തിരുവനന്തപുരം: ഉയർന്ന ആവശ്യകതയും വൈദ്യുതിക്ഷാമവും കാരണം നിലവിലെ അപ്രഖ്യാപിത വൈദ്യുതിനിയന്ത്രണം തുടരും. ലോഡ് നിയന്ത്രിച്ച് ഗ്രിഡിന്റെ സുരക്ഷിതത്വം ഉറപ്പാക്കാൻ ഇത് അനിവാര്യമാണെന്ന് കെ.എസ്.ഇ.ബി.യുടെ വിലയിരുത്തൽ. രാത്രി പത്തുമുതൽ 12 മണിവരെ ഓരോ സബ്‌സ്റ്റേഷനുകളിലെയും സാഹചര്യം വിലയിരുത്തി 15 മുതൽ അരമണിക്കൂർവരെ പലസമയങ്ങളിൽ നിയന്ത്രണമുണ്ടാകാം. എല്ലായിടത്തും വേണ്ടിവരില്ല.
നിയന്ത്രണത്തിന്റെ സമയക്രമം ജനങ്ങളെ മുൻകൂട്ടി അറിയിക്കണോയെന്ന് ചൊവ്വാഴ്ച ഊർജ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേരുന്ന കെ.എസ്.ഇ.ബി. കോർ കമ്മിറ്റിയോഗം തീരുമാനിക്കും.
യൂണിറ്റിന് 10 രൂപയുള്ള വൈദ്യുതി വാങ്ങാൻ കെ.എസ്.ഇ.ബി.ക്ക് റെഗുലേറ്ററി കമ്മിഷൻ അനുവാദം നൽകിയിട്ടുണ്ട്. ഞായറാഴ്ചതന്നെ ഇതിനായി പവർ എക്സ്‌ചേഞ്ചിനെ സമീപിച്ചു. എന്നാൽ, ആവശ്യപ്പെടുന്നതുപോലെ 250 മെഗാവാട്ട് ലഭിക്കാൻ സാധ്യതയില്ലെന്നാണ് പ്രാഥമിക വിലയിരുത്തൽ.
പലേടത്തും ജനറേറ്ററുകൾ തകരാറിലായതും രാജ്യത്ത് വൈദ്യുതി ആവശ്യകത ഉയർന്നതും കാരണം കേന്ദ്രവിഹിതത്തിലും 200 മെഗാവാട്ട് കുറവുണ്ട്. വേനൽക്കാലത്തേക്കുള്ള ആസൂത്രണം കൃത്യമായി നടത്തിയില്ലെന്ന് റഗുലേറ്ററി കമ്മിഷൻ വിമർശിച്ചിരുന്നു. മഴ വരുന്ന പക്ഷം ഉപഭോഗം കുറയുന്നതോടെ നിയന്ത്രണം ഒഴിവാക്കാനാവുമെന്നാണ് പ്രതീക്ഷ.
വൈദ്യുതിനിയന്ത്രണം മുൻകൂട്ടി അറിയിക്കുന്നില്ലെന്നതിൽ പ്രതിഷേധം ശക്തമാണ്. ഇത് ഒഴിവാക്കാൻ ചില സെക്‌ഷനുകളിൽനിന്ന് രാത്രിയിൽ വൈദ്യുതിമുടങ്ങാൻ സാധ്യതയുണ്ടെന്ന് എസ്.എം.എസിലൂടെ അറിയിക്കാൻ തുടങ്ങിയത് വിവാദമായി. കെ.എസ്.ഇ.ബി. ഔദ്യോഗികമായി തീരുമാനിക്കാതെയാണ് സന്ദേശങ്ങൾ പോയത്.
എല്ലായിടത്തും നിശ്ചിതദിവസത്തിലും സമയത്തും വൈദ്യുതിവിതരണം നിർത്തിവെക്കുന്നതാണ് സാധാരണയായി ലോഡ് ഷെഡിങ് എന്ന് അറിയിപ്പെടുന്നത്. ഇതിന് റെഗുലേറ്ററി കമ്മിഷന്റെ അനുവാദം വേണം. അതിനാലാണ് സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ലെന്ന് സാങ്കേതികമായി വാദിക്കുന്നത്.
എന്നാൽ, പ്രസരണ-വിതരണ ലൈനുകളുടെ സുരക്ഷ മുൻനിർത്തി ആവശ്യാനുസരണം വൈദ്യുതി നിയന്ത്രിക്കുന്നതിന് കമ്മിഷന്റെ അനുമതിവേണ്ട, അറിയിച്ചാൽ മതി. അതാണ് ഇപ്പോൾ നടക്കുന്നത്. ഇത് വളരെ മുൻകൂട്ടി പറയാനുമാകില്ല. ഒരു സ്ഥലത്ത് ലോഡ് അമിതമായി കൂടുമ്പോൾ ലൈൻ സ്വയം ഓഫാകുന്ന സംവിധാനവുമുണ്ട്.
രാത്രി 10.30-നുശേഷമാണ് ഇപ്പോൾ ഉപഭോഗം കൂടുന്നത്. എയർ കണ്ടീഷണറുകൾ കൂടുതലായതിനാലാണിത്.
ചെന്നൈ: തമിഴ്‌നാട്ടിലെ കൂടംകുളം ആണവനിലയത്തിലെ ഒന്നാം ആണവ റിയാക്ടറിൽ സാങ്കേതികത്തകരാറിനെത്തുടർന്ന് വൈദ്യുതി ഉത്പാദനം തടസ്സപ്പെട്ടു. റിയാക്ടറിന്റെ കണ്ടൻസർ കൂളിങ് വാട്ടർ പമ്പിനാണ് തകരാറുണ്ടായത്.
ഒന്നാം റിയാക്ടറിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതിയാണ് ഉത്പാദിപ്പിക്കുന്നത്. ഇതിൽ 576 മെഗാവാട്ട് തമിഴ്‌നാടിനാണ്. ബാക്കി വിഹിതം ലഭിക്കുന്ന കേരളം ഉൾപ്പെടെ സംസ്ഥാനങ്ങളെയും പ്രതിസന്ധി ബാധിച്ചിട്ടുണ്ട്.
സാങ്കേതികത്തകരാർ പരിഹരിക്കുന്നതിനുള്ള പ്രവർത്തനം തുടരുകയാണ്. അതേസമയം, കൂടുംകുളത്തെ രണ്ടാമത്തെ റിയാക്ടറിൽനിന്ന് 1000 മെഗാവാട്ട് വൈദ്യുതി ഉത്പാദനം തുടരുന്നുണ്ട്.
• രാത്രി പത്തുമുതൽ 12 മണിവരെ ഓരോ സബ്‌സ്റ്റേഷനിലെയും സാഹചര്യം വിലയിരുത്തി 15 മുതൽ അരമണിക്കൂർവരെ പലസമയങ്ങളിൽ നിയന്ത്രണമുണ്ടാകാം. എല്ലായിടത്തും വേണ്ടിവരില്ല
• നിയന്ത്രണത്തിന്റെ സമയക്രമം ജനങ്ങളെ മുൻകൂട്ടി അറിയിക്കണോയെന്ന് ചൊവ്വാഴ്ച ഊർജ സെക്രട്ടറിയുടെ സാന്നിധ്യത്തിൽ ചേരുന്ന കെ.എസ്.ഇ.ബി. കോർ കമ്മിറ്റിയോഗം തീരുമാനിക്കും
സാങ്കേതികമായി ലോഡ് ഷെഡിങ് ഇല്ലെന്ന് സർക്കാരും വൈദ്യുതിമന്ത്രിയും കെ.എസ്.ഇ.ബി.യും അവകാശപ്പെടുമ്പോഴും ഏപ്രിൽ 21 മുതൽ സംസ്ഥാനത്ത് പലേടത്തും വൈദ്യുതി നിയന്ത്രിക്കുന്നതായി റെഗുലേറ്ററി കമ്മിഷനെ കെ.എസ്.ഇ.ബി. അറിയിച്ചിട്ടുണ്ട്.
ഗ്രിഡിന്റെ സ്ഥിരത നിലനിർത്താനുള്ള ഇടപെടലുകളുടെ ഭാഗമായുള്ള നിയന്ത്രണം എന്നാണ് അറിയിച്ചത്. സബ്‌സ്റ്റേഷനുകളുടെ അടിസ്ഥാനത്തിലാണ് വിവരം കൈമാറിയത്. സമീപദിവസങ്ങളിൽ കൂടുതൽ സബ്‌സ്റ്റേഷനുകളിൽ നിയന്ത്രണം വേണ്ടിവന്നതായാണ് കമ്മിഷൻ നൽകിയ റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാകുന്നത്.


