കോഴിക്കോട്: എലത്തൂർ ട്രെയിൻ തീവയ്പ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. രക്ത പരിശോധനയിൽ ചില കാര്യങ്ങളിൽ സംശയമുണ്ടായതിനാലാണ് വിശദമായ പരിശോധനയ്ക്ക് വേണ്ടി പ്രതിയെ
അഡ്മിറ്റ് ചെയ്തത്.
മെഡിസിൻ വിഭാഗം വീണ്ടും പ്രതിയെ പരിശോധിക്കുകയാണ്. പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു.
എലത്തൂരിൽ ട്രെയിനിൽ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്.
അന്വേഷണ ഉദ്യോഗസ്ഥരെ കൂടുതൽ കുഴക്കുന്ന മറുപടികളാണ് അറസ്റ്റിലായതിന് പിന്നാലെ ഷാരുഖ് സെയ്ഫി നൽകുന്നത്. ആക്രമണം നടത്തിയാൽ തനിക്ക് നല്ലത് വരുമെന്ന് ഒരാൾ ഉപദേശം നൽകിയെന്നാണ് മഹാരാഷ്ട്രാ എടിഎസിന് പ്രതി ആദ്യം മൊഴി നൽകിയത്.
എന്നാൽ ഇതാരെന്ന് ആവർത്തിച്ച് ചോദിച്ചിട്ടും വ്യക്തമായ ഉത്തരമില്ല. കേരളത്തിലേക്ക് വരുമ്പോൾ മുംംബൈ വരെ തന്നോടൊപ്പം ഒരാളുണ്ടായിരുന്നതായി ആദ്യം പറഞ്ഞെങ്കിലും പിന്നീട് തിരുത്തി. എന്നാൽ തന്റെ കുബുദ്ധിയാണ് കൃത്യത്തിലേക്ക് നയിച്ചതെന്നാണ് കേരളത്തിലെ പൊലീസ് സംഘത്തിനോട് സെയ്ഫി പറഞ്ഞത്.
എന്തിന് കേരളത്തിലെത്തി ആക്രമണം നടത്തി എന്നെതിനെക്കുറിച്ചും ഇയാൾക്ക് വ്യക്തമായ മറുപടിയില്ല. ഇയാൾക്കെന്തെങ്കിലും മാനസികാസ്വാസ്ഥ്യമുള്ളതായി പൊലീസ് കരുതുന്നില്ല. ആക്രമണത്തിന് പിന്നിലെ ലക്ഷ്യം സംബന്ധിച്ച് കുറെക്കുടി വിശദമായി ചോദ്യം ചെയ്യേണ്ടതുണ്ട്. കേരളത്തിൽ മുമ്പ്എത്തിയില്ലെന്ന മൊഴിയിലും പൊലിസിന് വിശ്വാസമില്ല.
കോഴിക്കോടേക്കുള്ള ജനറൽ കംപാർട്മെന്‍റിൽ ടിക്കറ്റുമായാണ് ദില്ലിയിൽ നിന്നും ട്രെയിൻ കയറിയത്. എന്നാൽ കേരളത്തിൽ എവിടെ ഇറങ്ങിയെന്ന് അറിയില്ല. മൂന്ന് കുപ്പി പെട്രോൾ വാങ്ങിയത് കേരളത്തിലെത്തിയതിന് ശേഷമാണ്. കയ്യിലുണ്ടായിരുന്ന ലൈറ്ററുപയോഗിച്ചാണ് തീയിട്ടത്.
ആക്രമണത്തിന് ശേഷം അതേ വണ്ടിയിൽ തന്നെ കണ്ണൂരിലെത്തി പ്ലാറ്റ്ഫോമിൽ ആരും കാണാതെ നിന്നു. പുലർച്ചെ ഒന്നേ നാല്പതിനുള്ള മരുസാഗർ അജ മീർ വണ്ടിയിൽ കയറിയാണ് രക്ഷപ്പെട്ടതെന്നും ഇയാൾ പൊലീസിനോട് പറഞ്ഞു. ആരുടെയും സഹായമില്ലാതെ ആക്രമണം നടത്തിയെന്നുള്ള ഷാറൂഖിന്റെ മൊഴി പൊലീസ് വിശ്വസിക്കുന്നില്ല.