കൊച്ചി:പിടി തോമസ് എംഎല്‍എയുടെ മരണത്തിലെ ദുഖാചരണത്തിനിടെ ക്രിസ്തുമസ് ആഘോഷവുമായി കാക്കനാട് സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍. സംഭവമറിഞ്ഞ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയതിന് പിന്നാലെ ആഘോഷം നിര്‍ത്തിവച്ചു. കളക്ട്രേറ്റിലെ ട്രെഷറി ജീവനക്കാരാണ് വെള്ളിയാഴ്ച ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്. പിടി തോമസ് എംഎല്എയോടുള്ള ആദരസൂചകമായി വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് തൃക്കാക്കര മണ്ഡലത്തില്‍ അവധി പ്രഖ്യാപിച്ചിരുന്നു.
മണ്ഡലത്തിന്‍റെ പരിധിയിലുള്ള മിക്ക ഓഫീസുകളിലും സ്വമേധയാ ക്രിസ്തുമസ് ആഘോഷം വേണ്ടെന്ന് വയ്ക്കുകയും ചെയ്ത സമയത്താണ് കളക്ട്രേറ്റില്‍ വമ്പിച്ച ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്. കളക്ട്രേറ്റ് സ്റ്റാഫ് കൌണ്‍സിലിന്‍റെ ക്രിസ്തുമസ് ആഘോഷം അടുത്ത ആഴ്ചയിലേക്ക് മാറ്റി വച്ചിരുന്നു. ഇതിനിടയിലും ആഘോഷപരിപാടി നടക്കുന്നതറിഞ്ഞെത്തിയ കോണ്‍ഗ്രസ് മണ്ഡലം നേതാക്കള്‍ പ്രതിഷേധം അറിയിക്കുകയായിരുന്നു.
കരോളും ഗാനമേളയും അടക്കം വിവിധ പരിപാടികളായിരുന്നു ആസൂത്രണം ചെയ്തത്. പ്രമുഖ വയലിന്‍ ആര്‍ട്ടിസ്റ്റിനെയും ചടങ്ങിനെത്തിച്ചിരുന്നു. എന്നാല്‍ പിടി തോമസ് മരിച്ച വ്യാഴാഴ്ച തീരുമാനിച്ച പരിപാടി വെള്ളിയാഴ്ചത്തേക്ക് നീട്ടി വയ്ക്കുകയായിരുന്നുവെന്നാണ് ജീവനക്കാരുടെ ഭാഷ്യം. ഓഫീസ് സമയം കഴിഞ്ഞായിരുന്നു ആഘോഷം നടന്നതെന്നും ജീവനക്കാര്‍ പറയുന്നു.
അതേസമയം,പി ടി തോമസ് എം എൽ എയുടെ മരണത്തിൽ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് രംഗത്ത്. അന്തരിച്ച പി ടി തോമസിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചിലർ അപകീർത്തികരമായ കുറിപ്പുകൾ ഇട്ടിരുന്നു. ഇവർക്കെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം നഹാസാണ് പരാതിയുമായി രംഗത്തെത്തിയത്. പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കാണ് പരാതി നൽകിയത്.ഡിസംബര്‍ 11 രാവിലെ പത്ത് മണിയോടെ തമിഴ്നാട്ടിലെ വെല്ലൂർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് കെപിസിസി വർക്കിംഗ് പ്രസിഡന്‍റും തൃക്കാക്കര എംഎൽഎയുമായ പിടി തോമസ് അന്തരിച്ചത്. അർബുദരോഗബാധിതനായി പിടി തോമസ് ദീർഘകാലമായി ചികിത്സയിലായിരുന്നു. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം.
71 വയസ്സായിരുന്നു. പിടി തോമസിന് അർബുദമായിരുന്നുവെന്ന കാര്യം പാർട്ടിയിലെ സഹപ്രവർത്തകർക്കെല്ലാം അറിയാമായിരുന്നു. എന്നാൽ അദ്ദേഹം തിരിച്ചു വരും എന്നായിരുന്നു എല്ലാവരുടേയും ധാരണ. അദ്ദേഹവും ആ ആത്മവിശ്വാസമാണ് എല്ലാവരുമായി പങ്കുവച്ചതും. ആരോഗ്യപരമായ ചില പ്രശ്നങ്ങളാൽ അദ്ദേഹത്തിന് കീമോതെറാപ്പി നടത്താൻ ചില ബുദ്ധിമുട്ടുകളുണ്ടായിരുന്നു. ഇതല്ലാതെ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ പിടിക്ക് ഉണ്ടായിരുന്നതായി സഹപ്രവർത്തകർക്കും അറിയില്ല. പാർട്ടി തന്നെ ഇടപെട്ട് അദ്ദേഹത്തിൻ്റെ തുടർചികിത്സയിൽ അമേരിക്കയിൽ നിന്നുള്ള ഡോക്ടർമാരിൽ നിന്നടക്കം വിവരങ്ങൾ തേടിയിരുന്നു. ഇതിനിടെയാണ് തീർത്തും അപ്രതീക്ഷിതമായുള്ള പിടിയുടെ വിയോഗം.