തിരുവനന്തപുരം: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കുറ്റപത്രം സമര്‍പ്പിച്ചു. ശിവശങ്കറിനെതിരെ ഗുരുതര ആരോപണങ്ങളാണ് കുറ്റപത്രത്തിലുള്ളത്. സ്വര്‍ണക്കടത്തിന്റെ മുഖ്യസൂത്രധാരന്‍ ശിവശങ്കറാണെന്ന് ഇ.ഡി സമര്‍പ്പിച്ച് ആയിരം പേജുള്ള കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
സ്വര്‍ണക്കടത്ത് കേസില്‍ ഇ.ഡി സമര്‍പ്പിക്കുന്ന രണ്ടാമത്തെ കുറ്റപത്രമാണിത്. ശിവശങ്കര്‍ അറസ്റ്റിലായി ചൊവ്വാഴ്ച അറുപത് ദിവസം പൂര്‍ത്തിയാകാനിരിക്കെയാണ് ഇ.ഡിയുടെ നടപടി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ശിവശങ്കര്‍ കള്ളപ്പണം കൈപ്പറ്റിയെന്നും കള്ളക്കടത്തിലൂടെ അനര്‍ഹമായ സ്വത്ത് സമ്പാദിച്ചുവെന്നും കുറ്റപത്രത്തിലുണ്ട്.
കള്ളക്കടത്ത് സംഘത്തിന് ശിവശങ്കര്‍ അറിഞ്ഞുകൊണ്ട് സഹായം ചെയ്തു. ശിവശങ്കറിനെതിരെ ഡിജിറ്റല്‍ തെളിവുകള്‍ ലഭിക്കാനുണ്ടെന്നും ഇ.ഡി പറയുന്നു. കള്ളപ്പണ നിരോധന നിയമത്തിലെ മൂന്ന്, നാല് വകുപ്പുകളാണ് കുറ്റപത്രത്തില്‍ ശിവശങ്കറിനെതിരെ ചുമത്തിയിരിക്കുന്നത്. ഏഴ് മുതല്‍ പന്ത്രണ്ട് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്.