തിരുവനന്തപുരം:പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം പച്ചക്കള്ളമാണെന്ന് ഇഎംസിസി കമ്പനി ഡയറക്ടര്‍ ഷിബു വര്‍ഗീസ്. സംസ്ഥാന സര്‍ക്കാരുമായി ഒരു കരാറും ഇതുവരെ ഒപ്പിട്ടിട്ടില്ല. ഒരു രൂപ പോലും സര്‍ക്കാരില്‍ നിന്ന് വാങ്ങുന്നില്ലെന്നും ഷിബു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് ഇഎംസിസി.
അമേരിക്കയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയില്‍ കുടുംബാംഗങ്ങളും അമേരിക്കന്‍ പൗരന്‍മാരുമുണ്ട്. അങ്കമാലി കേന്ദ്രീകരിച്ച് സബ്‌സിഡിയറി കമ്പനി രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ഇഎംസിസി കമ്പനി ഡയറക്ടര്‍ വിശദീകരിച്ചു.
മത്സ്യബന്ധന ബോട്ടുകള്‍, വള്ളങ്ങള്‍, വില്‍പ്പന സ്റ്റാളുകള്‍ എന്നിവ നിര്‍മിക്കാനാണ് പദ്ധതി. 5000 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നത് വിദേശ നിക്ഷേപം വഴിയാണ്. ഒരു രൂപയുടെ അഴിമതി പോലും പദ്ധതിയിലില്ലെന്നും സര്‍ക്കാരുമായി ഒരു കരാറും ഇത് വരെ ഒപ്പിട്ടിട്ടില്ലെന്നും ഷിബു വര്‍ഗീസ് വ്യക്തമാക്കി.
പദ്ധതി സംബന്ധിച്ച റിപ്പോര്‍ട്ട് നല്‍കിയിട്ടേയുള്ളൂ. ഇതിന് സര്‍ക്കാരിന്റെ അംഗീകാരം കാത്തിരിക്കുകയാണ്.
പദ്ധതിയുടെ ഭാഗമായ ബോട്ടുകള്‍ നിര്‍മിക്കാന്‍ കെഎസ്‌ഐഎന്‍സിയുമായി ധാരണാപത്രം ഒപ്പിട്ടുണ്ട്. 2000 കോടി രൂപയ്ക്കുള്ള ബോട്ടുകള്‍ നിര്‍മിക്കാനാണ് ധാരണാപത്രം. 400 ബോട്ടുകള്‍ നിര്‍മിക്കാനാണ് പദ്ധതി. തുടര്‍ന്ന് നാട്ടിലെ തൊഴിലാളികളെ ഉപയോഗിച്ച് ആഴക്കടല്‍ മത്സ്യബന്ധനം നടത്താനാണ് ധാരണയെന്നും രമേശ് ചെന്നിത്തലയുടെ ആരോപണങ്ങള്‍ കള്ളമാണെന്നും ഷിബു വര്‍ഗീസ് കൂട്ടിച്ചേര്‍ത്തു.