും.

മധ്യ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളായ ഛത്തീസ്ഗഡ്, കിഴക്കൻ-പടിഞ്ഞാറൻ മധ്യപ്രദേശ്, മഹാരാഷ്ട്രയിലെ വിദർഭ മേഖല എന്നിവിടങ്ങളിൽ ജൂൺ 19 മുതൽ 25 വരെയുള്ള ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി അറിയിച്ചു. താഴ്ന്ന പ്രദേശങ്ങളിൽ വെള്ളപ്പൊക്കത്തിനും ശക്തമായ കാറ്റിൽ നാശനഷ്ടങ്ങൾക്കും സാധ്യതയുള്ളതിനാൽ അതാത് സംസ്ഥാനങ്ങളിലെ ദുരന്തനിവാരണ അതോറിറ്റികൾ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ആരംഭിച്ചിട്ടുണ്ട്.

English Summary

The India Meteorological Department (IMD) has reported that the Southwest Monsoon is reviving across the country after a two-week lull. Heavy cloud formations over Central India are expected to bring much-needed relief to the region. The IMD predicted that Southern states will receive the maximum rainfall in the coming week. Kerala and Mahe are on alert for heavy showers from June 19 to 23, while Tamil Nadu, Puducherry, and Karaikal will experience isolated heavy rains until June 21. Coastal Karnataka is bracing for heavy downpours from June 21 to 25, alongside interior parts on June 22-23. Lakshadweep is also expected to get heavy rain on June 21, while states like Chhattisgarh and Madhya Pradesh will see increased monsoon activity.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News