മെക്സിക്കോയെ വീഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടറിൽ, ഇനി പോര് നോർവെക്കെതിരെ

ഒന്നര മിനിറ്റിൽ കഥ മാറി; മെക്സിക്കോയെ കണ്ണീരിലാഴ്ത്തി ഇംഗ്ലണ്ട് ക്വാർട്ടറിൽ, നേരിടുക നോർവെയെ

മെക്‌സിക്കോ സിറ്റി: ബെല്ലിങ്ഹാമിന്റെ ഒന്നര മിനിറ്റിനിടെയുള്ള രണ്ടു ഗോളുകൾ. അതും അതുവരെയുള്ള കളിയുടെ ഗതിക്ക് വിപരീതമായി. പിറകെ പെനാൽറ്റിക്ക് പെനാൽറ്റി കൊണ്ട് മറുപടി. ഒരു ഘട്ടത്തിൽ ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തായിട്ടും പത്തുപേരുമായി ഇംഗ്ലണ്ട് നടത്തിയ പോരാട്ടവീര്യം… ലോകകപ്പിലെ ഏറ്റവും ആവേശം നിറച്ച മത്സരത്തിൽ മെക്സിക്കോയ്ക്കെതിരെ ഇംഗ്ലണ്ടിന് തകർപ്പൻ ജയം. അസ്റ്റെക്ക സ്റ്റേഡിയത്തെ പ്രകമ്പനംകൊള്ളിച്ച മത്സരത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളുകൾക്കാണ് ഇംഗ്ലണ്ടിന്റെ ജയം. ഇതോടെ ക്വാർട്ടറിലേക്ക് മുന്നേറിയ ഇംഗ്ലണ്ടിന് നോർവേയെയാണ് അവിടെ നേരിടേണ്ടിവരിക. ആതിഥേയരായ മെക്സിക്കോയ്ക്ക് തലയുയർത്തിത്തന്നെ ലോകകപ്പിൽനിന്ന് മടങ്ങാം. 

മത്സരത്തിൽ മെക്സിക്കോ ആധിപത്യം പുലർത്തുന്നതിനിടെ തകർപ്പൻ കൗണ്ടർ അറ്റാക്കിൽനിന്നാണ് ഇംഗ്ലണ്ടിന്റെ ആദ്യ ഗോൾ. ഡെക്ലാൻ റൈസ് വലതുവശത്തുകൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ പന്ത് ബുക്കായോ സാക്കയ്ക്ക് നൽകി. സാക്ക ബോക്സിലേക്ക് നൽകിയ ക്രോസ്, കൃത്യസമയത്ത് ഓടിയെത്തിയ ബെല്ലിങ്ഹാം ഹെഡറിലൂടെ മെക്സിക്കൻ ഗോൾകീപ്പർ റൌൾ റംഗേലിനെ മറികടന്ന് വലയിലെത്തിച്ചു (1-0).

ആദ്യഗോളിന്റെ ഞെട്ടൽ മാറുംമുൻപുതന്നെ മെക്സിക്കോയ്ക്ക് അടുത്ത പ്രഹരം കിട്ടി. രണ്ടുമിനിറ്റിനുള്ളിൽ ബെല്ലിങ്ഹാം തന്റെ രണ്ടാംഗോളും നേടി. ഇത്തവണ ക്യാപ്റ്റൻ ഹാരി കെയ്‌ന്റെ വകയായിരുന്നു അസിസ്റ്റ്. കെയ്ൻ നൽകിയ പാസ് സ്വീകരിച്ച്, ഗോൾപോസ്റ്റിന് തൊട്ടടുത്തുനിന്ന് ബെല്ലിങ്ഹാം പന്ത് വലയുടെ ടോപ്പ് ലെഫ്റ്റ് കോർണറിലേക്ക് അടിച്ചുകയറ്റി (2-0). ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാത്ത മെക്സിക്കോയ്ക്ക് ഒന്നര മിനിറ്റിനിടെ ഏറ്റത് രണ്ട് ഗോളുകൾ.

രണ്ടുമിനിറ്റിനുള്ളിൽ മെക്സിക്കോ മറുപടിയായി തങ്ങളുടെ ആദ്യ ഗോൾ കണ്ടെത്തി. റോബർട്ടോ അൽവരാഡോ എടുത്ത ഫ്രീകിക്ക് ഇംഗ്ലണ്ട് ബോക്സിലേക്ക് ഉയർന്നുവന്നു. ബോക്സിനുള്ളിലെ തട്ടിമറിയിലൂടെ പന്ത് നേരെ ക്വിനോനസിന്റെ മുന്നിലേക്ക്. ഒട്ടും സമയംകളയാതെ ബോക്സിന്റെ നടുവിൽനിന്ന് ക്വിനോനസ് തൊടുത്ത തകർപ്പൻ വോളി, ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ക്ഫോർഡിന് മുകളിലൂടെ വലയുടെ മധ്യഭാഗത്തേക്ക് തുളച്ചുകയറി (2-1). തുടർന്ന് ആദ്യപകുതിയുടെ അവസാന നിമിഷങ്ങളിൽ മെക്സിക്കോ സമനിലയ്ക്കായി സർവശക്തിയുമെടുത്ത് പോരാടിയെങ്കിലും പിക്ക്ഫോർഡിന്റെ തകർപ്പൻ സേവുകൾ ഇംഗ്ലണ്ടിന്റെ ലീഡ് നിലനിർത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ ഇംഗ്ലണ്ടിന് കനത്ത തിരിച്ചടിയായി ക്വാൻസ ചുവപ്പ് കാർഡ് കണ്ട് പുറത്തുപോയി. ഇതോടെ ടീം 10 പേരായി ചുരുങ്ങിയിട്ടും വീണ്ടുമൊരു തിരിച്ചടി നൽകി. വിങ്ങർ ആന്റണി ഗോർഡനെ ബോക്സിനുള്ളിൽ വീഴ്ത്തിയതിന് ഇംഗ്ലണ്ടിന് അനുകൂലമായി ലഭിച്ച പെനാൽറ്റി ക്യാപ്റ്റൻ ഹാരി കെയ്ൻ ലക്ഷ്യത്തിലെത്തിച്ചതോടെ ഇംഗ്ലണ്ട് 3-1 ന് മുന്നിലെത്തി. ഇതിനിടെ ഹാരി കെയിന് മഞ്ഞക്കാർഡും ലഭിച്ചു. എന്നാൽ അപ്പോഴും പോരാട്ടവീര്യം കൈവിടാൻ മെക്സിക്കോ തയ്യാറായില്ല. അധികം വൈകാതെ ബോക്സിനുള്ളിലെ ഫൗളിന് വാർ പരിശോധനയിലൂടെ മെക്സിക്കോയ്ക്ക് അനുകൂലമായി പെനാൽറ്റി വിധിച്ചു. കിക്കെടുത്ത റൗൾ ജിമെനെസ് പന്ത് വലയിലാക്കിയതോടെ സ്‌കോർ 3-2 ആയി മാറി. തുടർന്ന് മെക്സിക്കോ നിരന്തരമായി പരിശ്രമിച്ചെങ്കിലും ഇംഗ്ലണ്ട് കോട്ടകെട്ടി പ്രതിരോധിച്ചു. 

ചരിത്രമുറങ്ങുന്ന ആസ്റ്റക്ക സ്‌റ്റേഡിയത്തിൽ ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ നടക്കാനിരുന്ന മത്സരം ഒരുമണിക്കൂർ ൈവകിയാണ് ആരംഭിച്ചത്. മഴയും കനത്ത മിന്നലും മൂലമുള്ള പ്രതികൂല കാലാവസ്ഥ കാരണം മത്സരം ആരംഭിക്കാൻ ഒരു മണിക്കൂർ വൈകി. ഇന്ത്യൻ സമയം രാവിലെ 6.30-നാണ് മത്സരം തുടങ്ങിയത്.

സ്റ്റേഡിയത്തിന് സമീപമുള്ള മിന്നൽ സാധ്യതയും പ്രതികൂല കാലാവസ്ഥയും കണക്കിലെടുത്ത് താരങ്ങളുടെയും ആരാധകരുടെയും സുരക്ഷ മുൻനിർത്തിയാണ് കിക്കോഫ് സമയം മാറ്റിയതെന്ന് ഫിഫ അറിയിച്ചു.

ഈ ടൂർണമെന്റിൽ ഇതുവരെ ഒരു ഗോൾ പോലും വഴങ്ങാതെയാണ് മെക്‌സിക്കോ എത്തിയത്. ഗ്രൂപ്പ് ഘട്ടത്തിലും ആദ്യ നോക്കൗട്ട് മത്സരത്തിലും അവർ ആധികാരിക ജയം നേടിയിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News