എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലയാളം മീഡിയംകാരുടെ എണ്ണത്തെ മറികടന്ന് ഇംഗ്ലീഷ് മീഡിയം

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി പരീക്ഷ എഴുതുന്നവരില്‍ മലയാളം മീഡിയം വിദ്യാര്‍ഥികളെ എണ്ണത്തില്‍ മറികടന്ന് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികള്‍. ഇത് ആദ്യമായാണ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ എണ്ണം മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതുന്നവരുടെ എണ്ണത്തെ മറികടക്കുന്നത്.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരുന്ന സാഹചര്യമുണ്ടായിരുന്നു. 4,22,226 വിദ്യാര്‍ഥികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷ എഴുതുന്നത്. ഇതില്‍ 2,18,043 പേര്‍ (51.64 ശതമാനം) ഇംഗ്ലീഷ് മീഡിയത്തിലാണ്. മലയാളം മീഡിയം ആയി പരീക്ഷയെഴുതുന്നത് 2,00,613 വിദ്യാര്‍ഥികള്‍.

മലയാളം മീഡിയത്തെ അപേക്ഷിച്ച് 17430 വിദ്യാര്‍ഥികള്‍ ഇംഗ്ലീഷ് മീഡിയത്തില്‍ കൂടുതലാണ്. 2161 വിദ്യാര്‍ഥികള്‍ തമിഴ് മീഡിയത്തിലും, 1409 വിദ്യാര്‍ഥികള്‍ കന്നട മീഡിയത്തിലും പരീക്ഷയെഴുതുന്നു. കഴിഞ്ഞവര്‍ഷം മലയാളം മീഡിയത്തില്‍ പരീക്ഷ എഴുതിയത് 2,17,234 പേരാണ്. അന്ന് ഇംഗ്ലീഷ് മീഡിയത്തില്‍ 2,01,312 പേരും പരീക്ഷയെഴുതി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News