കൊച്ചി: ഹൈക്കോടതിയുടെ ചരിത്രത്തിലാദ്യമായി അര്‍ധരാത്രിയില്‍ അടിയന്തര സിറ്റിങ് നടത്തിയ സിംഗിള്‍ ബെഞ്ച് കൊറിയന്‍ ചരക്കുകപ്പലായ എം.വി ഓഷ്യന്‍ റോസ് കൊച്ചി തീരം വിടുന്നത് തടഞ്ഞു. കപ്പലില്‍ ഇന്ധനം നിറച്ച വകയില്‍ രണ്ടരക്കോടി രൂപ (3,26,043 ഡോളര്‍) ലഭിക്കാനുണ്ടെന്ന് കൊറിയന്‍ കമ്പനി ഗ്രേസ് യങ് ഇന്റര്‍നാഷനല്‍ നല്കിയ ഹരജിയില്‍ ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചാണ് അസാധാരണ ഇടപെടല്‍ നടത്തിയത്. തിങ്കളാഴ്ച രാത്രി 12.30നാണ് ഹരജി പരിഗണിച്ച് ഇടക്കാല ഉത്തരവ് നല്‍കിയത്.
കപ്പല്‍ ചൊവ്വാഴ്ച പുലര്‍ച്ച മടങ്ങുമെന്നതിനാല്‍ അടിയന്തര നിയമനടപടി വേണമെന്ന് കമ്പനി ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. കൊറിയയില്‍നിന്ന് കേസിന്റെ രേഖകള്‍ രാത്രിതന്നെ ഹൈകോടതി രജിസ്ട്രിയില്‍ ഹാജരാക്കി. ഹൈക്കോടതി രജിസ്ട്രാര്‍ വിഷയം ചീഫ് ജസ്റ്റിസ് എസ്. മണികുമാറിന്റെ ശ്രദ്ധയില്‍പെടുത്തി. തുടര്‍ന്ന് ചീഫ് ജസ്റ്റിസിന്റെ അനുമതിയോടെ കേസ് സ്വീകരിച്ചു. അഡ്മിറാലിറ്റി (നാവിക നിയമങ്ങളുമായി ബന്ധപ്പെട്ട) കേസുകളില്‍ വാദം കേള്‍ക്കേണ്ട ചുമതല ജസ്റ്റിസ് ദേവന് രാമചന്ദ്രന്റെ ബെഞ്ചിനാണ്. കേസ് കേള്‍ക്കാന്‍ അദ്ദേഹവും തയാറായി. തുടര്‍ന്നാണ് അര്‍ധരാത്രി തന്നെ ഹരജി പരിഗണിക്കാന്‍ തീരുമാനിച്ചത്.
ഹരജിയില്‍ കക്ഷികളായ ഇരുകമ്പനിയും തര്‍ക്കം ഒത്തുതീര്‍ത്ത് അക്കാര്യം ഹൈക്കോടതിയില്‍ അറിയിക്കുകയോ തര്‍ക്കമുള്ള തുകക്ക് തുല്യമായ സെക്യൂരിറ്റി കെട്ടിവെക്കുകയോ ചെയ്താലേ കപ്പലിന് കൊച്ചി തീരം വിടാന്‍ കഴിയൂ. കപ്പലുടമ ഹരജിയുമായി സഹകരിക്കാതിരിക്കുകയോ കപ്പല്‍ ഉപേക്ഷിക്കുകയോ ചെയ്താല്‍ ഇത് ലേലം ചെയ്ത് തുക ഈടാക്കാം. ഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. ഹൈക്കോടതി ജീവനക്കാരും അഭിഭാഷകരും ജഡ്ജും രാത്രി പന്ത്രണ്ടുമണിയോടെ കേസിനായി ഓണ്‍ലൈനില്‍ എത്തി. ജസ്റ്റിസ് ദേവന് രാമചന്ദ്രന് വീട്ടിലിരുന്ന് വാദം കേട്ടു.
ഹൈക്കോടതി ജീവനക്കാരും വീടുകളില്‍ നിന്ന് കോടതി നടപടികളില്‍ പങ്കാളികളായപ്പോള്‍ അഭിഭാഷകര്‍ ഓഫിസുകളില്‍നിന്നാണ് ഓണ്‍ലൈന്‍ കോടതിയില്‍ ഹാജരായത്. അരമണിക്കൂറോളം വാദം കേട്ടശേഷമാണ് കപ്പല്‍ കൊച്ചി തീരം വിടുന്നത് തടഞ്ഞത്. കേസില്‍ കൊച്ചിന് പോര്‍ട്ട് ട്രസ്റ്റും കക്ഷിയായിരുന്നു.കൊച്ചി ഫാക്ടിലേക്ക് സള്‍ഫ്യൂറിക് ആസിഡുമായി തിങ്കളാഴ്ച വൈകീട്ട് അഞ്ചരയോടെയാണ് കപ്പല്‍ എത്തിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ മടങ്ങാനായിരുന്നു പദ്ധതി.