പാലക്കാട്: സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ഗര്‍ഭിണിയായ കാട്ടാന ചരിഞ്ഞ സംഭവത്തില്‍ പ്രതികള്‍ ഉപയോഗിച്ചത് തേങ്ങയില്‍ നിറച്ച സ്ഫോടക വസ്തുവെന്ന് വെളിപ്പെടുത്തല്‍.
അറസ്റ്റിലായ മലപ്പുറം എടവണ്ണ സ്വദേശി വില്‍സന്റേതാണ് വെളിപ്പെടുത്തല്‍. ഇയാളാണ് സ്ഫോടക വസ്തു നിര്‍മിച്ച് നല്‍കിയത്. ഇതുപയോഗിച്ചത് ഇനി പിടിയിലാകാനുള്ള രണ്ടു പ്രതികളാണെന്ന് വില്‍സണ്‍ പറയുന്നു. ഇവര്‍ ഭൂവുടമകളായ ഒരു പിതാവും മകനുമാണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്.
തേങ്ങ നെടുകെ കീറി സ്ഫോടക വസ്തു നിറച്ചാണ് പന്നിയെ പിടികൂടുന്നതിനുള്ള പടക്കം നിര്‍മിച്ചതെന്ന് പിടിയിലായ വില്‍സണ്‍ സമ്മതിച്ചു. വനാതിര്‍ത്തിയോട് ചേര്‍ന്ന് കൃഷി ചെയ്തിരുന്ന ഇവര്‍ പന്നികളെ വേട്ടയാടി വില്പന നടത്തിയിരുന്നതായാണ് ഉദ്യോഗസ്ഥര്‍ക്കു ലഭിക്കുന്ന സൂചന. നേരത്തെയും ഇവര്‍ വൈദ്യുതി ഉപയോഗിച്ചും കുരുക്കിട്ടും കുഴികളില്‍ ചാടിച്ചുമെല്ലാം പന്നികളെ പിടികൂടിയിട്ടുണ്ട്. അതേസമയം, മുഖ്യ പ്രതികള്‍ രണ്ടു പേരും ഒളിവിലാണെന്നാണ് വിവരം. കാര്യങ്ങള്‍ കൈവിട്ടു പോയ സാഹചര്യത്തില്‍ ഇരുവരും ഉദ്യോഗസ്ഥര്‍ക്കു മുമ്പാകെ കീഴടങ്ങുമെന്നാണ്കരുതുന്നത്.
മേയ് 25-ന് രാവിലെയാണ് തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ വെള്ളിയാര്‍പ്പുഴയില്‍ കാട്ടാനയെ അവശനിലയില്‍ കണ്ടെത്തിയത്. അവശനിലയിലായ ആനയെ രണ്ട് കുങ്കിയാനകളെ കൊണ്ടുവന്ന് ആനയെ കരയ്ക്കെത്തിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
സംഭവത്തെത്തുടര്‍ന്ന് തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്റ്റേഷന് കേസ് രജിസ്റ്റര്‍ചെയ്ത് അന്വേഷണം തുടങ്ങി. ശ്വാസകോശത്തില്‍ വെള്ളം കയറിയതാണ് മരണകാരണമെന്നാണ് റിപ്പോര്‍ട്ട്.ആന ഒരു മാസം ഗര്‍ഭിണിയായിരുന്നതായി ഡോ. ഡേവിഡ് എബ്രഹാം പറഞ്ഞു.
കാട്ടാന ചരിഞ്ഞത് സംബന്ധിച്ച് സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ മോഹനകൃഷ്ണന്റെ സാമൂഹികമാധ്യമത്തിലെ പോസ്റ്റ് വൈറലായിരുന്നു. തുടര്‍ന്ന് ദേശീയ മാധ്യമങ്ങളിലും വിഷയം വാര്‍ത്തയാവുകയായിരുന്നു.