ദോഹ: ലോകകപ്പ് ഫുട്ബോളില്‍ വെയ്ല്‍സിനെ വീഴ്ത്തി ഇംഗ്ലണ്ടും ഇറാനെ മറികടന്ന് യുഎസ്എയും പ്രീ ക്വാര്‍ട്ടറിലെത്തി. വെയില്‍സിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മറികടന്ന ഇംഗ്ലണ്ട് ഗ്രൂപ്പ് ചാമ്പ്യന്‍മാരായി പ്രീ ക്വാര്‍ട്ടറിലെത്തിയപ്പോള്‍ ഇറാന്‍റെ കനത്ത വെല്ലുവിളി മറികടന്ന് ഒരു ഗോള്‍ ജയവുമായാണ് യുഎസ്എ രണ്ടാം സ്ഥാനക്കാരായി ബി ഗ്രൂപ്പില്‍ നിന്ന് പ്രീ ക്വാര്‍ട്ടറിലെത്തിയത്. ഏഴ് പോയന്‍റുള്ള ഇംഗ്ലണ്ടാണ് ഗ്രൂപ്പ് ചാമ്പ്യന്‍മാര്‍. അഞ്ച് പോയന്‍റുമായി യുഎസ്എ രണ്ടാം സ്ഥാനത്തെത്തി.
വെയ്ല്‍സിനെതിരെ ഗോള്‍രഹിതമായ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയില്‍ രണ്ട് മിനിറ്റിന്‍റെ ഇടവേളയില്‍ രണ്ട് ഗോളടിച്ചാണ് ഇംഗ്ലണ്ട് ആധികാരിക ജയവുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. ഇഗ്ലണ്ടിനായി മാര്‍ക്കസ് റാഷ്ഫോര്‍ഡ് രണ്ട് ഗോള്‍ നേടിയപ്പോള്‍ ഫില്‍ ഫോഡന്‍റെ വകയായിരുന്നു മൂന്നാം ഗോള്‍. ഇറാനെതിരെ ആദ്യ പകുതിയില്‍ ക്രിസ്റ്റ്യന്‍ പുലിസിച്ച് നേടിയ ഗോളിലാണ് യുഎസ്എ ജയിച്ചു കയറിയത്. പ്രീ ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് എ ഗ്രൂപ്പ് റണ്ണറപ്പുകളായ സെനഗലിനെ നേടിരുമ്പോള്‍ എ ഗ്രൂപ്പ് ചാമ്പ്യന്‍മാരായ നെതര്‍ലന്‍ഡ്സാണ് യുഎസ്എയുടെ പ്രീ ക്വാര്‍ട്ടര്‍ എതിരാളികള്‍.
തുല്യശക്തികളുടെ പോരാട്ടം കണ്ട ആദ്യ പകുതിയില്‍ പത്താം മിനിറ്റില്‍ ഇംഗ്ലണ്ടിനാണ് ആദ്യ അവസരം ഒരുങ്ങിയത്. ഹാരി കെയ്നിന്‍റെ പാസില്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡിന് നല്‍കിയ തുറന്ന അവസരം പക്ഷെ വെയ്ല്‍ ഗോള്‍ കീപ്പര്‍ വാര്‍ഡിന്‍റെ മുന്നോട്ടുള്ള കുതിപ്പില്‍ വിഫലമായി.തുടക്കം മുതല്‍ പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നെങ്കിലും കളിയുടെ വേഗം കൂട്ടാന്‍ അവര്‍ക്കായില്ല.പതിനെട്ടാം മിനിറ്റില്‍ ബോക്സിന് പുറത്ത് ഇംഗ്ലണ്ടിന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും ഒന്നും സംഭവിച്ചില്ല.ആദ്യ 20 മിനിറ്റ് ഇരുഭാഗത്തു നിന്നും കാര്യമായ ആക്രമണ നീക്കങ്ങളൊന്നും ഉണ്ടാവഞ്ഞതോടെ മത്സരം വിരസമായി.ആദ്യ അര മണിക്കൂറില്‍ 76 ശതമാനം പന്ത് ഇംഗ്ലണ്ടിന്‍റെ കാലിലായിരുന്നു.38ാം മിനിറ്റില്‍ ലീഡെടുക്കാന്‍ ഫോഡന് അവസരം ലഭിച്ചെങ്കിലും നേരിയ വ്യത്യാസത്തില്‍ പന്ത് പുറത്തുപോയി.39-ാം മിനിറ്റില്‍ ഹെന്‍ഡേഴ്സന്‍റെ ക്രോസില്‍ ഡിഫ്ലക്ട് ചെയ്തുവന്ന പന്തില്‍ റാഷ്ഫോര്‍ഡ് റിച്ചാര്‍ലിസണെപ്പോലെ ഓവര്‍ഹെഡ് കിക്കെടുക്കാന്‍ ശ്രമിച്ചെങ്കിലും പുറത്തേക്ക് പോയി.
എന്നാല്‍ ആദ്യ പകുതിയില്‍ കണ്ട ഇംഗ്ലണ്ടിനെയല്ല രണ്ടാം പകുതിയില്‍ കണ്ടത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ബോക്സിന് പുറത്ത് ഫില്‍ ഫോഡനെ വീഴ്ത്തിയതിന് ലഭിച്ച ഫ്രീകിക്കില്‍ നിന്ന് മാര്‍ക്കസ് റാഷ്ഫോര്‍ഡ് ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. 50-ാം മിനിറ്റില്‍ ലീഡെടുത്ത ഇംഗ്ലണ്ടിന്‍റെ രണ്ടാം ഗോളിന് ഒരുമിനിറ്റിന്‍റെ ഇടവേളയെ ഉണ്ടായിരുന്നുള്ളു. ഹാരി കെയ്ന്‍ തളികയിലെന്നവണ്ണം നല്‍കിയ ക്രോസില്‍ ഫില്‍ ഫോഡന്‍റെ മനോഹര ഫിനിഷിംഗ്. ഇംഗ്ലണ്ട് രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോള്‍ നേടി 2-0ന് മുന്നിലെത്തി. രണ്ട് ഗോള്‍ വീണതോടെ വെയ്ല്‍സ് ഉണര്‍ന്നു. തൊട്ടുപിന്നാലെ ഇംഗ്ലണ്ട് ബോക്സില്‍ തുടര്‍ച്ചയായി രണ്ട് അവസരങ്ങള്‍ വെയ്ല്‍സിന് നഷ്ടമായി. എന്നാല്‍ ആക്രമണം മറക്കാതിരുന്ന ഇംഗ്ലണ്ട് 68-ാം മിനിറ്റില്‍ റാഷ്ഫോര്‍ഡിലൂടെ വീണ്ടും ലീഡുയര്‍ത്തി.
വാശിയേറിയ മറ്റൊരു പോരാട്ടത്തില്‍ ഇറാന്‍റെ വെല്ലുവിളി അതിജീവിച്ചാണ് അമേരിക്ക പ്രീ ക്വാര്‍ട്ടറിലെത്തിയത്. തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടി. മൂന്നാം മിനിറ്റില്‍ യുഎസ് ബോക്സിന് പുറത്ത് ഇറാന് അനുകൂലമായി ഫ്രീ കിക്ക് ലഭിച്ചെങ്കിലും അപകടമൊഴിവാക്കി യുഎസ് രക്ഷപ്പെട്ടു.പതിനാറാം മിനിറ്റില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ മികവ് തിമോത്തി വിയക്ക് ഉറപ്പായൊരു ഗോള്‍ നിഷേധിച്ചു. ആദ്യ 20 മിനിറ്റില്‍ആക്രമണങ്ങള്‍ നയിച്ചത് യുഎസ് ആയിരുന്നെങ്കിലും ഫിനിഷിംഗിലെ പോരായ്മ അവര്‍ക്ക് തിരിച്ചടിയായി.21-ാം മിനിറ്റില്‍ മുന്നിലെത്താന്‍ ഇറാന് അവസരം ലഭിച്ചെങ്കിലും അസമൗണിന്‍റെ ഉറച്ച ഗോളവസരം ടിം റീം നിഷ്ഫലമാക്കി.
ആദ്യ അരമണിക്കൂറിനുശേഷം സമ്മര്‍ദ്ദമുയര്‍ത്തിയ യുഎസ് തുടര്‍ച്ചയായി കോര്‍ണറുകള്‍ നേടി. ഇതിനിടെ തിമോത്തി വിയ ഇറാന്‍ വലയില്‍ പന്തെത്തിച്ചെങ്കിലും ഓഫ് സൈഡായി. 38ാം മിനിറ്റില്‍ യുഎസിന്‍റെ സമ്മര്‍ദ്ദത്തിന് ഫലം കണ്ടു. കോര്‍ണറില്‍ നിന്ന് ഇറാന്‍ ഗോള്‍ കീപ്പര്‍ അലിറേസയെ മറികടന്ന് ക്രിസ്റ്റ്യന്‍ പുലിസിച്ച് യുഎസിനെ മുന്നിലെത്തിച്ചു. ഗോള്‍ നേടാനുള്ള ശ്രമത്തില്‍ ഇറാന്‍ ഗോള്‍ കീപ്പറുടെ കാല് തലയില്‍ കൊണ്ട് പുലിസിച്ചിന് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ഗ്രൗണ്ട് വിട്ട പുലിസിച്ച് അഞ്ച് മിനിറ്റിന് ശേഷം തിരിച്ചെത്തി.
രണ്ടാം പകുതിയില്‍ സമനില ഗോള്‍ കണ്ടെത്താന്‍ ഇറാന്‍ ആക്രമണം കനപ്പിച്ചതോടെ മത്സരം ആവേശകരമായി.എന്നാല്‍ ഫിനിഷിംഗിലെ പിഴവ് ഇറാന് തിരിച്ചടിയായി.ഇഞ്ചുറി ടൈമില്‍ ലഭിച്ച സുവര്‍ണാവസരം ഇറാന് നഷ്ടമായി. ബോക്സില്‍ ഇറാന്‍ മുന്നേറ്റനിരതാരത്തെ വീഴ്ത്തിയെന്ന് ആരോപിച്ച് പെനല്‍റ്റിക്കായി ഇറാന്‍ താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. രണ്ടാം പകുതിയില്‍ ലഭിച്ച സുവര്‍ണാവസരങ്ങള്‍ ഇറാന്‍ മുന്നേറ്റ നിര പാഴാക്കിയതോടെ വിജയവുമായി യുഎസ്എ പ്രീ ക്വാര്‍ട്ടറിലേക്ക് ടിക്കറ്റെടുത്തു.