തൃശൂര്‍: തൃശൂര്‍ ചേലക്കരയില്‍ ആനയുടെ ജഡം കണ്ടെത്തിയ സംഭവത്തില്‍ മണിയന്‍ചിറ റോയിക്കായി തിരച്ചില്‍. റോയിയെ തിരഞ്ഞ് അന്വേഷണ സംഘം ഗോവയിലേക്ക് തിരിച്ചു. കോടതിയുടെ അനുമതി ലഭിച്ചാല്‍ തുടര്‍നടപടികളുമായി മുന്നോട്ടു പോകുമെന്നും അന്വേഷണ സംഘം അറിയിച്ചു. കുഴിച്ചെടുത്ത ജഡം തൊണ്ടി മുതല്‍ ആണെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
റോയിയുടെ ഭാര്യ ഗോവയിലാണ് താമസിക്കുന്നത്. അതിനാല്‍ റോയി ഗോവയിലുണ്ടാവുമെന്ന വിലയിരുത്തലിലാണ് പൊലീസ്. റോയിയുടെ റബ്ബര്‍ തോട്ടത്തിലാണ് ആനയുടെ ജഡം കണ്ടെത്തിയത്. സാക്ഷിമൊഴികളുടെ അടിസ്ഥാനത്തില്‍ മാത്രമേ ആനയുടെ മരണകാരണം കണ്ടെത്താന്‍ കഴിയൂ എന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
ആനയുടെ കൊമ്പുമായി രണ്ട് പേര്‍ പിടിയിലായിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണ്. വനം വന്യജീവി വകുപ്പിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ജഡം കണ്ടെത്തിയത്. ആനയുടെ ജഡം കുഴിച്ചുമൂടിയെന്നായിരുന്നു വിവരം. ഏകദേശം 15 വയസുള്ള കൊമ്പനാനയുടെ ജഡമാണ് കണ്ടെത്തിയത്. ജഡത്തിന് 20 ദിവസത്തോളം പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം.
വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ജെസിബി ഉപയോഗിച്ചാണ് ആനയുടെ ജഡം പുറത്തെടുത്തത്. ഷോക്കടിപ്പിച്ചു കൊന്നു എന്നാണ് പ്രാഥമിക വിവരം.