തിരുവനന്തപുരം: ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ കമ്പനിയായ ഇഎംസിസിയുമായി കേരള ഷിപ്പിംഗ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പറേഷന്‍ (കെഎസ്‌ഐഎന്‍സി) ഒപ്പുവച്ച ധാരണാപത്രം സര്‍ക്കാര്‍ റദ്ദാക്കി. കോര്‍പ്പറേഷന്‍ എംഡി എന്‍.പ്രശാന്ത് ഒപ്പിട്ട കരാര്‍ മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് റദ്ദാക്കാന്‍ തീരുമാനിച്ചത്.
2,950 കോടി രൂപയ്ക്ക് ആഴക്കടല്‍ മത്സ്യബന്ധനത്തിനായി 400 യാനങ്ങള്‍ നിര്‍മിക്കാനായിരുന്നു കരാര്‍. എന്നാല്‍ കരാറിനെതിരേ വലിയ ആക്ഷേപങ്ങള്‍ പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയതോടെ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിലായി. ഇടത് നയത്തിന് വിരുദ്ധമായ നടപടിയെന്ന വിമര്‍ശനം കൂടി ഉയര്‍ന്നതോടെയാണ് കരാര്‍ റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതരായത്.
കരാര്‍ റദ്ദാക്കിയതിന് പുറമേ കരാറിലേക്കെത്തിയ സാഹചര്യം അന്വേഷിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി ടി.കെ ജോസിനാണ് അന്വേഷണ ചുമതല. ഈ റിപ്പോര്‍ട്ട് ലഭിച്ച ശേഷം സര്‍ക്കാര്‍ തുടര്‍ നടപടി ആലോചിക്കും.