കൊളംബോ: ടി20 ലോകകപ്പിൽ സെമിയിൽ കടക്കുന്ന ആദ്യ ടീമായി ഇംഗ്ലണ്ട്. സൂപ്പർ എട്ട് മത്സരത്തിൽ പാകിസ്താനെ കീഴടക്കിയാണ് ഇംഗ്ലണ്ട് സെമി ടിക്കറ്റെടുത്തത്. രണ്ട് വിക്കറ്റിനാണ് ടീമിന്റെ ജയം. പാകിസ്താൻ ഉയർത്തിയ 165 റൺസ് വിജയലക്ഷ്യം എട്ട് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ഇംഗ്ലണ്ട് മറികടന്നു. ഇംഗ്ലണ്ടിനായി ഹാരി ബ്രൂക്ക് സെഞ്ചുറിയോടെ തിളങ്ങി. തോൽവിയോടെ പാകിസ്താന്റെ സെമി സാധ്യതകൾക്ക് കനത്ത തിരിച്ചടിയേറ്റു. രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു പോയന്റ് മാത്രമാണ് പാകിസ്താനുള്ളത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് ആദ്യ പന്തിൽ തന്നെ തിരിച്ചടി നേരിട്ടു. ഫിൽ സാൾട്ടിനെ പുറത്താക്കി ഷഹീൻ അഫ്രീദി പാകിസ്താന് ഗംഭീര തുടക്കം സമ്മാനിച്ചു. പിന്നാലെ ജോസ് ബട്‌ലറെയും കൂടാരം കയറ്റി ഷഹീൻ ഇംഗ്ലീഷ് നിരയെ പ്രതിരോധത്തിലാക്കി. 17-2 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. എന്നാൽ വൺഡൗണായിറങ്ങിയ ബ്രൂക്ക് നിലയുറപ്പിച്ചതോടെ ഇംഗ്ലണ്ട് പതിയെ കരകയറി. വന്നവരെല്ലാം നിരനിരയായി മടങ്ങിയപ്പോഴും ബ്രൂക്ക് പിടികൊടുത്തില്ല. ജേക്കബ് ബെത്തൽ(8), ടോം ബാന്റൺ(2) എന്നിവരും നിരാശപ്പെടുത്തി. ഏറെക്കുറെ ഒറ്റയ്ക്കാണ് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. 58-4 എന്ന നിലയിൽ നിന്ന് ബ്രൂക്ക് ടീമിനെ കരകയറ്റി.
പാക് ബൗളർമാരെ പ്രഹരിച്ച ബ്രൂക്ക് വെടിക്കെട്ട് നടത്തിയതോടെ സ്‌കോർ ഉയർന്നു. 10-ാം ഓവറിൽ താരം അർധസെഞ്ചുറി തികച്ചു. 28 പന്തിൽ നിന്നാണ് താരത്തിന്റെ ഫിഫ്റ്റി. 11-ാം ഓവറിൽ 17 റൺസാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. സ്‌കോർ 103 ൽ നിൽക്കേ സാം കറൻ(16) മടങ്ങി. പിന്നീട് വിൽ ജാക്‌സുമൊത്താണ് ബ്രൂക്ക് ഇംഗ്ലീഷ് ഇന്നിങ്‌സ് മുന്നോട്ടുനയിച്ചത്. ഇരുവരും മികച്ച കൂട്ടുകെട്ട് പടുത്തുയർത്തിയതോടെ ഇംഗ്ലണ്ട് വിജയത്തോടടുത്തു. പിന്നാലെ ബ്രൂക്ക് സെഞ്ചുറി തികച്ചു. അമ്പത് പന്തിൽ നിന്നാണ് സെഞ്ചുറി. അടുത്ത പന്തിൽ താരം പുറത്താവുകയും ചെയ്തു. 10 ഫോറുകളും നാല് സിക്‌സറുകളും അടക്കം 100 റൺസെടുത്താണ് ബ്രൂക്ക് മടങ്ങിയത്. പിന്നാലെ വിൽ ജാക്‌സും(28) ഓവർടണും(0) പുറത്തായി. എന്നാൽ ഫോറടിച്ച് ജൊഫ്ര ആർച്ചർ ടീമിന് ജയവും സെമി ടിക്കറ്റും സമ്മാനിച്ചു.
ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിൽ 164 റൺസാണെടുത്തത്. ഓപ്പണർ സഹിബ്‌സാദ ഫർഹാന്റെ അർധസെഞ്ചുറിയാണ് പാകിസ്താന് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്. ഫർഹാൻ 45 പന്തിൽ നിന്ന് 63 റൺസെടുത്തു. തുടക്കത്തിൽ തന്നെ തകർച്ച നേരിട്ട പാകിസ്താന് ഫർഹാനാണ് രക്ഷയായത്. ബാബർ അസം, ഫഖർ സമാൻ എന്നിവരുമായി ചേർന്ന് ഫർഹാൻ പടുത്തുയർത്തിയ കൂട്ടുകെട്ടുകളാണ് ടീമിനെ കരകയറ്റിയത്. ബാബർ അസം(25), ഫഖർ സമാൻ(25), ശദബ് ഖാൻ(23) എന്നിവരും പാക് സ്‌കോറിലേക്ക് സംഭാവന നൽകി. മറ്റുള്ളവർക്ക് ഇംഗ്ലീഷ് ബൗളർമാർക്ക് മുന്നിൽ പിടിച്ചുനിൽക്കാനായില്ല. ഇംഗ്ലീഷ് നിരയിൽ മൂന്ന് വിക്കറ്റെടുത്ത ലിയാം ഡോസൺ തിളങ്ങി. ജൊഫ്ര ആർച്ചർ, ജാമി ഓവർടൺ എന്നിവർ രണ്ട് വീതം വിക്കറ്റെടുത്തു.
England became the first team to qualify for the T20 World Cup semifinals after a thrilling two-wicket victory over Pakistan in their Super Eight clash. Chasing a target of 165, England reached the goal in 19.1 overs with the loss of eight wickets. Harry Brook was the star of the match, scoring a sensational century. With this defeat, Pakistan’s semifinal hopes have suffered a massive blow, as they currently hold only one point from two matches.

