കഫക്കെട്ടിന് ചികിത്സ തേടി, ഇഞ്ചെക്ഷന്‍ എടുത്തതിന് പിന്നാലെ 12കാരന്‍ മരിച്ചു; ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

കോഴിക്കോട്: നാദാപുരത്ത് കഫക്കെട്ടിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ പന്ത്രണ്ട് വയസുകാരന്‍ മരിച്ചു. ചികിത്സ പിഴവാണ് മരണകാരണം എന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. സംഭവത്തില്‍ പോലീസ് കേസ് എടുത്തു.കുറ്റ്യാടി വട്ടോളി പടിക്കലക്കണ്ടി രജീഷിന്റെ മകന്‍ തേജ് ദേവ് ആണ് മരിച്ചത്.

ഇന്‍ജെക്ഷന്‍ നല്‍കിയതിനെ തുടര്‍ന്നുണ്ടായ അലര്‍ജിയാണ് മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. കഫക്കെട്ടിന് തേജ് ദേവ് നാദാപുരത്തെ ന്യൂക്ലിയസ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. അസുഖം കുറയാതെ വന്നതോടെ തിങ്കളാഴ്ച രാവിലെ വീണ്ടും ആശുപത്രിയിലെത്തി. ആശുപത്രിയില്‍ നിന്ന് ഇഞ്ചക്ഷന്‍ നല്‍കിയതിന് പിന്നാലെ ശരീരത്തില്‍ ചൊറിച്ചില്‍ അനുഭവപ്പെട്ടു.

ദേഹം നീല നിറമായി. ഉടന്‍ കുട്ടിയെ തലശേരിയിലെ മറ്റൊരു ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചികിത്സ പിഴവാണ് മരണ കാരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഇഞ്ചെക്ഷന്‍ മാറിയതാണ് കുട്ടിയുടെ മരണകാരണമെന്ന് കുട്ടിയുടെ ബന്ധുക്കള്‍ ആരോപിക്കുന്നു.

എന്നാല്‍ ടെസ്റ്റ് ഡോസ് നല്‍കിയപ്പോള്‍ പ്രശ്നങ്ങള്‍ ഉണ്ടായില്ലെന്നും അതിനാലാണ് മരുന്ന് നല്‍കിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News