തൃശ്ശൂര്‍: വാഴക്കോട് ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ പ്രതികളിലൊരാള്‍ പിടിയില്‍. പട്ടിമറ്റം സ്വദേശി വിനയനാണ് പിടിയിലായത്. ആനക്കൊമ്പ് വില്‍ക്കാന്‍ കൊണ്ടുപോയ അഖിലിന്റെ സംഘത്തില്‍ ഉണ്ടായിരുന്നയാളാണ് വിനയന്‍. ജൂണ്‍ 16 നാണ് വിനയന്‍ അഖിലിനൊപ്പം ആനക്കൊമ്പ് കൊണ്ടുപോകാന്‍ വാഴക്കോട് എത്തിയത്. വിനയന്റെ മൊഴി ഇന്ന് രേഖപ്പെടുത്തി നാളെ തെളിവെടുപ്പ് നടത്തും.
മണിയന്‍ചിറ റോയി എന്നയാളുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്നായിരുന്നു വിവരം. ഏകദേശം 15 വയസുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്.
വൈദ്യുതികമ്പിയില്‍ തട്ടി ആന ചരിഞ്ഞതോടെയാണ് സംഭവങ്ങളുടെ തുടക്കമെന്ന് പൊലീസ് പറയുന്നു. തുടര്‍ന്ന് റോയിയും അഞ്ച് സുഹൃത്തുക്കളും ചേര്‍ന്ന് ആനയെ കുഴിച്ചിട്ടു. പാലായില്‍ നിന്ന് സുഹൃത്തുക്കളെ റോയി വിളിച്ചുവരുത്തുകയായിരുന്നു.
ഇതിനിടെ റോയി അറിയാതെ അഖിലും സംഘവും ആനക്കൊമ്പ് മുറിച്ചുനീക്കി. ഇത് വില്‍ക്കാന്‍ പട്ടിമറ്റത്തേക്ക് കൊണ്ടുപോയി. പട്ടിമറ്റത്ത് നിന്ന് ആനക്കൊമ്പ് വില്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ രണ്ട് പേര്‍ പിടിയിലാവുകയായിരുന്നു.