26.4 C
Kottayam
Wednesday, November 6, 2024
test1
test1

‘സ്വന്തം വിസര്‍ജ്യത്തിനുമേല്‍ 2 ദിവസം, രക്ഷപ്പെട്ടത് കേരളത്തിലെത്തിയതുകൊണ്ട് മാത്രം’; ഡൽഹിയിലെ ആശുപത്രിദിനങ്ങൾ

Must read

ന്യൂഡൽഹി: കോവിഡ് ബാധിച്ച്‌ ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിഞ്ഞതിനെക്കുറിച്ചു ഭയപ്പെടുത്തുന്ന ഓർമ്മകൾ വേദനയോടെ പങ്കുവച്ചു രാഹുല്‍ ചൂരൽ. ഡല്‍ഹിയിലെ ആശുപത്രിയില്‍ മരണത്തെ മുഖാമുഖം കണ്ടതടക്കമുള്ള ഞെട്ടിക്കുന്ന അനുഭവമാണ് എളമരം കരീം എംപിയുടെ പഴ്സനല്‍ സ്റ്റാഫംഗം കൂടിയായ രാഹുല്‍ സമൂഹ മാധ്യമത്തിലൂടെ വെളിപ്പെടുത്തിയത്.

ഓര്‍ക്കുമ്ബോള്‍ പേടിപ്പെടുത്തുന്ന ഡല്‍ഹിയിലെ ആശുപത്രി ദിനങ്ങള്‍

”മൂന്നുപേര്‍ കണ്മുന്നില്‍ വച്ചു വേണ്ടത്ര ചികിത്സയോ ശ്രദ്ധയോ കിട്ടാത്തതുകൊണ്ട് മാത്രം മരിച്ചുവീഴുന്നത് കാണേണ്ടിവരിക, കൃത്യമായി ജോലി ചെയ്യാന്‍ താല്പര്യമില്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ കാരണം മലമൂത്ര വിസര്‍ജനം പോലും ശരിയായി നടത്താന്‍ പറ്റാതെ ഒരു സമയത്ത് സ്വന്തം വിസര്‍ജ്യത്തിനുമേല്‍ രണ്ടു ദിവസത്തോളം കിടക്കേണ്ടിവരിക; കോവിഡ് ബാധിച്ചു ഡല്‍ഹിയില്‍ അഡ്മിറ്റ്‌ ആയ ദിവസങ്ങളില്‍ അനുഭവിക്കേണ്ടിവന്ന കാര്യങ്ങള്‍ ഓര്‍ക്കുമ്ബോള്‍ ഇപ്പോഴും ഉള്ള് കാളും. അവിടെ നിന്ന് എങ്ങനെയോ രക്ഷപ്പെട്ടു കേരളത്തില്‍ എത്തിയതുകൊണ്ടുമാത്രം ജീവന്‍ തിരിച്ചുകിട്ടിയ എന്റെ അനുഭവം രണ്ട് ആരോഗ്യ സംസ്കാരങ്ങളുടെയും സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ പരിപാലന സംവിധാനങ്ങളുടെ കാര്യക്ഷമതയുടെയും ആരോഗ്യ പ്രവര്‍ത്തകരുടെ പരിചരണത്തിലെയും പെരുമാറ്റത്തിലെയും വ്യത്യാസത്തിന്റെയും നേര്‍ സാക്ഷ്യമാണ്.

ഇന്ന് ഇവിടെ കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കിടന്നു മൂന്നാഴ്ചക്കാലം കോവിഡ് എനിക്കും ഉറ്റവര്‍ക്കും ഉണ്ടാക്കിയ പൊല്ലാപ്പുകള്‍ വീണ്ടും ഓര്‍ക്കുമ്ബോള്‍ അതിലെ ഡല്‍ഹി എപ്പിസോഡ് ഭീതിയുളവാക്കുന്ന ഒന്നായി മനസ്സില്‍ തങ്ങിനില്‍ക്കുന്നു.

ഏപ്രില്‍ 16ന് രാത്രി മുതലാണ് കൊറോണ വൈറസ് എന്റെ ശരീരത്തിലും കടന്നുകൂടിയതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയത്. ഡല്‍ഹിയിലെ അടുത്ത സുഹൃത്തുക്കള്‍ക്കും കുടുംബത്തിനുമെല്ലാം ഒന്നുരണ്ടു ദിവസം മുന്നേ പനിയും തൊണ്ടവേദനയും ഉള്‍പ്പെടെയുള്ള ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. എല്ലാ ദിവസവും ഒന്നിച്ചുണ്ടാകുന്നവരില്‍ എനിക്ക് മാത്രമാണ് അത്തരം പ്രശ്നങ്ങള്‍ ഒന്നും അതുവരെ ഇല്ലാതിരുന്നത്. എന്നാല്‍ 16ന് രാത്രി മുതല്‍ കാര്യങ്ങള്‍ പെട്ടെന്ന് മാറിമറിഞ്ഞു. ശരീരമാസകലം വേദനയും വിറയലും. തലവേദന കൊണ്ട് ഉറങ്ങാന്‍ പറ്റുന്നില്ല. കയ്യിലുണ്ടായിരുന്ന ഗുളിക കഴിച്ചെങ്കിലും പ്രത്യേകിച്ച്‌ പ്രയോജനമൊന്നും ഉണ്ടായില്ല. അങ്ങനെ ഞാനും വീണു. ഡല്‍ഹിയില്‍ ഞാന്‍ താമസിക്കുന്ന വീട്ടില്‍ തന്നെയാണ് വിജുവേട്ടനും ( Vijoo Krishnan ) കുടുംബവും താമസിക്കുന്നത്. അന്ന് രാത്രി വിജുവേട്ടന്‍ സ്ഥലത്തില്ല. രാത്രി പനിയും തലവേദനയും കൂടി വന്നെങ്കിലും ആരെയും വിളിച്ചു ബുദ്ദിമുട്ടിക്കാന്‍ തോന്നിയില്ല. രാവിലെ 7 മണിവരെ എങ്ങനെയൊക്കെയോ തള്ളിനീക്കി. പിന്നെ സമതേച്ചിയെ (വിജുവേട്ടന്റെ ഭാര്യ) വിളിച്ചു കാര്യം പറഞ്ഞു. ഒരു ടൈഗര്‍ ബാംമും കുറച്ചു ഗുളികകളും സംഘടിപ്പിച്ചു. അന്നുമുതല്‍ മുറി വിട്ട് പുറത്തിറങ്ങുന്നില്ല എന്നും തീരുമാനിച്ചു. ടൈഗര്‍ ബാം കട്ടിക്ക് തടകി വീണ്ടും ഉറങ്ങാന്‍ ഒരു ശ്രമം നടത്തിനോക്കി. ഒരു കാര്യവുമുണ്ടായില്ല. കുറച്ചു കഴിഞ്ഞ് ഗോകുലിനെ വിളിച്ചു സംഭവം പറഞ്ഞു. അവന്‍ കൊവിഡിന്റെ ചികിത്സയ്ക്ക് ഉപയോഗിച്ചുവരുന്ന മരുന്നുകളുടെ ലിസ്റ്റ് അയച്ചുതന്നു. ഡ്രൈവറെ വിട്ട് അതെല്ലാം വാങ്ങി. കരീമിക്കയെയും ( Elamaram Kareem ) അറിയിച്ചു. ഉച്ചയോടെ വിജുവേട്ടന്‍ എത്തി. ഓക്സിജന്‍ സാച്ചുറേഷന്‍ കുറഞ്ഞുവരുന്നുണ്ട്. എന്നാലും പേടിക്കാനുള്ള അളവില്‍ എത്തീട്ടില്ല. വീട്ടില്‍ തന്നെ ഇരിക്കാം എന്ന് തീരുമാനിച്ചു. ഡോക്ടര്‍ വീട്ടില്‍ തന്നെ ഉള്ളതുകൊണ്ട് ഓരോ സമയത്തും ഗോകുലിനെ വിളിച്ചു കാര്യങ്ങള്‍ തീരുമാനിക്കുകയും ചെയ്യാമല്ലോ.

പക്ഷെ പ്രതീക്ഷിച്ചപോലെ ചില്ലറക്കാരനായിരുന്നില്ല എന്റെ ഉള്ളില്‍ കയറിയ വൈറസ് എന്ന് പതിയെ മനസിലായി. ഇന്നലെയും മിനിയാന്നുമായി പനിയും മറ്റും വന്ന ശരണും, പ്രവീണും, ദിലീപേട്ടനുമെല്ലാം വലിയ പ്രശ്നങ്ങള്‍ ഇല്ലാതെ പുറത്തിറങ്ങിയപ്പോള്‍; 17ന് ഒരു ദിവസം കൊണ്ടുതന്നെ എന്റെ ശരീരം ആകെ തളര്‍ന്നു. ഭക്ഷണം കഴിക്കാനോ നേരാംവണ്ണം കിടന്നുറങ്ങാനൊപോലും പറ്റുന്നില്ല. എല്ലാവരും വിളിച്ചു ധൈര്യം തരുന്നുണ്ടെങ്കിലും ശരീരം തളരുന്നത് എന്നെ പേടിപ്പിച്ചിരുന്നു. ഓഫീസില്‍ വിളിച്ചു കാര്യം പറഞ്ഞു. എനിക്ക് ആശുപത്രിയിലേക്ക് മാറണം എന്ന് അറിയിച്ചു. ഡല്‍ഹിയിലെ ഞങ്ങളുടെ കമ്ബനിയുടെ (ആദിത്യ ബിര്‍ള ഗ്രൂപ്പ്) എംപ്ലോയീസിന്റെ കോവിഡ് വാക്‌സിനേഷനുമായി ബന്ധപ്പെട്ട് മാക്സ് ഹെല്‍ത് കെയറുമായി ചേര്‍ന്ന് കാര്യങ്ങള്‍ നീക്കിയത് ഞാനായിരുന്നു. അതുകൊണ്ട് മാക്സിന്റെ പ്രധാനപ്പെട്ട ആള്‍ക്കാരുടെ നമ്ബര്‍ കയ്യിലുണ്ട്. അത് ഓഫീസില്‍ കൊടുത്ത് കാര്യങ്ങള്‍ അറേഞ്ച് ചെയ്യാന്‍ പറഞ്ഞു. കുറച്ചുസമയത്തിനുള്ളില്‍ തന്നെ മറുപടി: ഡല്‍ഹിയിലെ ഒരു മാക്സ് ഹോസ്പിറ്റലിലും അഡ്മിറ്റ്‌ ആവാന്‍ ബെഡ് ഇല്ല. പിന്നെ വേറെ എവിടെയും നോക്കീല. വീട്ടില്‍ തന്നെ കിടക്കാം എന്ന് ഉറപ്പിച്ചു.18ന് കോവിഡ് ടെസ്റ്റ്‌ ചെയ്തു. വീട്ടില്‍ വന്ന് സാമ്ബിള്‍ എടുത്ത ലാബുകാരന്‍ റിസള്‍ട്ട്‌ വരാന്‍ രണ്ട് ദിവസം എടുക്കും എന്ന് അറിയിച്ചു. അത്ര കൂടുതലാണ് ഇപ്പോള്‍ അവര്‍ക്ക്‌ ചെയ്യേണ്ടിവരുന്ന ടെസ്റ്റുകളുടെ എണ്ണം. ഇവരുടെ ലാബില്‍ മാത്രം ദിവസേന അമ്ബതിനായിരത്തോളം സാമ്ബിളുകളാണ് വരുന്നത്. അതില്‍ മഹാ ഭൂരിപക്ഷവും പോസിറ്റിവും.

18ന് രാത്രിയാണ് കാര്യങ്ങള്‍ ആകെ മാറുന്നത്. രാത്രി പെട്ടന്ന് ശ്വാസം എടുക്കാന്‍ പറ്റാത്ത അവസ്ഥ വന്നു. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും പൂര്‍ണമായി ശ്വാസം എടുക്കാന്‍ പറ്റുന്നില്ല. വിജുവേട്ടന്‍ പോയി ഒരു പോര്‍ട്ടബിള്‍ ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങിക്കൊണ്ടുവന്നു. അത് ഉപയോഗിച്ചപ്പോള്‍ ചെറിയ ആശ്വാസം വന്നു. ഗോകുലിനെ വിളിച്ചപ്പോള്‍ നെബുലൈസേഷന്‍ ചെയ്യാന്‍ പറഞ്ഞു. നേബുലൈസറും വാങ്ങി ഉപയോഗിച്ചു. വീണ്ടും കുറച്ച്‌ ആശ്വാസം കിട്ടി. പിറ്റേ ദിവസം സ്കാനിംഗ്, എക്സ് റേ, ബ്ലഡ്‌ ടെസ്റ്റ്‌ എല്ലാം ചെയ്തു. സ്കാനിംഗില്‍ ന്യൂമോണിയയുടെ ചെറിയ തുടക്കം കണ്ടെത്തി. എങ്കിലും പേടിക്കേണ്ട അവസ്ഥയില്‍ എത്തീട്ടില്ല. മരുന്ന് കഴിച്ചു വീട്ടില്‍ തന്നെ റസ്റ്റ്‌ എടുത്താല്‍ ശരിയാകാവുന്നതേ ഉള്ളു. അങ്ങനെ ഒന്നുരണ്ട് ദിവസം കൂടി തള്ളിനീക്കി. 20ന് കോവിഡ് റിസള്‍ട്ട്‌ വന്നു. പോസിറ്റീവ് തന്നെ. സിടി വാല്യൂ 17 (വെരി ഹൈ വൈറല്‍ ലോഡ്). പനിയില്‍ നിന്നും തലവേദനയില്‍ നിന്നും ചെറിയ ആശ്വാസം വന്നപ്പോള്‍ ഇനി പേടിക്കാനില്ലെന്നോര്‍ത്ത് കിടന്നു. പക്ഷെ കാര്യങ്ങള്‍ വീണ്ടും മോശമാകാന്‍ തുടങ്ങി.

രണ്ട് ദിവസത്തിനുള്ളില്‍ ശ്വാസതടസം കൂടിവന്നു. പോര്‍ട്ടബിള്‍ ഓക്സിജന്‍ കൊണ്ട് കാര്യം ഉണ്ടായില്ല. അവസ്ഥ മോശമാണ് എന്നറിഞ്ഞപ്പോള്‍ ഗോകുല്‍ ഡല്‍ഹീലേക്ക് വന്നു. വന്നപാടെ ഒന്നുരണ്ട് ഇന്‍ജെക്ഷന്‍ തന്നു. തലവേദനയും പ്രശ്നങ്ങളും താല്‍ക്കാലികമായി മാറി. പക്ഷെ ഇന്‍ജെക്ഷന്‍ എഫക്‌ട് കഴിഞ്ഞപ്പോള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചുവന്നു. ഓക്സിജന്‍ സാച്ചുറേഷന്‍ വല്ലാതെ കുറഞ്ഞുവന്നു. ഇനി വീട്ടില്‍ കിടത്തുന്നത് അപകടമാണെന്നും എത്രയും പെട്ടെന്ന് ഐസിയു വിലേക്കു മാറ്റണമെന്നും ഡോക്ടറനിയന്‍ വിധിയെഴുതി. പിന്നെ അതിനു വേണ്ടി മറ്റുള്ളവരുടെ ഭഗീരധ പ്രയത്നം. അപ്പോഴേക്കും ഞാന്‍ ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലേക്കെത്തിയിരുന്നു.

ഡല്‍ഹിയിലെ കോവിഡ് വ്യാപനത്തിന്റ ഭീകരാവസ്‌ഥ ശരിക്കും മനസിലാക്കിയ ദിവസങ്ങളായിരുന്നു പിന്നീട്. എത്ര വലിയ ഇടപെടല്‍ നടത്തിയിട്ടും ഒരു ഓക്സിജന്‍ ബെഡ് പോലും കിട്ടാത്ത സാഹചര്യം. മുഖ്യമന്ത്രിയുടെയും കേന്ദ്ര മന്ത്രിമാരുടെയും എംപിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും ഓഫീസില്‍ നിന്നും നിരന്തരം ശ്രമിച്ചിട്ടും ഒരു ആശുപത്രിയിലും ബെഡ് ഇല്ല എന്ന മറുപടി മാത്രം. ഓക്സിജന്‍ സപ്പോര്‍ട് ഇല്ലാതെ ഒരു നിമിഷം പോലും ജീവന്‍ നിലനിര്‍ത്താന്‍ പറ്റില്ല എന്ന സാഹചര്യം വന്നു. ഡല്‍ഹിയില്‍ കേന്ദ്ര സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ആര്‍.എം.എല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ബന്ധുവിനെ വിളിച്ചു. അവരുടെ വാര്‍ഡില്‍ ഒരുദിവസം ഓക്സിജന്‍ സപ്പോര്‍ട്ടോടെ കിടക്കാന്‍ സൗകര്യം ചെയ്തു. 23ന് രാത്രി ആര്‍എംഎല്‍ ഹോസ്പിറ്റലില്‍ എത്തി. എസ്.ആര്‍.പി യും, ബ്രിന്ദാ കാരാട്ടും, യൂസഫ് തരിഗാമിയും, എ.കെ.പി യും കരീമിക്കയും, ശ്രീമതി ടീച്ചറും, കെ. കെ. രാഗേഷും, വി. ശിവദാസനും, എം. ബി. രാജേഷും, സോമപ്രസാദും, വി. പി. സാനുവും, അനീഷേട്ടനും, സത്യപാലേട്ടനും, കബീറിക്കയും ഉള്‍പ്പെടെ ഒരുപറ്റം പാര്‍ട്ടി സഖാക്കള്‍ നിരന്തരം ഗോകുലിനെയും വിജുവേട്ടനെയും ബന്ധപ്പെടുന്നുണ്ട്.
ആശുപത്രിയില്‍ ബെഡ് കിട്ടാനും അത്യാവശ്യമായ റെംഡിസിവര്‍ മരുന്ന് ഏര്‍പ്പാടാക്കാനും എല്ലാവരും ശ്രമിച്ചുകൊണ്ടിരുന്നു. അന്ന് രാത്രിയാണ് ശിവദാസേട്ടന്‍ ( Dr. V Sivadasan ) വിളിച്ചു നാട്ടിലേക്ക് വരാന്‍ പറയുന്നത്. എയര്‍ആംബുലന്‍സ് നോക്കാമെന്നും ഡല്‍ഹിയില്‍ നില്‍ക്കണ്ട എന്നും കക്ഷി പറഞ്ഞു. എയര്‍ ആംബുലന്‍സിന് ഏകദേശം 27 ലക്ഷം രൂപ ആകും. അത്രയും പൈസ മുടക്കി നാട്ടിലേക്ക് ഓടണോ എന്ന കണ്‍ഫ്യൂഷന്‍ എനിക്കും. ഏതായാലും ഒന്നുരണ്ടു ദിവസം നോക്കീട്ടു തീരുമാനിക്കാം എന്നുവെച്ചു. പിറ്റേ ദിവസം ആര്‍.എം.എല്ലില്‍ കോവിഡ് വാര്‍ഡില്‍ ഒരു ബെഡ് റെഡിയായി. അവിടുത്തെ ചികിത്സയുടെ മഹത്വത്തെപ്പറ്റി അറിയുന്നതുകൊണ്ടുതന്നെ എനിക്ക് വലിയ താല്പര്യം ഉണ്ടായില്ല. പക്ഷെ മുന്നില്‍ വേറെ വഴികളുമില്ല. ഓക്സിജന്‍ സപ്പോര്‍ട് ഇല്ലാതെ ഒരു മിനുട്ട് പോലും പിടിച്ചുനില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഞാന്‍ എത്തിയിരുന്നു. അങ്ങനെ 24ന് ആര്‍എംഎല്‍ ആശുപത്രിയിലെ കോവിഡ് വാര്‍ഡില്‍ അഡ്മിറ്റ്‌ ആവുന്നു.

ഒന്നാം ദിവസം തന്നെ ഇവിടെ കിടന്നാല്‍ അധികനാള്‍ ആയിസുണ്ടാകില്ല എന്ന് ഉറപ്പായിരുന്നു. ഒരു വലിയ ഹോളില്‍ നൂറുകണക്കിന് രോഗികള്‍. തീരെ ആവതില്ലാത്തവര്‍ മുതല്‍ ചെറിയ ശ്വാസ തടസവും പ്രശ്നങ്ങളും മാത്രം ഉള്ളവര്‍ വരെ അതിലുണ്ട്. പുറത്തുനിന്നും ആര്‍ക്കും പ്രവേശനമില്ല. ഡോക്ടര്‍, നേഴ്സ്, അറ്റണ്ടര്‍ അങ്ങനെ ആരും സ്ഥിരമായി അതിനകത്തില്ലതാനും. രാവിലെയും ഉച്ചക്കും രാത്രിയിലും വന്ന് ഇന്‍ജെക്ഷനും മരുന്നുകളും തന്ന് അവര്‍ പോകും. അതിനിടയില്‍ ആര്‍ക്ക് എന്ത് പറ്റിയാലും ആരും അറിയില്ല. നടക്കാന്‍ ആവതുള്ളവര്‍ പുറത്തു വാതിലിനടുത്ത് പോയി കാര്യം പറഞ്ഞാല്‍ അര മണിക്കൂര്‍ കഴിയുമ്ബോള്‍ ആരെങ്കിലും വന്ന് നോക്കും. ഒന്നിനും പറ്റാത്ത ഒരാളാണെങ്കില്‍ അവിടെ കിടന്നു ചക്രശ്വാസം വലിക്കും. ഇതാണ് അവസ്ഥ. ഞങ്ങള്‍ക്ക് കഴിക്കാനുള്ള ഭക്ഷണം കട്ടിലിന്റെ മുകളില്‍ സമയമാകുമ്ബോള്‍ കൊണ്ടുവെക്കും. കഴിച്ചാലും കഴിച്ചില്ലെങ്കിലും അവര്‍ക്ക് പ്രശ്നമല്ല. അവര്‍ തങ്ങളെ ഏല്‍പ്പിച്ച ജോലി ചെയ്യുന്നു. അത്രമാത്രം. എന്റെ കട്ടിലിന്റെ തൊട്ട് മുകളിലാണ് എ.സി വെന്റ്. നല്ല തണുപ്പോടെ അതില്‍ നിന്നും ശക്തിയായി കാറ്റ് വരുന്നു. രോഗികള്‍ക്ക് പുതയ്ക്കാന്‍ പുതപ്പ് ഇല്ല. തണുത്തു വിറയ്ക്കാന്‍ തുടങ്ങി.

കട്ടില്‍ അവിടെ നിന്ന് നീക്കാന്‍ ആരെങ്കിലും വരുന്നതും നോക്കി നിന്നു. ആരും വന്നില്ല. തീരെ അവശനായിരുന്നെങ്കിലും ആദ്യ ദിവസം തന്നെ തണുത്തു മരവിച്ചു ജീവന്‍ വിടാതിരിക്കാന്‍ കട്ടിലില്‍ നിന്ന് ഇറങ്ങി അത് തള്ളിനീക്കാന്‍ ഞാന്‍ തന്നെ ശ്രമം നടത്തി. ശരീരം തളര്‍ന്നു തല കറങ്ങി കട്ടിലിലേക്കുതന്നെ വീണു. ആ ശ്രമം വിഫലമായി. ഗോകുലിനു മെസ്സേജ് അയച്ചു. എത്രയും വേഗം ഒരു പുതപ്പ് എത്തിക്കണം. അവനും വിജുവേട്ടനും വീട്ടില്‍ നിന്നും പുതപ്പുമായി വന്ന് അത് താഴെ ഏല്‍പ്പിച്ചു. അത് നാലാം നിലയില്‍ ഞാന്‍ കിടക്കുന്ന വാര്‍ഡില്‍ എത്തിയപ്പോഴേക്കും തണുത്തു മരവിച്ചു ബോധം മായുന്ന അവസ്ഥയില്‍ എത്തിയിരുന്നു ഞാന്‍. പുതപ്പുമായി വന്ന അറ്റണ്ടറോട് എസി ഓഫ് ചെയ്യാന്‍ കരഞ്ഞുപറഞ്ഞു. ഒപ്പം എന്റെ കട്ടില്‍ കുറച്ചു നീക്കാനും. അതിനു അയാള്‍ പറഞ്ഞ മറുപടി; ‘യെ സബ് മേരാ കാം നഹി ഹേ’ (ഇതൊന്നും എന്റെ ജോലിയല്ല) എന്നാണ്. ഈ മറുപടി ആദ്യം കേട്ടപ്പോള്‍ ഒന്ന് ഞെട്ടിയെങ്കിലും ആര്‍എംഎല്ലില്‍ കിടന്ന ഒരാഴ്ചക്കാലം എല്ലാ ദിവസവും കേട്ട് കേട്ട് അതിന് പുതുമ നഷ്ടപ്പെടുകയും പിന്നീടങ്ങോട്ട് ഈ വാചകം കേള്‍ക്കുമ്ബോള്‍ ഒരു നിര്‍വികാരത മാത്രം അനുഭവപ്പെടുകയും ചെയ്തു. തണുത്തു വിറച്ചു ബോധം പോകുന്നതിന് മുന്‍പ് എന്തോ ഭാഗ്യത്തിന് ഒരു മാലാഖയെപ്പോലെ നേഴ്സ് വന്നു. അവരോട് കാര്യം പറഞ്ഞു. പെട്ടെന്നുതന്നെ പനിക്കുള്ള ഒരു ഇന്‍ജെക്ഷന്‍ തന്നു. അവര്‍തന്നെ ഓടിപ്പോയി എസി ഓഫ് ചെയ്യിച്ചു. ഞാന്‍ തളര്‍ന്നുറങ്ങിപ്പോയി. രാത്രി ഏറെ വൈകി എഴുന്നേറ്റ് സ്വയം തന്നെ കട്ടില്‍ നീക്കിവെച്ചു. വീണ്ടും ഉറങ്ങാന്‍ ശ്രമിച്ചു. പറ്റിയില്ല. ആ ആശുപത്രിയില്‍ കിടന്ന ഏഴു ദിവസവും എനിക്ക് ഉറങ്ങാന്‍ സാധിച്ചിരുന്നില്ല. കണ്ണ് തുറന്നു ചുറ്റും നോക്കി കിടക്കും. തിരിയാനോ മറിയാനോ പറ്റുന്നില്ല. അത്ര ഭീകരമാണ് ശ്വാസ തടസം. ഓക്സിജന്‍ മാസ്ക് മുഴുവന്‍ സമയവും മുഖത്തുണ്ട്. അതുകൊണ്ട്, അതുകൊണ്ട് മാത്രം ശരീരത്തില്‍ ജീവനും.

ഞാന്‍ ആ കോവിഡ് വാര്‍ഡിലേക്ക് കയറിയപ്പോള്‍ എതിര്‍വശത്തെ കട്ടിലുകളില്‍ ഉള്ള രണ്ടുപേരെ ശ്രദ്ദിച്ചിരുന്നു. ഒരാള്‍ ഒരു 45 വയസ് പ്രായം വരും. മറ്റെയാള്‍ കുറച്ച്‌ കൂടുതല്‍ പ്രായമുള്ള ആളാണ്. രണ്ടുപേരും കാഴ്ചയില്‍ അത്ര വലിയ പ്രശ്നങ്ങള്‍ ഉള്ളവരല്ല. എന്നേക്കാള്‍ നന്നായി സംസാരിക്കാനും ഒക്കെ പറ്റുന്നുണ്ട്. ഒരാള്‍ സ്വയം നടന്ന് ബാത്‌റൂമിലേക്കെല്ലാം പോകുന്നുണ്ട്. പ്രായമുള്ളയാള്‍ക്ക് നടക്കാന്‍ ബുദ്ദിമുട്ട് ഉള്ളതുകൊണ്ട് ഡയപ്പര്‍ കെട്ടിക്കൊടുത്തിട്ടുണ്ട്. ഈ രണ്ടുപേരുടെയും പിന്നെ എന്റെ ഇടതുവശത്തു കിടന്നിരുന്ന ആളുടെയും മരണം നേരില്‍ കാണേണ്ടിവന്നതാണ് ഇപ്പോഴും മനസിനെ ഉലയ്ക്കുന്ന സംഭവം. കാര്യമായ പ്രശ്നങ്ങള്‍ ഇല്ലാതിരുന്ന ആ നാല്‍പതിയഞ്ചുകാരന് ഒരു ദിവസം ചെറിയ തളര്‍ച്ചപോലെ കാണപ്പെട്ടു. ഡോക്ടര്‍ വന്നപ്പോള്‍ ആയാള്‍ തന്റെ ബുദ്ധിമുട്ടുകള്‍ പറയുന്നത് കേള്‍ക്കാമായിരുന്നു. പക്ഷെ ജോലി തീര്‍ക്കാന്‍ മാത്രമായി രോഗികളെ സന്ദര്‍ശിക്കുന്ന അവിടെയുള്ള ആരോഗ്യപ്രവര്‍ത്തര്‍ക്ക് അതൊന്നും വലിയ കാര്യമായി തോന്നീട്ടുണ്ടാകില്ല. രണ്ടുദിവസത്തിനുള്ളില്‍ ആ മനുഷ്യന്‍ അന്ത്യശ്വാസം വലിച്ചു. എന്റെ കണ്മുന്നില്‍. ശ്വാസം കിട്ടാതെ പിടഞ്ഞ് ഒരു മനുഷ്യജീവന്‍ ഇല്ലാതാവുന്നത് നിസ്സഹായനായി നോക്കി ഞാന്‍ കട്ടിലില്‍ കിടന്നു. അന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ അയാള്‍ മരിച്ചിരുന്നു. അഞ്ചുമണിക്ക് ശേഷമേ വാര്‍ഡിലേക്ക് ആരെങ്കിലും വരൂ. അഞ്ചുമണിക്ക് വന്ന നേഴ്സ് ഇന്‍ജെക്ഷന്‍ നല്‍കാന്‍ പോയപ്പോളാണ് ഇയാള്‍ മരിച്ചതായി കാണുന്നത്. ഒരു ഭാവ വ്യത്യാസവും ഇല്ലാതെ അയാളുടെ ഓക്സിജന്‍ മാസ്കും കയ്യിലെ കാനുലയും മാറ്റി ബാക്കി രോഗികള്‍ക്ക് ഇന്‍ജെക്ഷനും നല്‍കി തന്റെ പണി തീര്‍ത്തു അവര്‍ പോയി. വൈകുന്നേരം ഏകദേശം 7 മണിവരെ ആ മൃതദേഹം അവിടെ അതുപോലെ കിടന്നു. 7 മണിക്ക് ശേഷമാണ് ചിലര്‍ വന്ന് അത് പൊതിഞ്ഞുകെട്ടുന്നത്. പൊതിഞ്ഞുകെട്ടുന്ന പണിയുള്ളവര്‍ അത് തീര്‍ത്തു പോയി. പിന്നെ മൃതദേഹം കൊണ്ടുപോകാന്‍ ചുമതലപ്പെട്ടവര്‍ വന്ന് അത് അവിടുന്ന് മാറ്റിയപ്പോള്‍ രാത്രി 8 മണി. അഞ്ചു മണിക്കൂറില്‍ കൂടുതലാണ് ഒരു മനുഷ്യ ശരീരം അവിടെ കിടന്നത്. അതായിരുന്നു എനിക്ക് കിട്ടിയ ആദ്യത്തെ ഷോക്ക്.

രണ്ടാമത് മരിച്ചത് എന്റെ ഇടതുവശം കിടന്നയാളാണ്. അയാളുടെ ദേഹമാസകലം പൊള്ളി ബാന്‍ഡെജ് ഇട്ടിരിക്കുകയായിരുന്നു. അതിനോടൊപ്പം കോവിഡ് കൂടി ഉള്ളതുകൊണ്ട് അയാള്‍ കൂടുതല്‍ ബുദ്ധിമുട്ടുകള്‍ പ്രകടിപ്പിച്ചിരുന്നു. ഇടയ്ക്ക് ഉച്ചത്തില്‍ കരയും. ആ കരച്ചില്‍ ആരും കേള്‍ക്കില്ല. ജോലി സമയം ആകുമ്ബോള്‍ വരുന്നവരോട് അയാള്‍ ബുദ്ധിമുട്ടുകള്‍ പറയും. ചിലര്‍ അത് കേള്‍ക്കും. ചിലര്‍ കേട്ട് തഴമ്ബിച്ച മറുപടി പറയും: ‘യേ മേരാ കാം നഹി ഹേ’. അയാളുടെ വേദനയ്ക്കോ ബുദ്ധിമുട്ടിനോ ഒരു പരിഹാരവും ആരും കണ്ടെത്തിയില്ല. ഒരു ദിവസം രാത്രി ഏറെ വൈകി, ഞാന്‍ പതിവുപോലെ ഉറക്കമില്ലാതെ മുകളിലോട്ട് നോക്കി കിടക്കുന്നു. ഇടതുവശത്തുനിന്ന് ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ ആ മനുഷ്യന്‍ ഉരുണ്ട് താഴെ വീണിരിക്കുന്നു. എന്നിട്ട് ഉറക്കെ കരയുകയാണ്. ആര് കേള്‍ക്കാന്‍? കുറച്ചുകഴിഞ്ഞപ്പോള്‍ കരച്ചില്‍ നിന്നു. അങ്ങനെ അതും കഴിഞ്ഞു. രാവിലെ ‘ജോലി’ തീര്‍ക്കാന്‍ വന്നവര്‍ അത് കണ്ടു. മരണം ഉറപ്പിച്ചു. കട്ടിലില്‍ എടുത്തു കിടത്തി. ഇപ്രാവശ്യം ആരെങ്കിലും കണ്ടുകഴിഞ്ഞു രണ്ടു മണിക്കൂര്‍ നേരമേ ആ മൃതദ്ദേഹത്തിന് അനാഥമായി കട്ടിലില്‍ കിടക്കേണ്ടിവന്നുള്ളു. രണ്ടുമണിക്കൂര്‍ കൊണ്ട് അവര്‍ ബോഡി മാറ്റി.

ഏറ്റവും ഭീകര അനുഭവം മൂന്നാമത്തെ മരണമാണ്. എന്റെ എതിര്‍ വശത്തു കിടന്നിരുന്ന കുറച്ചു പ്രായമുള്ള മനുഷ്യന്റെ മരണം. തുടക്കം തൊട്ടേ അദ്ദേഹം അവശനായിരുന്നു എങ്കിലും നന്നായി ഭക്ഷണം കഴിക്കുകയും വീട്ടിലേക്ക് എല്ലാ ദിവസവും വിളിച്ചു സംസാരിക്കുകയും ചെയ്യുമായിരുന്നു. ഒരു ദിവസം രാത്രി ഉറക്കത്തിനിടയില്‍ അദ്ദേഹത്തിന്റെ ഓക്സിജന്‍ മാസ്ക് മുഖത്തുനിന്നും മാറി. ഒരു രാത്രി മുഴുവന്‍ ഓക്സിജന്‍ ഇല്ലാതെ കിടന്നതുകൊണ്ടാവണം പിറ്റേ ദിവസം മുതല്‍ അദ്ദേഹം അബോധാവസ്ഥയിലായി. അപ്പോഴും പതിവുപോലെ 3 നേരം ഭക്ഷണം കൊടുക്കുന്ന ജോലിയുള്ളവര്‍ ഭക്ഷണവും (കട്ടിലിനു മുകളില്‍ കൊണ്ടുവച്ച്‌ പോകും. കഴിച്ചാലും കഴിച്ചില്ലെങ്കിലും ക്‌ളീനിംഗിന് വരുന്നവര്‍ അവരുടെ സമയം ആവുമ്ബോള്‍ കൃത്യമായി അത് അവിടുന്ന് മാറ്റും) ഇന്‍ജെക്ഷന്‍ കൊടുക്കുന്ന ജോലിയുള്ളവര്‍ ഇന്‍ജെക്ഷനും നല്‍കിക്കൊണ്ടിരുന്നു. ഒരു ദിവസം രണ്ടു ഡോക്ടര്‍മാര്‍ വന്ന് അദ്ദേഹത്തെ പരിശോധിച്ചു. എന്തൊക്കെയോ ചെയ്തു. ബോധം വന്നില്ല. കുറേ കഴിഞ്ഞ് അവര്‍ അവരുടെ പാട്ടിനു പോയി. അബോധാവസ്ഥയില്‍ കിടക്കുന്ന ആ മനുഷ്യന് ഓക്സിജന്‍ മാസ്ക് ശരിയായി വച്ചുകൊടുക്കാന്‍ പോലും ആരും മനസുകാണിച്ചില്ല. അങ്ങനെ മൂന്ന് ദിവസത്തോളം അബോധാവസ്ഥയില്‍ കിടന്ന് ആയുസ്സിനുവേണ്ടി പോരാടിയ ആ മനുഷ്യനെയും ഒരു ദിവസം വൈകുന്നേരം അവര്‍ പൊതിഞ്ഞുകെട്ടി. ശവങ്ങള്‍ മാറ്റി അര മണിക്കൂറിനുള്ളില്‍ തന്നെ പുതിയ രോഗികള്‍ ഓരോ കട്ടിലിലും ഇടം പിടിക്കുന്നുണ്ട്. പുതിയ രോഗികള്‍ വരുന്നതിന് മുന്‍പ് ആ കട്ടിലുകള്‍ ഒന്ന് വൃത്തിയാക്കുകപോലും ചെയ്യുന്നില്ല.

ഓക്സിജന്‍ സപ്പോര്‍ട്ട് ഇല്ലാതെ ഒരു നിമിഷം പോലും ഇരിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു ഞാന്‍ ഉണ്ടായിരുന്നത്. സംസാരിക്കാനോ ഒച്ചയെടുത്ത് ആരെയെങ്കിലും സഹായത്തിനു വിളിക്കാനോ കട്ടിലില്‍ നിന്ന് അനങ്ങാനോ പറ്റാത്ത അവസ്ഥ. മൂത്രമൊഴിക്കാന്‍ യൂറിന്‍ ഫ്ലാസ്ക് ഉണ്ട്. രാവിലെ മൂത്രമൊഴിച്ചാല്‍ വൈകുന്നേരം വരെ അത് ആ ഫ്ലാസ്കില്‍ കിടക്കും. ആരും എടുത്തു കളയില്ല. ഇടയില്‍ വരുന്ന ആരോടെങ്കിലും കളയാന്‍ പറഞ്ഞാല്‍ ഇത് തന്റെ പണിയല്ല എന്നും അതിനുള്ള ആള് വരുമ്ബോള്‍ പറയാനും പറയും. രാവിലെ മൂത്രമൊഴിച്ചു ഫ്ലാസ്ക് നിറഞ്ഞാല്‍ വൈകുന്നേരം അത് കളയുന്നത് വരെ മൊത്രമൊഴിക്കാന്‍ നിര്‍വാഹമില്ല. സ്വയം എഴുന്നേറ്റ് ബാത്‌റൂമില്‍ പോകാന്‍ പറ്റാത്തതുകൊണ്ടും ഓക്സിജന്‍ സപ്പോര്‍ട്ട് ഇല്ലാതെ പോകുന്നത് അപകടമായതുകൊണ്ടും എനിക്ക് അഡള്‍ട്ട് ഡയപ്പര്‍ കെട്ടിത്തരാന്‍ ഡോക്ടര്‍മാര്‍ ആദ്യ ദിവസം തന്നെ ആ ‘ജോലി’ ഉള്ളവര്‍ക്ക് നിര്‍ദ്ദേശം കൊടുത്തിരുന്നു. ആദ്യ ദിവസം രാവിലെ അവര്‍ കെട്ടിത്തന്നു. രാത്രി അത് അഴിച്ച്‌ പുതിയത് കെട്ടിത്തരാം എന്ന് പറഞ്ഞെങ്കിലും രാത്രി ആരും വന്നില്ല. പിറ്റേ ദിവസം രാവിലെ വന്ന അറ്റണ്ടര്‍മാരോടും നേഴ്സ്മാരോടും കാര്യം പറഞ്ഞെങ്കിലും അവര്‍ ഇത് തങ്ങളുടെ പണിയല്ല എന്ന് പറഞ്ഞു കൈ മലര്‍ത്തി. അടുത്ത ദിവസം രാവിലെയാണ് അതിന്റ ജോലിക്കാര്‍ വന്നു എന്റെ ഡയപ്പര്‍ മാറ്റുന്നത്. രണ്ടു ദിവസം സ്വന്തം വിസര്‍ജ്യത്തിനുമേല്‍ കിടക്കേണ്ടിവന്ന ആ അവസ്ഥ ഈ നിമിഷവും മനസിനെ അലട്ടുന്നുണ്ട്.

ഇത്രയും കാണുകയും അനുഭവിക്കുകയും ചെയ്തപ്പോള്‍ തന്നെ മാനസികമായി ഏറെ തളര്‍ന്നിരുന്നു ഞാന്‍. കൃത്യമായ പരിചരണം കിട്ടാത്തതുകാരണം ശരീരം ക്ഷീണിച്ചുകൊണ്ടേയിരുന്നു. മെസ്സേജ് അയച്ചു ഗോകുലിനെയും മറ്റും കാര്യങ്ങള്‍ അറിയിക്കാന്‍ പറ്റിയതുകൊണ്ട് ഓരോ സമയത്തും ഗോകുലും, വിജുവേട്ടനും, സുനീഷേട്ടനും, ലീനേച്ചിയുമെല്ലാം താഴെ വന്ന് ബഹളം വെക്കുമ്ബോള്‍ ആരെങ്കിലും വന്ന് നോക്കും. എന്നിട്ട് അവര്‍ താഴെ വന്നതിന് എന്നെ ശകാരിച്ചിട്ട് തിരിച്ചുപോകും. പതിവുപോലെ അവരുടെ സമയമാകുമ്ബോള്‍ വന്ന് ഇന്‍ജെക്ഷനും മരുന്നുകളും തന്ന് ഓക്സിജന്‍ ലെവലും നോക്കി തിരിച്ചുപോകും. എനിക്കാണെങ്കില്‍ ആരോഗ്യത്തില്‍ കാര്യമായ പുരോഗതി ഉണ്ടാകുന്നില്ല എന്നുമാത്രമല്ല ഓക്സിജന്‍ ഫ്ലോ 15 ലിറ്റര്‍ വരെ എത്തിയിട്ടും ശ്വാസതടസം മാറുന്നില്ല. ഇടയില്‍ നടത്തിയ കോവിഡ് ടെസ്റ്റ്‌ പോസിറ്റീവ് ആയി തുടരുകയും ചെയ്തു. അങ്ങനെയാണ് എങ്ങനെയെങ്കിലും നാട്ടിലേക്ക് എത്താനുള്ള ആലോചന വരുന്നത്.

എയര്‍ ആംബുലന്‍സിനുവേണ്ടി ഞാന്‍ ആശുപത്രിയില്‍ എത്തിയ ദിവസം മുതല്‍ തന്നെ എല്ലാവരും ശ്രമം നടത്തുന്നുണ്ടായിരുന്നു. പക്ഷെ പല പ്രശ്നങ്ങള്‍ കൊണ്ട് നടന്നില്ല. നാലഞ്ച് ദിവസത്തെ ശ്രമത്തിന് ശേഷം ഒരു എയര്‍ ആംബുലന്‍സ് റെഡി ആയി. അങ്ങനെ മെയ്‌ 1ന് കാലത്ത് ഞാന്‍ ആര്‍എംഎല്‍ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ടു. നേരെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക്‌. കോഴിക്കോട് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ് ചെയ്തതുമുതല്‍ കേരളത്തിന്റെ ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ കാര്യക്ഷമതയും ആരോഗ്യപ്രവര്‍ത്തകരുടെ അനുകമ്ബയും സ്നേഹവും മനസിന് വല്ലാത്ത ബലം നല്‍കി. എന്ത് പറഞ്ഞാലും ‘യേ മേരാ കാം നഹീ ഹേ’ എന്നു പറഞ്ഞു കൈ മലര്‍ത്തുന്ന, ഒരു ‘ജോലി’ തീര്‍ക്കാന്‍ മാത്രമായി രോഗികളുടെ അടുത്തേക്ക് വരുന്ന ഒരു പറ്റം ആള്‍ക്കാരുടെ ഇടയില്‍ നിന്നും വന്ന എനിക്ക് ഇവിടം സ്വര്‍ഗ്ഗമായിരുന്നു. എയര്‍ ആംബുലബിസില്‍ നിന്ന് എടുത്ത് മെഡിക്കല്‍ കോളേജിന്റെ ആംബുലസിലേക്ക് മാറ്റുന്ന സമയം മുതല്‍ ‘എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം കേട്ടോ’ എന്ന് സ്നേഹത്തോടെ പറഞ്ഞു അടുത്തിരുന്ന നഴ്സുമാരും എന്റെ ഒരാഴ്ചത്തെ ദുരിതപര്‍വ്വത്തിനുശേഷം കൈവന്ന ഏറ്റവും സന്തോഷം തന്ന അനുഭവമായിരുന്നു.

മെഡിക്കല്‍ കോളേജില്‍ നേരെ എംഐസിയു വിലേക്ക് മാറ്റി. മുഴുവന്‍ സമയവും ഡോക്ടര്‍മാരും നഴ്സുമാരും അറ്റന്‍ഡര്‍മാരും രോഗികളെ ശുഷ്രൂഷിക്കാന്‍ അവിടെയുണ്ട്. ഓരോ സമയത്തും എന്തെകിലും ബുദ്ധിമുട്ടുണ്ടോ എന്ന് അടുത്ത് വന്ന് ചോദിക്കും. സ്നേഹത്തോടെ ഭക്ഷണം തരും. ഡോക്ടര്‍മാര്‍ കൃത്യമായി കാര്യങ്ങള്‍ അന്വേഷിക്കും, ടെസ്റ്റുകള്‍ നടത്തും, അതിന് ശേഷം മരുന്നും ഇന്‍ജെക്ഷനും ആവശ്യമായ മാറ്റങ്ങള്‍ വരുത്തും. എല്ലാ ആരോഗ്യ വിവരങ്ങളും കൃത്യമായി ഗോകുലിനെയും കരീമിക്കയേയും വിളിച്ചറിയിക്കും. എല്ലാം കൊണ്ടും ഇപ്പോള്‍ ഇത്രയെങ്കിലും ആരോഗ്യം വീണ്ടെടുക്കാന്‍ എനിക്ക് സാധിച്ചത് ആ ആരോഗ്യപ്രവര്‍ത്തകരുടെ സ്നേഹവും പരിചരണവും ഒന്നുകൊണ്ടു മാത്രമാണ്.

5 ദിവസം മെഡിക്കല്‍ കോളേജ് ഐസിയു വില്‍ കിടന്ന് നല്ല പരിചരണം കിട്ടിയതോടെ ആരോഗ്യം നന്നായി മെച്ചപ്പെട്ടു. ഓക്സിജന്‍ സപ്പോര്‍ട്ട് വേണമെങ്കിലും ഫ്ലോ കുറച്ചുകൊണ്ടുവന്നു. ശ്വാസ തടസം മാറി. കോവിഡ് പരിശോധന നെഗറ്റീവ് ആയപ്പോള്‍ ഐസിയു വില്‍ നിന്ന് മാറ്റി. മെഡിക്കല്‍ കോളേജില്‍ പ്രൈവറ്റ് റൂം ഇല്ലാത്തതുകൊണ്ട് കോഴിക്കോട് ബേബി മെമോറിയല്‍ ആശുപത്രിയിലേക്ക് വന്നു. ഇനി ഓക്സിജന്‍ സപ്പോര്‍ട്ടോടുകൂടി കുറച്ചുനാള്‍ കൂടി ഇവിടെ. ഡല്‍ഹിയിലെ ആശുപത്രിയില്‍ കഴിച്ചുകൂട്ടേണ്ടിവന്ന ഭീതിജനകമായ ദിവസങ്ങള്‍ ഇപ്പോഴും മനസിന്‍ നിന്ന് മാഞ്ഞിട്ടില്ല. മെഡിക്കല്‍ കോളേജ് ഐസിയു വിലും ഞാന്‍ വന്നതിനു ശേഷം രണ്ടു മരണം നടന്നിരുന്നു. തീരെ അവശരായ, പ്രായമായ രണ്ടുപേര്‍. അത് തടയാന്‍ അവിടെ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ ശ്രമങ്ങളും രണ്ടു മിനുട്ടിനുള്ളില്‍ അവിടെ ഓടിക്കൂടിയ ഡോക്ടര്‍മാരും നഴ്സുമാരും കാണിച്ച വെപ്രാളവും ഒരു മനുഷ്യജീവന്‍ ഇവരെ സംബന്ധിച്ചിടത്തോളം എത്രത്തോളം പ്രാധാന്യമുള്ളതാണ് എന്ന് വെളിവാക്കുന്നു. ഡല്‍ഹിയിലെ ചികിത്സയുടെ (ചികിത്സ നല്‍കായ്മയുടെ) ഭീകര മുഖം വെളിവായത് മെഡിക്കല്‍ കോളേജില്‍ നിന്നും സിടി സ്കാന്‍ ചെയ്തപ്പോഴാണ്. ന്യൂമോണിയ വല്ലാതെ കൂടി രണ്ടു ശ്വാസകോശത്തെയും കാര്യമായി ബാധിച്ചിരുന്നു. ഗോകുല്‍ ആ സിടി റിപ്പോര്‍ട്ടും ഫിലിംമും കണ്ട് തമാശയ്ക്ക് പറഞ്ഞത് ‘സ്പോഞ്ച് പോലുള്ള നിന്റെ ശ്വാസകോശങ്ങള്‍ ഇപ്പോള്‍ അരിപ്പപോലെ ആയി’ എന്നാണ്. ഡല്‍ഹിയില്‍ വച്ച്‌ കൃത്യമായ കെയര്‍ കിട്ടാത്തതുകൊണ്ട് മാത്രം സംഭവിച്ചത്. കേരളത്തിലേക്ക് വരുന്നത് ഇതിലും വൈകിയിരുന്നെങ്കില്‍ ജീവന്‍ പോലും നഷ്ടപ്പെടുമായിരുന്നു.

കേരളവും ഡല്‍ഹിയും ആരോഗ്യ പരിപാലനത്തില്‍ രണ്ടു ധ്രുവങ്ങളിലാണ്. മനുഷ്യജീവനുകള്‍ക്ക്‌ ഒരു വിലയും കല്‍പ്പിക്കാത്ത ആരോഗ്യ സംവിധാനവും ആരോഗ്യ പ്രവര്‍ത്തകരുമാണ് ഡല്‍ഹിയുടെ ശാപം. ഇതാകട്ടെ സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ഇടപെടുന്നതിന്റെയും ഒരു നല്ല ആരോഗ്യ സംസ്കാരം രൂപപ്പെടുത്തുന്നതിന്റെയും കുറവുകാരണം മാത്രം ഉണ്ടാകുന്നതും. എന്നെ രക്ഷിച്ചത് കേരളമാണ്. കേരളത്തിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ പരിചരണമാണ്. ഇവിടെ ബേബി മെമോറിയല്‍ എന്ന സ്വകാര്യ ആശുപത്രിയില്‍ പോലും പ്രതിഫലിക്കുന്നത് കേരളത്തിന്റെ ഈ ആരോഗ്യ സംസ്കാരമാണ്. ദീനാനുകമ്ബയും സഹജീവിസ്നേഹവുമാണ് ആ സംസ്കാരത്തിന്റെ മുഖമുദ്ര.

മനസിന്റെ ബലമാണ് കോവിഡിനെ പ്രതിരോധിക്കാന്‍ ഏറ്റവും അത്യാവശ്യം. എന്റെ ശാരീരികാവസ്ഥയെക്കാള്‍ ഡല്‍ഹിയിലെ ആശുപത്രിയില്‍ കിടക്കുമ്ബോള്‍ കാണുകയും അനുഭവിക്കുകയും ചെയ്ത സംഭവങ്ങളാണ് മനസിനെ തളര്‍ത്തിയത്. ദിവസേനയെന്നോണം ആശ്വസിപ്പിക്കാന്‍ വിളിക്കുകയും മെസ്സേജ് അയക്കുകയും ചെയ്തവര്‍, ഓരോ സമയത്തും ഞാന്‍ പ്രയാസങ്ങള്‍ അറിയിക്കുമ്ബോള്‍ ഓടി വന്ന ഗോകുലും, വിജുവേട്ടനും, സുനീഷേട്ടനും, ലീനേച്ചിയും, നിധീഷേട്ടനും; കുടുംബത്തോടെ കോവിഡ് പിടിച്ചു കിടക്കുമ്ബോഴും എനിക്ക് ധൈര്യം തരാന്‍ ശ്രമിച്ച ഡല്‍ഹിയിലെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍; വിജുവേട്ടനെയും ഗോകുലിനെയും നിരന്തരം വിളിച്ചു ഓരോ നിമിഷവും കാര്യങ്ങള്‍ അന്വേഷിച്ചുകൊണ്ടിരുന്ന പ്രിയ സഖാക്കള്‍, സുഹൃത്തുക്കള്‍, ബന്ധുക്കള്‍, ഡല്‍ഹിയിലെയും കേരളത്തിലെയും ഓഫീസിലെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകര്‍; എല്ലാവരും തന്ന പിന്തുണയും സ്നേഹവും കൊണ്ടാണ് ഇപ്പോള്‍ ആരോഗ്യം ഇത്രയും മെച്ചപ്പെട്ടത്. ഏറ്റവും പ്രധാനമായി കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ആരോഗ്യപ്രവര്‍ത്തകരുടെ പരിചരണവും ശ്രദ്ധയും. എല്ലാവരോടും തീര്‍ത്താല്‍ തീരാത്ത നന്ദിയും സ്നേഹവും. ” രാഹുൽ കുറിച്ചു

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

‘നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ കളക്ടറെ ക്രൂശിക്കരുത്; അന്വേഷണത്തോട് സഹകരിക്കുന്നു; വ്യക്തിപരമായ ആക്രമണങ്ങള്‍ ഒഴിവാക്കണം’ അരുണ്‍ കെ വിജയനെ പിന്തുണച്ച് ഐഎഎസ് അസോസിയേഷന്‍

കണ്ണൂര്‍: എ.ഡി.എം. നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണം തുടരുന്നതിനിടെ കണ്ണൂര്‍ കളക്ടര്‍ അരുണ്‍ കെ. വിജയന് പിന്തുണയുമായി ഐ.എ.എസ്. അസോസിയേഷന്‍. നവീന്‍ ബാബുവിന്റെ മരണത്തില്‍ കളക്ടറെ ക്രൂശിക്കരുത്. അന്വേഷണത്തിന് ആവശ്യമായ സഹായം കളക്ടര്‍...

പാലക്കാട്ടെ ഹോട്ടൽ പരിശോധന: ഒന്നും കണ്ടെത്തിയില്ലെന്ന് എസിപി; സിപിഎമ്മിന്‍റെ നാടകം ജനം കാണുന്നുണ്ടെന്ന് ഷാഫി

പാലക്കാട്: ഉപതിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട്ട് കോണ്‍ഗ്രസ് നേതാക്കള്‍ താമസിക്കുന്ന ഹോട്ടല്‍മുറികളില്‍ പീസ് നടത്തിയ പരിശോധന തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുള്ള പതിവ് പരിശോധയാണെന്ന് പാലക്കാട് എസിപി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികളും പരിശോധിച്ചതായും...

ഷാനിമോൾ ഉസ്‌മാൻ്റെ മുറി തുറക്കാതെ സംഘർഷമുണ്ടാക്കിയത് കോൺഗ്രസെന്ന് എഎ റഹീം; അന്വേഷണം വേണമെന്ന് ആവശ്യം

പാലക്കാട്: പൊലീസെത്തിയപ്പോൾ ഷാനിമോൾ ഉസ്മാന്റെ മുറി തുറക്കാതെ സംഘർഷം ഉണ്ടാക്കിയത് കള്ളപ്പണം ഒളിപ്പിക്കാനെന്ന് എ.എ.റഹീം എം.പി. ഷാനി മോള്‍ ഉസ്മാന്‍റെ മുറി പരിശോധിക്കാൻ പൊലീസിനെ സമ്മതിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. ബിന്ദു കൃഷ്ണ ഉള്‍പ്പെടെയുള്ളവർ...

ഇസ്രയേലിൽ നാടകീയ നീക്കങ്ങൾ; പ്രതിരോധമന്ത്രിയെ പുറത്താക്കി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

ജറുസലേം: ഇസ്രയേല്‍ പ്രതിരോധമന്ത്രി യൊഹാവ് ഗലാന്റിനെ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു മന്ത്രിസഭയില്‍നിന്ന് പുറത്താക്കി. രാജ്യത്തിന്റെ നിലവിലെ സൈനിക ഓപ്പറേഷനുകള്‍ കൈകാര്യംചെയ്യുന്നതില്‍ അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിരോധമന്ത്രിയെ പ്രധാനമന്ത്രി പുറത്താക്കിയത്.കഴിഞ്ഞ ഏതാനുംമാസങ്ങളായി ആ...

ഹോട്ടലിലെ12 മുറികൾ പരിശോധിച്ചു, ഒന്നും കണ്ടെത്താനായില്ല; നടന്നത് പതിവ് പരിശോധനയെന്ന് പോലീസ്

പാലക്കാട്: നഗരത്തിലെ ഹോട്ടലില്‍ നടന്നത് തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പതിവ് പരിശോധനയെന്ന് എ.സി.പി. അശ്വതി ജിജി. പരിശോധനയില്‍ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും ഹോട്ടലിലെ 12 മുറികൾ പരിശോധിച്ചതായും എ.സി.പി. മാധ്യമങ്ങളോട് പറഞ്ഞു. പരിശോധനയ്ക്ക് തടസ്സമൊന്നും ഉണ്ടായില്ല. ആരുടെയും...

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.