ഇന്റിമസി സീൻ ഉണ്ടെന്ന് വീട്ടിൽ പറഞ്ഞിട്ട് മനസിലായില്ല; കാണുമ്പോഴുള്ള ഞെട്ടലിൽ അത് ശരിയായിക്കോളും: വിൻസി
കൊച്ചി:മലയാള സിനിമയിലെ യുവ നായികമാരിൽ ശ്രദ്ധേയയാണ് നടി വിൻസി അലോഷ്യസ്. നായികാ നായകൻ റിയാലിറ്റി ഷോയിലൂടെയാണ് വിൻസി സിനിമയിലേക്ക് എത്തിയത്. വിജയി ആയില്ലെങ്കിലും ഷോയിലൂടെ സിനിമയിലെത്തി നേട്ടമുണ്ടാക്കാൻ കഴിഞ്ഞ താരം വിൻസിയാണ്. വികൃതി എന്ന സിനിമയിൽ ശ്രദ്ധേയ വേഷത്തിൽ എത്തിയ വിൻസിയ്ക്ക് തുടർച്ചയായി മികച്ച അവസരങ്ങൾ ലഭിച്ചു. ജനഗണമന, സൗദി വെള്ളക്ക, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങളിലെത്തി വിൻസി തിളങ്ങി.
ചെറുതെങ്കിലും പ്രേക്ഷകരിലേക്കെത്താൻ പാകത്തിലുള്ള കഥാപാത്രങ്ങളാണ് വിൻസി ഇതുവരെ അഭിനയിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ വളരെ കുറച്ചു സിനിമകളിലൂടെ തൻറേതായ ഒരിടം കണ്ടെത്താൻ വിൻസിക്ക് സാധിച്ചു. കുഞ്ചാക്കോ ബോബൻ നായകനായ പദ്‌മിനി ആണ് വിൻസിയുടെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ചിത്രത്തിലെ പ്രധാന വേഷങ്ങളിൽ ഒന്നാണ് വിൻസിയുടേത്.
ഒരു സാധാരണ കുടുംബത്തിൽ നിന്ന് വരുന്നയാളാണ് വിൻസി. സിനിമ മാത്രം സ്വപ്നം കണ്ട്, അതിന് വേണ്ടി പ്രയത്നിച്ചാണ് വിൻസി ഇന്ന് കാണുന്ന താരത്തിലേക്ക് എത്തിനിൽക്കുന്നത്. താനൊരു സിനിമാ നടിയാണ് എന്ന നിലയിൽ ഉയർന്ന് ചിന്തിക്കാൻ തന്റെ മാതാപിതാക്കൾക്ക് ഇപ്പോഴും ബുദ്ധിമുട്ടാണെന്ന് വിൻസി പറയുന്നു. ഇന്റിമസി രംഗങ്ങളൊക്കെ അച്ഛനും അമ്മയ്ക്കും അംഗീകരിക്കാൻ പറ്റുമോ എന്ന് മുൻപ് ചിന്തിച്ചിരുന്നു. എന്നാൽ തനിക്ക് അത് കൺവിൻസിങ് ആയത് കൊണ്ട് ഇപ്പോൾ അത് വീട്ടിൽ സംസാരിക്കാറില്ലെന്നും വിൻസി പറഞ്ഞു.
‘അവർക്കിപ്പോഴും ഇന്റിമസി സീനുകൾ കാണുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ പടം കണ്ട് ആ ഞെട്ടൽ കഴിയുമ്പോഴേക്കും അവർ ഐസ് ബ്രേക്കായിക്കൊള്ളും. രേഖയും അങ്ങനെ തന്നെയായിരുന്നു. ഇതിൽ ഒരു ഇന്റിമസി സീൻ ഉണ്ടെന്ന് പറഞ്ഞപ്പോൾ എന്താണെന്ന് പോലും അവർക്ക് മനസിലായിരുന്നില്ല. ആ.. പോയി ചെയ്യ് എന്നാണ് പറഞ്ഞത്. സിനിമ കണ്ടപ്പോഴാണ് ഇതാണല്ലേ ഇന്റിമസിയെക്കൊണ്ട് ഉദ്ദേശിക്കുന്നത് എന്ന രീതിയിലായിരുന്നു. പക്ഷേ അതെല്ലാം ഇപ്പോൾ ബ്രേക്കായി വന്നു’,
‘ഇപ്പോൾ ചെയ്ത മാരിവില്ലിൻ ഗോപുരങ്ങൾ എന്ന സിനിമയിൽ ഒരു പെപ്പി ക്യാരക്ടറാണെങ്കിലും പുള്ളിക്കാരി യൂസ് ചെയ്യുന്നത് കുറച്ച് എക്സ്പോസ്ഡ് ആയ വസ്ത്രങ്ങളാണ്. ഞാൻ പോയി പറഞ്ഞാൽ അവർ സമ്മതിക്കില്ല. കാണുമ്പോഴുള്ള ഞെട്ടലിൽ അത് ശരിയായിക്കോളും. ഇതൊക്കെ അച്ഛനും അമ്മക്കും അംഗീകരിക്കാൻ പറ്റുമോ എന്ന ചിന്ത നേരത്തെ ഉണ്ടായിരുന്നു. പക്ഷേ ക്യാരക്ടറിന് വേണ്ടി അത് ചെയ്യുന്നതിൽ തെറ്റില്ല എന്ന് എനിക്ക് കൺവിൻസ്ഡ് ആയതുകൊണ്ട് ഞാൻ ഇക്കാര്യം അധികം അവരുമായി സംസാരിക്കാറില്ല’, വിൻസി പറഞ്ഞു.
സിനിമയിൽ അഭിനയിക്കാൻ ആഗ്രഹമുണ്ടെങ്കിലും സിനിമാ മേഖലയിൽ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും വിൻസി പറഞ്ഞു. സിനിയിൽ എത്തിപ്പെടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല. ആഗ്രഹം മാത്രമേയുണ്ടായിരുന്നുള്ളൂ. ജീവിതത്തിലേ ആദ്യത്തെ ഓഡിഷനായിരുന്നു നായിക നായകൻ. പക്ഷെ അത് കിട്ടിയില്ല. തീർന്നെന്നാണ് വിചാരിച്ചത്. ഒന്നും ആദ്യം കിട്ടിയില്ലെങ്കിൽ പിന്നെ താൽപര്യമുണ്ടാകില്ല. പക്ഷേ പ്രതീക്ഷിക്കാതെ അവർ വർക്ക്‌ഷോപ്പിലേക്ക് വിളിച്ചു.
അങ്ങനെയാണ് ഫുൾ കഥയും നടക്കുന്നത്. ആദ്യം ഞാനൊരു മോണോ ആക്ട് ചെയ്തു. അത് കണ്ട് കഴിഞ്ഞപ്പോൾ പൊക്കോയെന്ന് അവർ പറഞ്ഞു. പിന്നെയാണ് അതിലേക്ക് വിളിക്കുന്നത്. എന്നാൽ ലാൽ ജോസിനെ കണ്ടതോടെയാണ് തന്നെ സെലെക്റ്റ് ചെയ്‌തെന്ന് ഉറപ്പായതെന്നും വിൻസി പറഞ്ഞു. ലാൽ ജോസ് ആയിരുന്നു നായികാ നായകനിലെ ജഡ്ജ്. ഷോയിലെ ഫൈനലിസ്റ്റുകളിൽ ഒരാളായിരുന്നു വിൻസി അലോഷ്യസ്.