കൊച്ചി:ഉന്നത രാഷ്ട്രീയ നേതാക്കളുടെ പങ്ക് വെളിപ്പെടുത്തുന്ന് സ്വപ്നയുടെയും സരിതിൻറെയും രഹസ്യമൊഴികളുടെ പകർപ്പ് ആവശ്യപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കസ്റ്റംസിന് കത്ത് നൽകി. ലൈഫ്മിഷന്‍ കോഴപ്പണം ഡോളറാക്കി കടത്തിയ സംഭവത്തില്‍ ഉന്നതരെ ചോദ്യം ചെയ്യുന്നതിനായി മൊഴി അതാവശ്യമാണെന്ന് ഇ ഡി കത്തില് പറയുന്നു. ഇതിനിടെ ലാവ്ലിന്‍ ഉള്‍പ്പെടെയുള്ള ഇടപാടുകളില്‍ സിപിഎം നേതാക്കള് കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില്‍ ഇഡി ക്രൈം നന്ദകുമാറിന്‍റെ മൊഴിയെടുത്തു.
ലൈഫ് മിഷന്‍ പദ്ധതിയിലെ കോഴ ഇടപാട് സംബന്ധിച്ച് എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് പ്രത്യേകം കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്.കള്ളപ്പണം വെളുപ്പിച്ചതും ഡോളറാക്കി വിദേശത്തേക്ക് കടത്തിയതും അന്വേഷണത്തിന്‍റെ പരിധിയില്‍ വരും. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും സ്പീക്കറും ഉള്‍പ്പെടെയുള്ളവരുടെ പങ്ക് വെളിപ്പെടുത്തുന്ന സ്വപ്നയുടെയും സരിതിന്‍റെയും രഹസ്യമൊഴി പകര്പ്പ് ആവശ്യപ്പെട്ട് ഇഡി കസ്റ്റംസിന് കത്ത് നല്‍കിയത്.
ലൈഫ് മിഷനിലൂടെ ലഭിച്ച കോഴയാണ് ഡോളറായി കടത്തിയത്.ഡോളര്‍ കടത്തിൽ പങ്കുള്ള ഉന്നതരെ ചോദ്യം ചെയ്യുന്നതിന് മുന്പ് മൊഴി പരിശോധിക്കണമെന്നാണ് ഇഡിയുടെ നിലപാട് . ഒരു മാസം മുന്പ് ഇതേ ആവശ്യം ഇഡി ഉന്നയിച്ചിരുന്നു. എന്നാല്‍ ഉന്നത രാഷ്ട്രീയനേതാക്കളുടെ വിവരങ്ങള്‍പുറത്ത് വരുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടി അന്ന് ഈ ആവശ്യം കസ്റ്റംസ് നിരസിക്കുകയായിരുന്നു.
ഇതിനിടെ ക്രൈം പത്രാധിപര്‍ ടിപി നന്ദകുമാറിനെ കൊച്ചിയില്‍ വിളിച്ചുവരുത്തി ഇഡി മൊഴിയെടുത്തു. പിണറായി വിജയന്‍, തോമസ് ഐസക്ക് , എം എ ബേബി എന്നിവര്‍ സാനപ്ത്തിക ക്രമക്കേട് നടത്തിയെന്നും കള്ളപ്പണം വെളുപ്പിച്ചെന്നുമുള്ള പരാതിയിലാണ് നടപടി. ലാവ ലിൻ, സ്വരലയാ, വിഭവ ഭൂപട ഇടപാട് എന്നിവ സംബന്ധിച്ചാണ് പരാതി. ഈ മാസം 16 ന് വീണ്ടും ഹാജരാകന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അന്ന് കൂടുതല്‍ തെളിവുകള്‍ കൈമാറുമെന്നും നന്ദകുമാര്‍ അറിയിച്ചു.
സ്വപ്ന സുരേഷിൻ്റെ രഹസ്യമൊഴി മുൻനിര്‍ത്തി കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ തിരിഞ്ഞ സാഹചര്യത്തിൽ പ്രതിരോധം കടുപ്പിക്കാനൊരുങ്ങി എൽഡിഎഫ്. കസ്റ്റംസിൻ്റെ മേഖല ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫിൻ്റെ നേതൃത്വത്തിൽ മാര്‍ച്ച് നടത്തും. അതേസമയം ഡോളര്‍ കടത്ത് കേസിൽ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശ്രീരാമകൃഷ്ണൻ ചോദ്യം ചെയ്യല്ലിന് ഹാജരാവുമോ എന്ന് വ്യക്തമല്ല.
കസ്റ്റംസിന്‍റെ കേരളത്തിലെ മേഖലാ ഓഫീസുകളിലേക്ക് ഇന്ന് എൽഡിഎഫ് പ്രതിഷേധ പ്രകടനം നടത്തുന്നത്. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ഓഫീസുകളിലേക്കാണ് പ്രതിഷേധം. ഡോളര്‍ കടത്തിൽ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്‍റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എൽഡിഎഫ് ആക്ഷേപം.
തെരഞ്ഞെടുപ്പ് കാലമായതിനാൽ ബിജെപിയും യുഡിഎഫും ഇതു ചര്‍ച്ചയാക്കാനുള്ള സാധ്യത പാര്‍ട്ടി മുൻകൂട്ടി കാണുന്നു. അതിനാൽ തന്നെ കേന്ദ്ര ഏജൻസികൾ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തരത്തിൽ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്. ഇന്ന് നടക്കുന്ന പ്രതിഷേധ മാര്‍ച്ചിൽ നേതാക്കൾ കേന്ദ്ര ഏജൻസികൾക്കെതിരെ ശക്തമായ വിമര്‍ശനം ഉന്നയിക്കാനാണ് സാധ്യത. മുഖ്യമന്ത്രിക്കായി സിപിഎമ്മും എൽഡിഎഫും പ്രതിരോധം തീര്‍ക്കും എന്ന കൃത്യമായ സന്ദേശം നൽകാനാണ് നേതൃത്വം ഉദ്ദേശിക്കുന്നത്.