‘പാറ്റകളുടെ’ സമരം 16 ദിവസം പിന്നിട്ടു; വാങ്ചുക്കിന്റെ ശരീരഭാരം കുറഞ്ഞു കേന്ദ്രത്തിന് കുലുക്കമില്ല

‘പാറ്റകളുടെ’ സമരം 16 ദിവസം പിന്നിട്ടു; കേന്ദ്രത്തിന് കുലുക്കമില്ല; വാങ്ചുക്കിന്റെ ശരീരഭാരം കുറഞ്ഞു

ന്യൂഡൽഹി: ചോദ്യച്ചോർച്ച ഉൾപ്പെടെയുള്ള പരീക്ഷാ ക്രമക്കേടുകളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയാവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.)നടത്തുന്ന സമരം 16 ദിവസം പിന്നിടുമ്പോഴും കേന്ദ്രത്തിന് കുലുക്കമില്ല. ജന്തർമന്തറിലെ സി.ജെ.പി.യുടെ സമരവേദിയിൽ എട്ടുദിവസമായി നിരാഹാരസത്യാഗ്രഹം തുടരുന്ന സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്കിന്റെ ശരീരഭാരം ആറ് കിലോഗ്രാം കുറഞ്ഞു.

നീറ്റ് ചോദ്യച്ചോർച്ചയെത്തുടർന്ന് ആത്മഹത്യചെയ്ത ഉത്തരാഖണ്ഡിലെ റിയാ കുമാരിയുടെ പിതാവും കാർഗിൽ യുദ്ധ പോരാളിയുമായ മുൻസൈനികൻ രാജേഷ് ഥാപ്പയും ഞായറാഴ്ച സമരത്തിന് പിന്തുണയുമായെത്തി. വിദ്യാഭ്യാസ സമ്പ്രദായത്തിലെ പിഴവാണ് മകളുടെ മരണകാരണമെന്ന് ഥാപ്പ പറഞ്ഞു. മറ്റൊരു കുടുംബത്തിനും ഈ അവസ്ഥയുണ്ടാവാതിരിക്കാനാണ് ഇവിടെയെത്തിയതെന്നും അദ്ദേഹം വ്യക്തമാക്കി.

മന്ത്രി പ്രധാൻ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സി.ജെ.പി. നേതാവ് അഭിജീത് ദീപ്‌കെയും സോനം വാങ്ചുക്കും ആവർത്തിച്ചു. സമരക്കാരുടെ ശബ്ദത്തെ എത്രനാൾ അവഗണിക്കാനാകുമെന്ന് ദീപ്‌കെ ചോദിച്ചു. വാങ്ചുക്കിനെപ്പോലെ ജീവിതം രാജ്യത്തിനായി സമർപ്പിച്ച വ്യക്തി ഭക്ഷണം കഴിക്കാതിരിക്കുമ്പോൾ സർക്കാരിൽനിന്ന് മറുപടി ലഭിക്കേണ്ടതാണെന്നും ദീപ്‌കെ പറഞ്ഞു.

സമരത്തെ പിന്തുണച്ച് വിവിധ സ്ഥലങ്ങളിൽനിന്നുള്ളവരും ചെറുസംഘടനകളും എത്തുന്നുണ്ട്. ഇടത് വിദ്യാർഥി സംഘടനയായ ഐസയുടെ ആറ് നേതാക്കളും തൊട്ടടുത്തുള്ള സമരവേദിയിൽ നിരാഹാര സമരം തുടരുന്നുണ്ട്. ഇതിൽ ജെ.എൻ.യു. വിദ്യാർഥി യൂണിയൻ ജോയിന്റ് സെക്രട്ടറി ഡാനിഷ് അലിയുടെ ആരോഗ്യനില മോശമായതിനെത്തുടർന്ന് ശനിയാഴ്ച ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News