ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ചു, ഒരുകോടിയിലധികം രൂപ തട്ടി; ജീവനക്കാരൻ അറസ്റ്റിൽ

ജോലിചെയ്യുന്ന സ്ഥാപനത്തിൽ മുക്കുപണ്ടം പണയംവെച്ചു, തട്ടിയത് ഒരുകോടിയിലധികം രൂപ; ജീവനക്കാരൻ അറസ്റ്റിൽ

അണക്കര: മുക്കുപണ്ടം പണയംവെച്ച് ഒരു കോടിയിലധികം രൂപ തട്ടിയെടുത്ത സംഭവത്തില്‍ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുമളി അണക്കര വടക്കേക്കര സാബു എന്ന വര്‍ഗീസ് സ്‌കറിയ(54)യാണ് പിടിയിലായത്. അണക്കരയിലെ കടന്തോട്ട് ഫിനാന്‍സ് എന്ന സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാള്‍ ഇവിടെ തന്നെ 1600 ഗ്രാം മുക്കുപണ്ടം വെച്ചാണ് ഒരുകോടിയോളം രൂപ കൈക്കലാക്കിയത്.

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:

 ഒമ്പത് വര്‍ഷമായി ഈ സ്ഥാപനത്തില്‍ ജോലിചെയ്തുവരുകയായിരുന്ന സാബു 2022 മുതല്‍ ഏകദേശം 130 തവണകളായി ഇയാള്‍ തന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരില്‍ മുക്കുപണ്ടം പണയംവെച്ച് പണം കൈക്കലാക്കുകയായിരുന്നു.

കഴിഞ്ഞദിവസം സ്ഥാപനത്തില്‍ എത്തിയ മാനേജിങ് ഡയറക്ടര്‍ പണയ ഉരുപ്പടികള്‍ പരിശോധിച്ചപ്പോള്‍ ചിലത് സ്വര്‍ണമല്ലെന്ന സംശയം തോന്നി. തുടര്‍ന്ന് ലോക്കറിലെ മുഴുവന്‍ സ്വര്‍ണവും പുറത്തെടുത്ത് നടത്തിയ വിശദമായ പരിശോധനയിലാണ് വ്യാജ ഉരുപ്പടികള്‍ കണ്ടെടുത്തത്. ഉടന്‍തന്നെ വണ്ടന്‍മേട് പോലീസിന് വിവരം കൈമാറി. ഇതിനിടെ സാബു ഓഫീസില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ച് പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.പണയംവെച്ച സ്വര്‍ണ ഉരുപ്പടികള്‍ എടുത്ത് മറ്റൊരു പണമിടപാട് സ്ഥാപനത്തില്‍വെച്ച് പണം തട്ടുകയും പകരം മുക്കുപണ്ടംവെച്ചതായും മൊഴി നല്‍കിയിട്ടുണ്ട്. 

ഇമിറ്റേഷന്‍ ആഭരണങ്ങള്‍ വാങ്ങിയ സ്ഥാപനങ്ങളിലും സ്വര്‍ണം പണയം വെച്ച സ്ഥാപനത്തിലും ഇയാളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രതിയെ നെടുങ്കണ്ടം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്‌മോന്റെ നിര്‍ദേശപ്രകാരം വണ്ടന്‍മേട് എസ്എച്ച്ഒ ഷൈന്‍ കുമാര്‍, എസ്‌ഐമാരായ ബിനോയ് എബ്രഹാം, ജി.പ്രകാശ് , എഎസ്‌ഐമാരായ എസ്.ആര്‍. ശ്രീകല , ജെയിംസ്, കെ.ടി.ഷിജോ , സിപിഒമാരായ ജയ്‌മോന്‍, രാജേഷ് മോന്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News