KeralaNews

എട്ടു വയസുകാരിയുടെ മരണം കൊലപാതകം? 20 കിലോ ഉയര്‍ത്തിയപ്പോള്‍ വള്ളി പൊട്ടിവീണു; നിര്‍ണായകമായി ഡമ്മി പരീക്ഷണം

മൂന്നാര്‍: ഇടുക്കിയില്‍ രണ്ടര വര്‍ഷം മുന്‍പ് നടന്ന എട്ടു വയസ്സുകാരിയുടെ മരണം കൊലപാതകമെന്ന് സംശയം. പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം നടത്തിയ ഡമ്മി പരീക്ഷണമാണ് കൊലപാതകത്തിലേക്ക് വിരല്‍ ചൂണ്ടുന്നത്. കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ പ്ലാസ്റ്റിക് വള്ളി കുട്ടിയുടെ ഭാരം താങ്ങില്ലെന്നും മരിച്ച ശേഷം ആരോ കുട്ടിയുടെ കഴുത്തില്‍ വള്ളി ചുറ്റിയതാവാമെന്നും പോലീസ് പറയുന്നു.

2019 സെപ്റ്റംബര്‍ 9നാണ് കണ്ണന്‍ ദേവന്‍ കമ്പനി ഗുണ്ടുമല എസ്റ്റേറ്റ് ബെന്‍മൂര്‍ ഡിവിഷനില്‍ പെണ്‍കുട്ടിയെ വീടിനുള്ളില്‍ കഴുത്തില്‍ കയര്‍ കുരുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍, പെണ്‍കുട്ടി പലതവണ പീഡനത്തിന് ഇരയായിരുന്നതായി കണ്ടെത്തിയതോടെയാണ് മരണത്തില്‍ ദുരൂഹത ഉയര്‍ന്നത്. അന്നത്തെ മൂന്നാര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ ജില്ലാ പൊലീസ് മേധാവി നിയോഗിച്ചെങ്കിലും അന്വേഷണത്തില്‍ തുമ്പുണ്ടായില്ല.

കഴിഞ്ഞ വര്‍ഷം ജില്ലാ നര്‍കോട്ടിക് സെല്‍ ഡിവൈഎസ്പി എ ജി ലാലിന്റെ നേതൃത്വത്തില്‍ പുതിയ സംഘത്തെ അന്വേഷണത്തിന് ചുമതലപ്പെടുത്തി. ശാസ്ത്രീയ തെളിവുകള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം സംഭവം നടന്ന വീട്ടിലെത്തി ഡമ്മി പരീക്ഷണം നടത്തിയത്. കുട്ടിയുടെ തൂക്കത്തിനു സമാനമായ ഭാരമുള്ള ഡമ്മിയാണ് പരീക്ഷണത്തിന് ഉപയോഗിച്ചത്.

മരണ സമയത്ത് കുട്ടിയുടെ കഴുത്തില്‍ കുരുങ്ങിയിരുന്ന പ്ലാസ്റ്റിക് വള്ളിയുടെ അതേ വലുപ്പത്തിലുള്ള വള്ളി ഇതിനായി ഉപയോഗിച്ചു. കുട്ടിയുടെ ഭാരം 28 കിലോയായിരുന്നു. 20 കിലോ ഉയര്‍ത്തിയപ്പോള്‍ തന്നെ വള്ളി പൊട്ടിവീണു. കുട്ടി മരിച്ചുകിടന്ന മുറിയുടെ മച്ചില്‍ കയര്‍ കുരുക്കണമെങ്കില്‍ ഏണിയോ കസേരയോ വേണമായിരുന്നു.എന്നാല്‍ മരണ സമയത്ത് മുറിയില്‍ ഇത്തരം സാധനങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഈ രണ്ടു കാരണങ്ങളാണ് കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാകാം എന്ന സംശയം ബലപ്പെടുത്തുന്നത്. മരണസമയത്ത് കഴുത്തില്‍ കുരുങ്ങിയ കയര്‍ തനിയെ പൊട്ടി വീണതാണോ അതോ മുറിച്ചിട്ടതാണോ എന്ന് ഉറപ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. സംഭവം ആദ്യം കണ്ടവര്‍ ഈ കയര്‍ ഒന്‍പത് കഷണങ്ങളായി മുറിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button