24.8 C
Kottayam
Monday, May 20, 2024

വൈദ്യുതി പ്രതിസന്ധി രണ്ടു ദിവസത്തേക്ക്, നല്ലളത്ത് വൈദ്യുതി ഉൽപ്പാദിപ്പിച്ച് പ്രശ്നം പരിഹരിയ്ക്കുമെന്ന് മന്ത്രി

Must read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോൾ ഏർപ്പെടുത്തിയ വൈദ്യുതി നിയന്ത്രണം രണ്ടു ദിവസത്തേക്ക് മാത്രമാണെന്ന് വൈദ്യുതിമന്ത്രി കെ.കൃഷ്ണൻകുട്ടി. പ്രതിദിനം ലഭിക്കേണ്ട വൈദ്യുതിയിൽ 200 മെഗാവാട്ടിൻ്റെ കുറവാണ് നിലവിൽ ഇപ്പോഴുണ്ടായത്. പ്രതിസന്ധി പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും അടിയന്തരസാഹചര്യം നേരിടാൻ മറ്റൊരു കമ്പനിയുമായി കരാർ ഒപ്പിട്ടുണ്ടെന്നും വ്യക്തമാക്കിയ വൈദ്യുതി മന്ത്രി കോഴിക്കോട് നല്ലളത്തെ ഡീസൽ നിലയത്തെക്കൂടി പ്രയോജനപ്പെടുത്തി പ്രതിസന്ധി പരിഹരിക്കാനാണ് ശ്രമിക്കുന്നതെന്നും പറഞ്ഞു.

കേന്ദ്രപൂളിൽ നിന്നും ലഭിക്കേണ്ട വൈദ്യുതിയിൽ കുറവുണ്ടായ സാഹചര്യത്തിലാണ് സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേർപ്പെടുത്തുമെന്ന് കെഎസ്ഇബി അറിയിച്ചത്. വൈകിട്ട് 6.30 മുതൽ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുമെന്നാണ് ബോർഡ് അറിയിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികൾ ഉൾപ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല.

4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാൽ കേരളത്തിന് വൈദ്യുതി നൽകുന്ന ജാർഖണ്ഡിലെ മൈഥോൺ പവർ സ്റ്റേഷനിൽ കൽക്കറി ക്ഷാമം മൂലം ഉത്പാദനം കുറച്ചിട്ടുണ്ട്. ഈ സാ​ഹചര്യത്തിൽ കേരളത്തിന് കിട്ടേണ്ട വൈദ്യുതിയിൽ 400 മു​തൽ 500 മെ​ഗാവാട്ട് വരെ വൈദ്യുതിയുടെ കുറവ് ഉണ്ടാവും. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി മറികടക്കാൻ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തിയത്.

രാജ്യത്തെ വിവിധ താപനിലയങ്ങളിൽ കൽക്കരി ക്ഷാമം മൂലം വൈദ്യുതി ഉത്പാദനത്തിൽ കുറവ് വന്നിട്ടുണ്ട്. ഇതുമൂലം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വിവിധ സംസ്ഥാനങ്ങളിൽ പവർകട്ട് ഏർപ്പെടുത്തിയിരുന്നു. നിലവിൽ രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ ഒരു മണിക്കൂറിലേറെ പവർ കട്ടോ ലോഡ് ഷെഡിം​ഗോ ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തരസാഹചര്യം പരി​ഗണിച്ച് കോഴിക്കോട് നല്ലളത്തെ താപവൈദ്യുതി നിലയത്തിൽ ഉത്പാദനം തുടങ്ങാൻ തീരുമാനിച്ചിട്ടുണ്ട്. നല്ലളത്ത് നിന്നും വൈദ്യുതിയെത്തുന്നതോടെ തത്കാലം പ്രതിസന്ധി ഒഴിവാക്കാനാവും എന്ന പ്രതീക്ഷയിലാണ് കെഎസ്ഇബി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week