നോർത്ത് സൗണ്ട് (ആന്റിഗ്വ): അഞ്ചാം അണ്ടർ-19 ലോകകപ്പ് കിരീടത്തിലേക്ക് ഇന്ത്യക്കു വേണ്ടത് 190 റൺസ്. ഫൈനലിൽ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇംഗ്ലണ്ട് 44.5 ഓവറിൽ 189 റൺസിന് എല്ലാവരും പുറത്തായി. അഞ്ചു വിക്കറ്റെടുത്ത രാജ് ബവയുടേയും നാല് വിക്കറ്റെടുത്ത രവി കുമാറിന്റേയും ബൗളിങ്ങാണ് ഇംഗ്ലണ്ടിനെ വരിഞ്ഞുമുറുക്കിയത്.
ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. മത്സരം 3.3 ഓവർ ആയപ്പോഴേക്കും അവർക്ക് രണ്ട് വിക്കറ്റ് നഷ്ടമായി പിന്നീട് തുടർച്ചയായ ഇടവേളകളിൽ വിക്കറ്റ് നഷ്ടപ്പെട്ടു. രണ്ടു റൺസെടുത്ത ജേക്കബ് ബെതേലിനെ രവി കുമാർ വിക്കറ്റിന് മുന്നിൽ കുരുക്കി. അക്കൗണ്ട് തുറക്കും മുമ്പ് ടോം പ്രെസ്റ്റിയും രവി കുമാറിന്റെ പന്തിൽ പുറത്തായി. വില്ല്യം ലക്്സ്റ്റൺ (4), ജോർജ് ബെൽ (0), ജോർജ് തോമസ് (27), രെഹാൻ അഹമ്മദ് (10) എന്നിവരെ രാജ് ബവ പുറത്താക്കി. 10 റൺസെടുത്ത അലെക്സ് ഹോർറ്റോണെ കൗശൽ താംബെയും തിരിച്ചയച്ചു. ഇതോടെ ഏഴു വിക്കറ്റിന് 91 റൺസ് എന്ന നിലയിലായി ഇംഗ്ലണ്ട്.
പിന്നീട് എട്ടാം വിക്കറ്റിൽ ജെയിംസ് റ്യൂവും ജെയിംസ് സെയ്ൽസും ഒത്തുചേർന്നു. ഇരുവരും 93 റൺസ് കൂട്ടുകെട്ടുണ്ടാക്കി. സെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന റ്യൂവിനെ പുറത്താക്കി രവി കുമാർ ഈ കൂട്ടുകെട്ട് പൊളിച്ചു. 116 പന്തിൽ 12 ഫോറിന്റെ അകമ്പടിയോടെ റ്യൂ 95 റൺസ് അടിച്ചെടുത്തു. പിന്നാലെ ക്രീസിലെത്തിയ തോമസ് അസ്പിൻവാൾ (0) നേരിട്ട രണ്ടാം പന്തിൽ പുറത്തായി. രവി കുമാറിന്റെ പന്തിൽ ദിനേശ് ബന ക്യാച്ചെടുത്തു. അടുത്തത് ജോഷ്വാ ബെയ്ഡന്റെ ഊഴമായിരുന്നു. ഒരു റണ്ണെടുത്ത ബെയ്ഡനെ രാജ് ബവ, ദിനേശ് ബനയുടെ കൈയിലെത്തിച്ചതോടെ ഇംഗ്ലണ്ട് ഇന്നിങ്സിന് തിരശ്ശീല വീണു. 65 പന്തിൽ 34 റൺസോടെ ജെയിംസ് സെയ്ൽസ് പുറത്താകാതെ നിന്നു.