തിരുവനന്തപുരം: ഓഗസ്റ്റിൽ വൈദ്യുതി സർച്ചാർജായി നൽകേണ്ടത് യൂണിറ്റിന് 19 പൈസ. ജൂലായിൽ 18 പൈസയാണ് ഈടാക്കിയിരുന്നത്. വൈദ്യുതി ബോർഡ് സർച്ചാർജിൽ ഒരു പൈസ കൂട്ടിയതുകൊണ്ടാണ് വർധന.
ഓഗസ്റ്റിൽ യൂണിറ്റിന് 10 പൈസ സർച്ചാർജ് ഈടാക്കാൻ വൈദ്യുതിബോർഡ് ചൊവ്വാഴ്ച വിജ്ഞാപനമിറക്കി. റെഗുലേറ്ററി കമ്മിഷൻ നിശ്ചയിച്ച ഒമ്പതുപൈസ സർച്ചാർജ് നിലവിലുണ്ട്. ഇതും രണ്ടും ചേർന്നാണ് 19 പൈസ. ജൂലായിൽ ബോർഡ് ഈടാക്കിയത് ഒമ്പത് പൈസയായിരുന്നു.
മാസംതോറും സ്വമേധയാ സർച്ചാർജ് തീരുമാനിക്കാനുള്ള അധികാരം ഉപയോഗിച്ച് കഴിഞ്ഞ മൂന്നുമാസമായി ബോർഡ് സർച്ചാർജ് ഈടാക്കുന്നുണ്ട്. റെഗുലേറ്ററി കമ്മിഷൻ അനുവദിച്ച ഒമ്പതുപൈസ സർച്ചാർജ് ഒക്ടോബർവരെ തുടരും. അതിനുശേഷം ഇത് പുനഃപരിശോധിക്കും.
ഇന്ധനവില കൂടുന്നതുകാരണം വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ചെലവിലുണ്ടാവുന്ന വർധനയാണ് സർച്ചാർജായി ജനങ്ങളിൽനിന്ന് ഈടാക്കുന്നത്. ഇത്തരത്തിൽ ജൂണിൽ അധികം ചെലവായ 33.92 കോടി രൂപ തിരിച്ചുപിടിക്കാനാണ് ബോർഡ് 10 പൈസ ചുമത്തുന്നത്.
വൈദ്യുതിനിരക്ക് കൂട്ടുന്നതിനെതിരേ വ്യാവസായിക ഉപഭോക്താക്കളുടെ സംഘടനയായ എച്ച്.ടി. ആൻഡ് ഇ.എച്ച്.ടി. ഇൻഡസ്ട്രിയൽ ഇലക്ട്രിസിറ്റി കൺസ്യൂമേഴ്സ് അസോസിയേഷൻ നൽകിയ ഹർജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. വാദം വ്യാഴാഴ്ചയും തുടരും. ഈ കേസിലെ വിധിക്ക് വിധേയമായി റെഗുലേറ്ററി കമ്മിഷൻ നിരക്കുവർധന പ്രഖ്യാപിക്കും.