തൃശൂർ ∙ ചാവക്കാട് മണത്തലയിൽ കടയുടെ ചില്ലുവാതിലിൽ തലിയിടിച്ച് തെറിച്ചുവീണ മുതിർന്ന പൗരൻ മരിച്ചു. മണത്തല സ്വദേശിയായ ഉസ്മാൻ ഹാജി(84) ആണ് മരിച്ചത്. നാവികസേനയിലെ റിട്ട. ഉദ്യോഗസ്ഥനും പ്രവാസി മലയാളിയുമാണ്. ഡ്രൈ ഫ്രൂട്ട്സ് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയതായിരുന്നു. ഗ്ലാസ് ഡോർ ആണെന്ന് അറിയാതെ വേഗത്തിൽ കടയിലേക്കു കയറി.
തലയിടിച്ച ഉടനെ തെറിച്ച് മലർന്നടിച്ചു വീഴുകയായിരുന്നു. തലയുടെ പുറകിൽ ആഴത്തിൽ മുറിവേറ്റു. ഉടനെ, ചാവക്കാട്ടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അബോധാവസ്ഥയിലായിരുന്നു. വിദഗ്ധ ചികിത്സയ്ക്കായി തൃശൂരിലെ ആശുപത്രിയിലേക്കു മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഗ്ലാസ് ഡോർ ആണെന്ന് തിരിച്ചറിയാൻ കഴിയാതെ വേഗത്തിൽ അകത്തേക്കു കടന്നതായിരുന്നു ദാരുണമായ അപകടത്തിനു കാരണം.
ഗ്ളാസ് ഡോർ തിരിച്ചറിയാൻ കഴിയാത്തത് നിരവധി അപകടങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.മൂന്നുവർഷത്തിന് മുമ്പ് പെരുമ്പാവൂരിൽ ബാങ്കിന്റെ ചില്ലുവാതിലിൽ ഇടിച്ച് ചേരാനല്ലൂര്‍ സ്വദേശി ബീന എന്ന നാൽപ്പത്തഞ്ചുകാരി മരിച്ചിരുന്നു. പെരുമ്പാവൂർ എ എം റോഡിലെ ബാങ്ക് ഓഫ് ബറോഡ ശാഖയിലായിരുന്നു അപകടം .ഉച്ചയോടെ ബാങ്കിലെത്തിയ ബീന നടപടിക്രമങ്ങൾ പൂർത്തിയാക്കി പുറത്തേക്കിറങ്ങിയെങ്കിലും താക്കോല്‍ എടുക്കാൻ മറന്നിരുന്നു. തിരികെ കയറി താക്കോല്‍ എടുത്തശേഷം വേഗത്തില്‍ പുറത്തേക്ക് കടക്കുന്നതിനിടെ ശക്തിയായി ചില്ലുവാതിലില്‍ ഇടിച്ചു. വയറിൽ ഉൾപ്പെട ദേഹമാകെ ചില്ല് തുളച്ച് കയറുകയായിരുന്നു.
ഗ്ളാസ് ഡോറുകൾ ഉണ്ടെന്ന് മുന്നറിയിപ്പ് നൽകുകയോ തിരിച്ചറിയാൻ ഡോറുകളിൽ സ്റ്റിക്കറുകൾ ഒട്ടിക്കാത്തതും ആണ് പലപ്പോഴും ഇത്തരം അപകടങ്ങൾക്ക് കാരണമാകുന്നത്.