പാട്ന: 40 ദിവസം പ്രായമുള്ള കുഞ്ഞിന്റെ വയറ്റിൽ ഭ്രൂണം കണ്ടെത്തി. അസാധാരണമാം വിധം കുഞ്ഞിന്റെ വയർ വീർത്തിരിക്കുന്നതും മൂത്രതടസമുണ്ടാകുന്നതും കാരണമാണ് മാതാപിതാക്കൾ ആശുപത്രിയിൽ എത്തിച്ചത്. സ്കാൻ ചെയ്തപ്പോഴാണ് കുഞ്ഞിന്റെ വയറ്റിൽ പാതിവളർച്ചയെത്തിയ ഭ്രൂണം കണ്ടെത്തിയത്
ബീഹാറിലെ മോത്തിഹാരി ഗ്രാമത്തിലാണ് അപൂർവ സംഭവം . പത്തു ലക്ഷം കുഞ്ഞുങ്ങളിൽ ഒരാൾക്ക് മാത്രമുണ്ടാകുന്ന അപൂർവ പ്രതിഭാസമെന്നാണ് ഡോക്ടർമാരുടെ വിശദീകരണം. അമ്മയുടെ ഗർഭപാത്രത്തിലെ ഇരട്ട ഭ്രൂണങ്ങളിൽ ഒന്നിന്റെ വളർച്ച നിലയ്ക്കുകയും അത് മറ്റേതിന്റെ അകത്തെത്തി പരാന്നജീവിയെ പോലെ വളരുകയും ചെയ്യുന്ന വൈകല്യമാണിത്. ’’ഫീറ്റസ് ഇൻ ഫീടു ( Foetus in foetu )” എന്നാണ് വൈദ്യശാസ്ത്രം ഇതിനെ വിളിക്കുന്നത്.
മോത്തിഹാരിയിലെ റഹ്മാനിയ മെഡിക്കൽ സെന്ററിലാണ് കുഞ്ഞിനെ പ്രവേശിപ്പിച്ചത്. ഉടനടി ചികിത്സിച്ചില്ലെങ്കിൽ കുഞ്ഞിന്റെ ആരോഗ്യനില ഗുരുതരമാകുമെന്ന് മനസിലായതോടെ അടിയന്തര ശസ്ത്രക്രിയ നടത്തി ഭ്രൂണം പുറത്തെടുത്തു. കുഞ്ഞ് സുഖം പ്രാപിച്ച് വരികയാണെന്ന് റഹ്മാനിയ മെഡിക്കൽ സെന്ററിലെ ഡോ. തബ്രേസ് അസീസ് പറഞ്ഞു.