ന്യൂഡൽഹി: ചെക്ക് തട്ടിപ്പുകേസിൽ കേന്ദ്രമന്ത്രിമാരുടെ ഓഫീസ് ജീവനക്കാർ എന്ന് അവകാശപ്പെടുന്നവർ കോടതിയെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് ഹരിയാണയിലെ കുരുക്ഷേത്ര അഡീഷണൽ സെഷൻസ് കോടതിയെ ജഡ്ജി. അനുകൂല ഉത്തരവ് സമ്പാദിക്കാൻതന്നെ നിരന്തരം വിളിച്ചെന്നും സന്ദേശങ്ങൾ അയച്ചെന്നുമാണ് ജഡ്ജി അഷുകുമാർ ജെയിനിന്റെ കോടതി ഉത്തരവിൽത്തന്നെയുള്ള വെളിപ്പെടുത്തൽ.
വിചാരണവേളയിലാണ് ജൂൺ 28-ന് കേന്ദ്ര ഭക്ഷ്യസംസ്കരണമന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയാണെന്ന് പരിചയപ്പെടുത്തി തനിക്ക് ഫോൺ വിളിയെത്തിയതെന്ന് ജഡ്ജി വ്യക്തമാക്കി. അന്ന് ആ നമ്പർ ബ്ലോക്ക് ചെയ്തു. ശേഷം ജൂലായ് ഒന്നിന് നിയമമന്ത്രിയുടെ സെക്രട്ടറി എന്നപേരിൽ വിളിയെത്തി.
ഉത്തരവ് പുറപ്പെടുവിച്ച ജൂലായ് ആറിനുമാത്രം ഏഴുവിളികൾ ലഭിച്ചെന്നും ജഡ്ജി അറിയിച്ചു. സമ്മർദതന്ത്രങ്ങൾ ആവർത്തിച്ചാൽ ഉചിതമായ നടപടിയെടുക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഉത്തരവ് തുടർനടപടികൾക്കായി കുരുക്ഷേത്ര ജില്ലാജഡ്ജിക്ക് അയച്ചു.
എന്നാൽ, തന്റെ ഓഫീസിൽനിന്ന് അത്തരത്തിൽ ഒരു ഫോൺവിളിയും പോയിട്ടില്ലെന്ന് നിയമമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചു. ഹരിയാണ അഗ്രോ ഇൻഡസ്ട്രീസ് കോർപ്പറേഷൻ ലിമിറ്റഡിനെതിരേ ശ്യാം ഓവർസീസ് എന്ന കമ്പനി നൽകിയ ചെക്ക് തട്ടിപ്പുകേസുമായി ബന്ധപ്പെട്ടതാണ് വിവാദം.
ശ്യാംലാൽ, ബീനാദേവി, മോഹിത് ഗാർഗ് എന്നിവരാണ് പ്രതികൾ. മധ്യസ്ഥനടപടികൾ പൂർത്തിയാകുന്നതുവരെ കേസിൽ തുടർനടപടികൾ സ്റ്റേചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഇവർ കോടതിയെ സമീപിച്ചത്.