KeralaNews

കഥകളും പാട്ടുകളും വിശേഷങ്ങളുമായി അങ്കണവാടികളിലും ഓണ്‍ലൈന്‍ ക്ലാസ്

എറണാകുളം: ലോക്ക് ഡൗണില്‍ അങ്കണവാടികളില്‍ കുട്ടിക്കുരുന്നുകള്‍ക്ക് എത്താന്‍ സാധിക്കില്ലെങ്കിലും ഓണ്‍ലൈന്‍ ലോകത്ത് കഥകളും പാട്ടുകളും വര്‍ത്തമാനങ്ങളുമായി സജീവമാണ് അങ്കണവാടികളും. പ്രോജക്ടറുകളുടെ സഹായത്തോടു കൂടി കഥകളും പാട്ടുകളും വീ‍ഡിയോ രൂപത്തില്‍ ചിത്രീകരിച്ച് ഓരോ വിദ്യാര്‍ത്ഥിക്കും അയച്ചു നല്‍കുകയാണ് അങ്കണവാടികളിലെ അധ്യാപികമാര്‍.

കുട്ടിക്കുരങ്ങനെയും വീട്ടിലെ ആടിനെയും വരെ കുട്ടികള്‍ക്ക് പഠിപ്പിച്ചു നല്‍കാന്‍ തങ്ങളുടെ കൈവശമുള്ള കുട്ടിക്കഥകളും ഈണത്തിലുള്ള പാട്ടുകളുമൊക്കെയായി ഓൺലൈന്‍ കാലം അവിസ്മരണീയമാക്കുകയാണ് അവര്‍.
ലോക്ക് ഡൗണിന് ശേഷം ചെറിയ കുട്ടികള്‍ക്ക് റിവേഴ്സ് ക്വാറന്‍റൈന്‍ സംവിധാനം നടപ്പാക്കാന്‍ തീരുമാനിച്ചതോടെ അങ്കണവാടികളില്‍ ഇനി എന്ന് കുട്ടിക്കുറുമ്പുകളെ കാണാനാവുമെന്ന് അറിയില്ല. അതു കൊണ്ടു തന്നെ വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് നഷ്ടമാവാതിരിക്കാന്‍ വേണ്ട തയ്യാറെടുപ്പുകള്‍ സംസ്ഥാന തലത്തില്‍ തന്നെ പ്രാവര്‍ത്തികമാക്കുന്നുണ്ട്.

മൂന്ന് വയസ്സ് പിന്നിട്ട എല്ലാ കുട്ടികളെയും അങ്കണവാടികളിലേക്ക് പ്രവേശിപ്പിക്കുകയും അതേ സമയം ഇതു വരെ ക്ലാസുകള്‍ ആരംഭിക്കാത്ത ആറ് വയസ്സുകാരായ കുട്ടികള്‍ക്ക് തുടര്‍ന്നും സൗകര്യങ്ങള്‍ ഒരുക്കിയും കുട്ടികള്‍ക്ക് ആരോഗ്യവും അറിവുമുള്ള ദിനങ്ങളാണ് അങ്കണവാടികള്‍ ഉറപ്പാക്കാന്‍ ശ്രമിക്കുന്നത്.

സംസ്ഥാന തലത്തില്‍ ഓരോ ജില്ലകള്‍ക്കും പഠിപ്പിക്കേണ്ട തീമുകള്‍ തീരുമാനമായിട്ടുണ്ട്. രണ്ടാഴ്ച നീളുന്ന ഓരോ തീമുകളില്‍ കുട്ടികള്‍ക്കുള്ള പാഠങ്ങള്‍ മാതാപിതാക്കളുടെ വാട്ട്സാപ്പില്‍ അയച്ചു നല്‍കും. സ്മാര്‍ട്ട് ഫോണ്‍ സംവിധാനമില്ലാത്ത വീടുകളില്‍ മാതാപിതാക്കളുടെ സഹായത്തോടെയാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ എടുക്കുന്നത്. ആവശ്യമായ നിര്‍ദേശങ്ങള്‍ അധ്യാപകര്‍ ഫോണ്‍ മുഖേനയോ നേരിട്ടെത്തിയോ പകര്‍ന്നു നല്‍കും.
പഠനത്തിന് പുറമേ കുട്ടികള്‍ക്കും മുലയൂട്ടുന്ന സ്ത്രീകള്‍ക്കും ഗര്‍ഭിണികള്‍ക്കും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും പോഷകാഹാരം മുടങ്ങാതെ എത്തിക്കുക എന്ന ദൗത്യവും അങ്കണവാടി ജീവനക്കാര്‍ക്കാണ്. ലോക്ക് ഡൗണ്‍ ദിനങ്ങളിലും ഈ പ്രവര്‍ത്തനങ്ങള്‍ മുടക്കാതെ എല്ലാവര്‍ക്കും അര്‍ഹതപ്പെട്ട ഭക്ഷണം എത്തുന്നുണ്ടെന്ന് അവര്‍ ഉറപ്പ് വരുത്തി.

സാധനങ്ങള്‍ വീടുകളില്‍ നേരിട്ടെത്തിയാണ് അങ്കണവാടി ജീവനക്കാര്‍ കൈമാറിയത്.
സ്കൂളുകള്‍ പ്രവര്‍ത്തനമാരംഭിക്കുന്നതു വരെ കുട്ടികള്‍ക്ക് പോഷകാഹാരം മുടങ്ങാതിരിക്കാനായി അറ് വയസ്സായ കുട്ടികള്‍ക്ക് ഭക്ഷണസാധനങ്ങള്‍ എത്തിച്ചു നല്‍കനാണ് തീരുമാനമെന്ന് ഐ.സി.ഡി.എസ് ജില്ല പ്രോജക്ട് ഓഫീസര്‍ മായലക്ഷ്മി പറഞ്ഞു.

അങ്കണവാടിയിലെ ഓണ്‍ലൈന്‍ ക്ലാസുകള

മുഖം മിനുക്കിയ അങ്കണവാടികളെ ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കായി സജ്ജമാക്കിയിരിക്കുകയാണ്. വീട്ടില്‍ ടെലിവിഷനോ, സ്മാര്‍ട്ട്ഫോണോ ലഭ്യമല്ലാത്ത സ്കൂള്‍ കുട്ടികള്‍ക്ക് അങ്കണവാടികളിലെ സൗകര്യമുപയോഗിച്ച് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാം. സാമൂഹിക അകലവും ബ്രേക്ക് ദി ചെയിന്‍ ക്യാംപയിൻ നിര്‍ദേശങ്ങളും പൂര്‍ണമായി പാലിച്ചാണ് കുട്ടികള്‍ക്ക് ക്ലാസുകള്‍ ക്രമീകരിക്കുന്നത്.

നിരീക്ഷണസ്ഥലമായും അങ്കണവാടികൾ

മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ ഉള്ള അങ്കണവാടികളില്‍ വിദേശത്തു നിന്നും അന്യ സംസ്ഥാനങ്ങളില്‍ നിന്നുമെത്തുന്ന ആളുകളെ താമസിപ്പിക്കാനുള്ള കോവിഡ് കെയര്‍ സെന്‍ററുകളാക്കി പലയിടങ്ങളിലും മാറ്റുന്നുണ്ട്., അടുക്കളയും, മുറിയും ബാത്ത് റൂം സൗകര്യവുമുള്ള ഇത്തരം സ്ഥലങ്ങള്‍ ഉഫയോഗ ശേഷം ഫയര്‍ ഫോഴ്സ് സംഘമെത്തി പൂര്‍ണമായും അണുവിമുക്തമാക്കിയാണ് തിരികെ കൈമാറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker