ബീനീഷിന്റെ ഭാര്യയെ കാണണമെന്ന ആവശ്യവുമായി ബന്ധുക്കള്‍; വീടിനു മുന്നില്‍ നാടകീയ രംഗങ്ങള്‍

തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് പരിശോധന തുടരുന്ന ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരത്തെ വീട്ടില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ബിനീഷിന്റെ ഭാര്യ റിനീറ്റയെ കാണണമെന്ന് ആവശ്യപ്പെട്ടാണ് ബന്ധുക്കള്‍ ഇവിടെ എത്തിയത്. എന്നാല്‍ ഇവരെ കര്‍ണാടക പോലീസും സിആര്‍പിഎഫും തടഞ്ഞു. റിനീറ്റയും കുഞ്ഞും ഭക്ഷണം കഴിച്ചിട്ടില്ലെന്നും അവര്‍ക്ക് എന്തു സംഭവിച്ചെന്ന് അറിയണമെന്നും ബീനീഷിന്റെ ബന്ധുക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, റിനീറ്റയ്ക്ക് ആരെയും കാണാന്‍ താത്പര്യമില്ലെന്ന് പോലീസ് ബന്ധുക്കളെ അറിയിച്ചു. എന്നാല്‍ റിനീറ്റ അങ്ങനെ പറയില്ലെന്നും അവരെ കാണാതെ പോകില്ലെന്നുമുള്ള നിലപാടിലാണ് ബന്ധുക്കള്‍. റിനീറ്റയെ വീട്ടുതടങ്കലിലാക്കിയെന്നും ബന്ധുക്കള്‍ ആരോപിച്ചു.

നേരത്തെ ബിനീഷിന്റെ അഭിഭാഷകനെയും വീടിനുള്ളിലേക്ക് ഇഡി കടത്തിവിട്ടിരുന്നില്ല. വീട്ടില്‍ നടത്തിയ പരിശോധനയ്ക്ക് ഒടുവില്‍ മഹസറില്‍ ഒപ്പിടാന്‍ ബിനീഷിന്റെ ഭാര്യ റിനീറ്റ തയാറായില്ല. വീട്ടില്‍ നിന്നും പരിശോധനയില്‍ കണ്ടെടുത്തുവെന്ന് എന്‍ഫോഴ്‌സ്‌മെന്റ് പറയുന്ന ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഇഡി കൊണ്ടുവന്ന് വെച്ചതാണെന്ന് റിനീറ്റ പറയുന്നു.

ഇതേ തുടര്‍ന്നാണ് മഹസറില്‍ ഒപ്പിടാത്തത്. ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രി ഏഴുമണിയോടെ അവസാനിച്ചിരുന്നു. പക്ഷേ ബിനീഷിന്റെ കുടുംബം മഹസറില്‍ ഒപ്പിടാന്‍ തയാറാകാത്തതിനെ തുടര്‍ന്നാണ് ഇഡി വീട്ടില്‍ നിന്ന് മടങ്ങാന്‍ കൂട്ടാക്കാത്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News