ബോസ്റ്റൺ: ലോകകപ്പിൽ സമനിലക്കളി. ഇംഗ്ലണ്ടും ഘാനയും തമ്മിലുള്ള മത്സരം സമനിലയിൽ അവസാനിച്ചു. ഇരുടീമുകൾക്കും ഗോൾ നേടാനായില്ല. ഇംഗ്ലണ്ടിനും ഘാനയ്ക്കും രണ്ട് മത്സരങ്ങളിൽ നിന്ന് നാലുപോയന്റുണ്ട്. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് ക്രൊയേഷ്യയെ പരാജയപ്പെടുത്തിയപ്പോൾ ഘാന പാനമയെ കീഴടക്കി.
ജയം തുടരുകയെന്ന ലക്ഷ്യം മുൻനിർത്തിയാണ് ഇംഗ്ലണ്ടും ഘാനയും കളത്തിലിറങ്ങിയതെങ്കിലും കാര്യമായ മുന്നേറ്റങ്ങൾ നടത്താൻ ഇരുടീമുകൾക്കും ആയില്ല. താരതമ്യേന വിരസമായിരുന്നു ആദ്യപകുതി. ചെറിയ മുന്നേറ്റങ്ങൾ ഇംഗ്ലണ്ട് നടത്തിയെങ്കിലും ഗോളിലെത്തിക്കാനായില്ല. ഇംഗ്ലണ്ടാണ് പന്ത് കൈവശം വെച്ച് കളിച്ചത്. ഘാനയാകട്ടെ കിട്ടിയ അവസരങ്ങളിൽ മുന്നേറി. ഡെക്ലൻ റൈസ് പലുകുറി ഗോൾമുഖം വിറപ്പിച്ചു. ജൂഡ് ബെല്ലിങ്ങാമിന് മികച്ച അവസരം കിട്ടിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. ആദ്യ പകുതി ഗോൾരഹിതമായാണ് അവസാനിച്ചത്.
രണ്ടാം പകുതിയിൽ ഗോളടിക്കാൻ ഇംഗ്ലണ്ട് മുന്നേറ്റങ്ങൾ ശക്തമാക്കി. ആന്റണി ഗോർഡനും നോനി മദുവെകെയും മികച്ച നീക്കങ്ങളിലൂടെ കളംനിറഞ്ഞു. ഇംഗ്ലണ്ട് കൂടുതൽ നേരം പന്ത് കൈവശംവെച്ച് കളിച്ചെങ്കിലും ഗോൾ പിറന്നില്ല. ഇംഗ്ലണ്ടിന്റെ മുന്നേറ്റങ്ങളെ ഘാന കൃത്യമായി പ്രതിരോധിച്ചു. അതോടെ തോമസ് ടുഷേലും സംഘവും നിരാശയോടെ മടങ്ങി. ബുകായെ സാക്ക,എസെ എന്നിവരെ കളത്തിലിറക്കിയെങ്കിലും ഗോളിന് വഴിയൊരുക്കാൻ സാധിച്ചതുമില്ല. ഹാരി കെയ്‌നിന് മികച്ച അവസരം ലഭിച്ചെങ്കിലും നഷ്ടപ്പെടുത്തി. അവസാന നിമിഷം വരെ ഇംഗ്ലണ്ട് ഗോളിനായി ആഞ്ഞുശ്രമിച്ചെങ്കിലും നടന്നില്ല. ഒടുക്കം മത്സരം ഗോൾരഹിതസമനിലയിൽ കലാശിച്ചു.


