സ്‌പെഷ്യല്‍ അരി വിതരണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു; അരി വിതരണം വൈകും

തിരുവനന്തപുരം: നീല, വെള്ള കാര്‍ഡുകാര്‍ക്ക് സ്പെഷല്‍ അരി നല്‍കാനുള്ള സര്‍ക്കാര്‍ തീരുമാനം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തടഞ്ഞു. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ 10 കിലോഗ്രാം അരി 15 രൂപ നിരക്കില്‍ നല്‍കാനായിരുന്നു തീരുമാനം. ഈസ്റ്റര്‍, വിഷു, റംസാന്‍ പ്രമാണിച്ചാണ് ഈ തീരുമാനമെടുത്തത്.

തെരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിന് മുമ്പ് സര്‍ക്കാര്‍ തീരുമാനമെടുക്കുകയും ഉത്തരവ് ഇറക്കുകയും ചെയ്തു. എന്നാല്‍ അരി എത്തുന്നതില്‍ കാലതാമസം ഉണ്ടായതോടെ വിതരണം വൈകി. പിന്നീട് വിതരണാനുമതി തേടി സര്‍ക്കാര്‍ തെരഞ്ഞെുപ്പ് കമ്മീഷനെ സമീപിച്ചപ്പോഴായിരുന്നു അരി വിതരണത്തിന് വിലക്കേര്‍പ്പെടുത്തിയത്.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടിയാണ് കമ്മീഷന്റെ തീരുമാനം. വിലക്കു വന്നതോടെ, പെരുമാറ്റച്ചട്ടം മാറിയശേഷം മാത്രമേ അരി വിതരണം നടക്കൂ. നേരത്തെ പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയിരുന്നു.

വിഷുവും ഈസ്റ്ററും കണക്കിലെടുത്ത് സൗജന്യ കിറ്റ്, സ്‌കൂള്‍ കുട്ടികള്‍ക്കുള്ള അരി എന്നിവ നേരത്തെ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിലും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍ക്കാരിനോട് വിശദീകരണം തേടിയിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News