ലൈംഗിക പീഡന പരാതി:ബാലചന്ദ്രകുമാറിനെതിരെ പോലീസ് കേസെടുത്തു
കൊച്ചി: ദിലീപിനെതിരെ (Dileep) ഗൂഢാലോചന ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ (Director Balachandrakumar) പീഡന പരാതിയിൽ പൊലീസ് കേസ് എടുത്തു. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ഇന്ന് രാവിലെയാണ് കൊച്ചി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും ഇവർ പറയുന്നു.
അതേ സമയം ദിലീപിനെതിരെ കൂടുതൽ വെളിപ്പെടുത്തലുകളാണ് ഇന്ന് സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയത്. ദിലീപിനെതിരെ പുതിയ ശബ്ദരേഖ ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടു. ദിലീപും സഹോദരൻ അനൂപും ചേര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥരെ തെളിവില്ലാതെ എങ്ങനെ കൊല്ലാമെന്ന് ഗൂഢാലോചന നടത്തുന്നതാണ് ശബ്ദരേഖയിലുള്ളതെന്ന് ബാലചന്ദ്രകുമാര്‍ പറഞ്ഞു. മറ്റന്നാള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയാനിരിക്കെയാണ് ശബ്ദസംഭാഷണങ്ങള്‍ പുറത്തുവരുന്നത്.