ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; പ്രക്ഷോഭം ശക്തം
കൊളംബോ∙ ശ്രീലങ്കയില്‍ പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കലിപൂണ്ട ജനം പ്രസിഡന്‍റിന്റെ രാജി ആവശ്യപ്പെട്ടു പ്രക്ഷോഭം ശക്തമാക്കുന്നതിനിടെയാണു നടപടി. നാളെ പ്രതിപക്ഷകക്ഷികളുടെ നേതൃത്വത്തിൽ രാജ്യവ്യാപകപ്രക്ഷോഭത്തിന് ആഹ്വാനമുണ്ട്. പൊതുഘടന സംരക്ഷിക്കുന്നതിനും സാമൂഹിക ജീവിതത്തിന് ആവശ്യമായ വിതരണങ്ങളും സേവനങ്ങളും ഉറപ്പാക്കുന്നതിനുമാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്നാണു സർക്കാരിന്റെ വിശദീകരണം.
ശനിയാഴ്ച പുലർച്ചെയാണു പ്രസിഡന്റ് ഗോട്ടബയ രാജപക്സെ അടിയന്തരാവസ്ഥയ്ക്ക് ഉത്തരവിട്ടത്. മിരിഹനയിൽ വ്യാഴാഴ്ച രാത്രി കലാപത്തിന്റെ വക്കോളമെത്തിയ പ്രതിഷേധത്തിനിടെ സർക്കാർ വാഹനങ്ങൾ കത്തിച്ചതുമായി ബന്ധപ്പെട്ടു പ്രഖ്യാപിച്ച കർഫ്യൂ പിൻവലിച്ചു. ഇന്നലെ കൊളംബോയിൽ നിന്നുള്ള പ്രധാന റോഡുകളെല്ലാം സമരക്കാർ ഉപരോധിച്ചു. മോറത്തുവ മേയറുടെ വസതിക്കു നേരെ കല്ലേറുണ്ടായി. ഡീസൽക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധന ബോട്ടുകൾ കടലിൽ പോകാതായി. വത്തലയിൽ മത്സ്യത്തൊഴിലാളികൾ കാൻഡി റോഡ് ഉപരോധിച്ചു.
വ്യാഴാഴ്ച രാത്രിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് 53 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവം റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെയും സേന പിടികൂടി. 2 മാധ്യമപ്രവർത്തകരും 5 പൊലീസുകാരും ഉൾപ്പെടെ 15 പേർക്കു പരുക്കേറ്റു. അറസ്റ്റിലായവരെ പൊലീസ് ക്രൂരമായി മർദിച്ചതായി ആരോപണമുണ്ട്. അവരെ മോചിപ്പിക്കാൻ 300 അഭിഭാഷകർ ഒരുമിച്ചു പൊലീസ് സ്റ്റേഷനിലെത്തിയത് നാടകീയ രംഗങ്ങൾ സൃഷ്ടിച്ചു.
സമരക്കാർക്കെതിരെ തീവ്രവാദവിരുദ്ധ നിയമപ്രകാരം കേസെടുക്കുമെന്ന് രാവിലെ അറിയിച്ച പൊലീസ്, മനുഷ്യാവകാശ കമ്മിഷൻ ഉൾപ്പെടെ എതിർത്തതോടെ നിലപാടു മാറ്റി. പൊതുമുതൽ നശിപ്പിച്ച കുറ്റമാണു ചുമത്തുക എന്നറിയിച്ചു. ഭീകരബന്ധമുള്ളവരാണു സംഘർഷത്തിനു പിന്നിലെന്ന് ടൂറിസം മന്ത്രി പ്രസന്ന രണതുംഗെ ആരോപിച്ചപ്പോൾ സമരക്കാരിൽ തീവ്രവാദികൾ ഉണ്ടായിരുന്നില്ലെന്നു മന്ത്രി ശരത് വീരശേഖര പറഞ്ഞു.
പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണന്ന് ഭരണകക്ഷിയില്‍ നിന്നടക്കം ആക്ഷേപം ശക്തമാണ്. വ്യാപക പ്രക്ഷോഭത്തിന് സമൂഹമാധ്യമങ്ങളില്‍ ആഹ്വാനം ഉയര്‍ന്നതോടെ രാജ്യം അതീവ സുരക്ഷയിലാണ്. ഇതിനിടെയിലാണ് അടിയന്തരാവസ്ഥ പ്രഖ്യാപനം.
കടുത്ത ചൂടും ദിവസേന 13 മണിക്കൂർവരെ പവർകട്ടും ഏർപ്പെടുത്തിയതോടെ പൊറുതിമുട്ടിയാണ് ജനം പ്രക്ഷോഭവുമായി തെരുവിലിറങ്ങിയത്. ഇന്നലെ കൊളംബോയിൽ നിന്നുള്ള പ്രധാന റോഡുകളെല്ലാം സമരക്കാർ ഉപരോധിച്ചു. മോറത്തുവ മേയറുടെ വസതിക്കു നേരെ കല്ലേറുണ്ടായി. ഡീസൽക്ഷാമം രൂക്ഷമായതോടെ മത്സ്യബന്ധന ബോട്ടുകൾ കടലിൽപ്പോകാതായി. വത്തലയിൽ മത്സ്യത്തൊഴിലാളികൾ കാൻഡി റോഡ് ഉപരോധിച്ചു.