കുമരകം: കുമരകത്തിന്റെ കാരണവരും ഇന്ത്യയിലെ മുതിര്‍ന്ന അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ ആരാധകനുമായിരുന്ന കൊടിയാറ്റ് (പരുവക്കല്‍) ഒ.ജെ. ഫിലിപ്പ് എന്ന ഇള്ളപ്പന്‍ (108) അന്തരിച്ചു. കോപ അമേരിക്ക കിരീടം അര്‍ജന്റീന നേടിയത് കാണാനുള്ള ഭാഗ്യവും കട്ട അര്‍ജന്റീന ആരാധകനായ ഇള്ളപ്പന് ഉണ്ടായി.
സംസ്‌കാരം ഇന്നു ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് ജോണ്‍സ് ആറ്റാമംഗലം യാക്കോബായ സുറിയാനി പള്ളിയില്‍. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ഇന്നലെ വൈകുന്നേരം നാലിനായിരുന്നു അന്ത്യം. കടുത്ത അര്‍ജന്റീന ഫുട്‌ബോള്‍ ടീം ആരാധകനായിരുന്നു ഇള്ളപ്പന്‍.
അര്‍ജന്റീനന്‍ ടീമിനോടു ആരാധന മൂലം തന്റെ വീടും പരിസരവും താന്‍ സഞ്ചരിച്ചിരുന്ന കാറും അര്‍ജന്റീനിയന്‍ പതാകയുടെ വര്‍ണങ്ങളാല്‍ ഇദ്ദേഹം അലങ്കരിച്ചിരുന്നു. 1930ല്‍ കോട്ടയം സിഎംസ് കോളജ് വിദ്യാര്‍ഥിയായിരുന്നപ്പോള്‍ ഇള്ളപ്പന്‍ സ്വാതന്ത്ര്യ സമരത്തിനു നേതൃത്വം നല്‍കി.
സമരത്തിന്റെ ഭാഗമായി പ്രിന്‍സിപ്പല്‍ സായ്പ്പിനെയും പത്‌നിയേയും തടഞ്ഞ് അദ്ദേഹം റോഡില്‍ കിടന്ന ചിത്രം ദേശീയ മാധ്യമങ്ങള്‍ വരെ അക്കാലത്ത് വാര്‍ത്തയാക്കിയിരുന്നു. കായികരംഗത്തും ബഹുമുഖ പ്രതിഭയായിരുന്നു. സിഎംഎസ് കോളജിലെ ഫുട്‌ബോള്‍, ബാസ്‌ക്കറ്റ് ബോള്‍ ടീമുകളുടെ ക്യാപ്റ്റനും ടെന്നിസ്, ബാഡ്മിന്റന്‍ താരവുമായിരുന്നു.
കോട്ടയത്തെ ആദ്യ കാലത്തെ ഫുട്‌ബോള്‍ ക്ലബായ എച്ച്എംസിക്ക് രൂപം നല്‍കുകയും ടീമിന്റെ പ്രധാന കളിക്കാരനുമായിരുന്നു. കുമരകത്തിന്റെ സാമൂഹിക കായിക രംഗങ്ങളില്‍ നിരവധി സംഭാവനകള്‍ ഇള്ളപ്പന്റേതാണ്.
കുമരകത്ത് ബസ് പാസഞ്ചേഴ്‌സ് അസോസിയേഷന്‍ എന്ന സംഘടന ഉണ്ടാക്കുകുകയും സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുകയും ചെയ്ത ഇള്ളപ്പന്‍ മൃഗാശുപത്രി, സഹകരണ ബാങ്ക് (2298), കുമരകം വൈഎംസിഎ കുമരകത്തെ ആദ്യ ജിംനേഷ്യം അങ്ങനെ പലസംരംഭങ്ങളും തുടക്കം കുറിച്ചു.
തുടര്‍ച്ചയായി 15 വര്‍ഷം കുമരകം വൈഎംസിഎയുടെ പ്രസിഡറായിരുന്ന ഇദ്ദേഹം നിരവധി ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും നേതൃത്വം നല്‍കിയിട്ടുണ്ട്. ഭാര്യ: കോട്ടയം ചക്കാലയില്‍ പരേതയായ ഗ്രേസി. മക്കള്‍: സിന്ധു, അജിത (ഓസ്‌ട്രേലിയ), പരേതനായ ബോസ്. മരുമക്കള്‍: ബോണി (ഓസ്‌ട്രേലിയ), പരേതനായ ജോണ്‍ ചെറിയാന്‍.