തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ സ്ഥാനാര്‍ഥികളായാല്‍ വോട്ടെടുപ്പ് കഴിഞ്ഞ് 30 ദിവസത്തിനുള്ളില്‍ വിശദീകരണം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണയാണ് സര്‍വകക്ഷി യോഗത്തില്‍ നേതാക്കളെ ഇക്കാര്യം അറിയിച്ചത്.
രാഷ്ട്രീയ പാര്‍ട്ടിയാണ് വിശദീകരണം നല്‍കേണ്ടത്. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകളായാലും വിശദീകരണം നല്‍കണം. ഇതില്‍ വീഴ്ച വരുത്തിയാല്‍ സുപ്രീം കോടതിയെ അറിയിക്കും.
കേരളത്തില്‍ ഏപ്രില്‍ ആറിനാണ് നിയമസഭാ തെരഞ്ഞെടുപ്പ്. ഒറ്റ ഘട്ടമായാണ് തെരഞ്ഞെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. മാര്‍ച്ച് 12 ന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. മാര്‍ച്ച് 19 ന് പത്രിക സമര്‍പ്പിക്കാനുള്ള സമയ പരിധി അവസാനിക്കും. മാര്‍ച്ച് 20 ന് സൂക്ഷ്മ പരിശോധന നടക്കും. മാര്‍ച്ച് 22 ന് പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമാണ്.
കേരളത്തിലെ തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ ദീപക് മിശ്ര ഐപിഎസാണ്. കേരളത്തിലെ പ്രത്യേക കേന്ദ്ര നിരീക്ഷകനെ രണ്ടു ദിവസത്തില്‍ തീരുമാനിക്കും. പുഷ്‌പേന്ദ്ര കുമാര്‍ പുനിയ കേരളത്തില്‍ തെരഞ്ഞെടുപ്പ് ചെലവ് നിരീക്ഷകനാവും. 30.8 ലക്ഷം രൂപ ഓരോ മണ്ഡലത്തിലും സ്ഥാനാര്‍ത്ഥിക്ക് പരമാവധി ചെലവാക്കാവുന്ന തുകയായി നിശ്ചയിച്ചു.
സംസ്ഥാനത്ത് 40,771 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ബൂത്തുകളുടെ എണ്ണത്തില്‍ 89.65 ശതമാനം വര്‍ദ്ധനവ് ഇക്കുറി ഉണ്ടായി. സംസ്ഥാനത്ത് 140 മണ്ഡലങ്ങളുണ്ട്. 2.67 കോടിയിലേറെ വോട്ടര്‍മാരുള്ളതില്‍ 579033 പുതിയ വോട്ടര്‍മാരുണ്ട്. 221 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഇത്തവണ വോട്ട് ചെയ്യുന്നുണ്ട്. വോട്ടര്‍ പട്ടികയുടെ അന്തിമ കണക്കില്‍ ഇനിയും വോട്ടര്‍മാര്‍ കൂടിയേക്കും.
ഒരു ബൂത്തില്‍ പരമാവധി 1000 വോട്ടര്‍മാരെയേ അനുവദിക്കൂ. പോളിംഗ് ബൂത്തുകളില്‍ കൊവിഡ് പ്രോട്ടോക്കോള്‍ നിര്‍ബന്ധമായി പാലിക്കണം. ബൂത്ത് സജ്ജമാക്കാന്‍ ഒരു ഉദ്യോഗസ്ഥനെ കൂടി അധികമായി നിയോഗിക്കും. കൊവിഡ് രോഗികള്‍ക്കും 80 വയസ്സ് കഴിഞ്ഞവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും പോസ്റ്റല്‍ വോട്ടിന് അനുമതിയുണ്ട്. 150 കമ്പനി കേന്ദ്ര സേനയെ വിന്യസിക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസറോട് സംസ്ഥാന ഇലക്ഷന്‍ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കണ്ണൂര്‍, മലപ്പുറം, വയനാട്, പാലക്കാട് ജില്ലകലില്‍ കേന്ദ്ര സേനയെ വിന്യസിക്കും. മാവോയിസ്റ്റ് ഭീഷണിയുള്ള മേഖകളില്‍ കൂടുതല്‍ ജാഗ്രത പുലത്തുമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു.