അഹമ്മദാബാദ്: ബാബറിന്റെയും റിസ്വാന്റെയും ചിറകിലേറി കുതിച്ചുപാഞ്ഞ പാകിസ്താനെ മധ്യ ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പിടിച്ചുകെട്ടിയ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കി. 36 റണ്‍സിനിടെയാണ് പാകിസ്താന്റെ എട്ട് വിക്കറ്റുകള്‍ ഇന്ത്യ എറിഞ്ഞിട്ടത്. ബൗളര്‍മാരുടെ മികച്ച പ്രകടനത്തിനൊപ്പം ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളും ഇന്ത്യയുടെ പ്രകടനത്തില്‍ നിര്‍ണായകമായി.
ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന് ആകെ ആശ്വസിക്കാനുണ്ടായിരുന്നത്. രണ്ട് വെല്ലുവിളിയും മറികടന്ന ഇന്ത്യ ചിരവൈരികളെ 191 റണ്‍സില്‍ തളച്ചു.
തരക്കേടില്ലാതെയാണ് പാക് ഇന്നിങ്‌സ് തുടങ്ങിയത്. എന്നാല്‍ എട്ടാം ഓവറില്‍ അബ്ദുള്ള ഷഫീഖിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി മുഹമ്മദ് സിറാജാണ് വിക്കറ്റ് വേട്ടയിക്ക് തുടക്കമിട്ടത്. 24 പന്തില്‍ 20 റണ്‍സെടുത്താണ് ഷഫീഖ് മടങ്ങിയത്. പിന്നാലെ നിലയുറപ്പിച്ച ഇമാം ഉള്‍ ഹഖിനെ മടക്കി ഹാര്‍ദിക് പാണ്ഡ്യയും നിര്‍ണായക സാന്നിധ്യമായി.
എന്നാല്‍ മൂന്നാം വിക്കറ്റില്‍ ഒന്നിച്ച ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ സഖ്യം ക്ഷമയോടെ സ്‌കോര്‍ മുന്നോട്ടുചലിപ്പിച്ചു. 82 റണ്‍സ് ചേര്‍ത്ത ഈ സഖ്യം വെല്ലുവിളിയാകുമെന്ന ഘട്ടത്തില്‍ സിറാജ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തി. ഫോം വീണ്ടെടുത്ത് 58 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിടക്കം 50 റണ്‍സെടുത്ത ബാബറിന്റെ കുറ്റി തെറിപ്പിച്ച സിറാജ് ഇന്ത്യയ്ക്ക് നിര്‍ണായക വിക്കറ്റ് സമ്മാനിച്ചു. ബാബറാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍.
തുടര്‍ന്ന് 33-ാം ഓവറില്‍ സൗദ് ഷക്കീലിനെയും (6), ഇഫ്തിഖര്‍ അഹമ്മദിനെയും (4) പുറത്താക്കിയ കുല്‍ദീപ് യാദവ് പാകിസ്താനെ പ്രതിരോധത്തിലാക്കി. 34-ാം ഓവറില്‍ റിസ്വാന്റെ പ്രതിരോധം ബുംറ തകര്‍ത്തതോടെ മത്സരത്തിലെ പാകിസ്താന്റെ പിടി അയഞ്ഞു. 69 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയടക്കം 49 റണ്‍സായിരുന്നു റിസ്വാന്റെ സമ്പാദ്യം.
ഷദാബ് ഖാന്‍ (2), മുഹമ്മദ് നവാസ് (4), ഹസന്‍ അലി (12), ഹാരിസ് റൗഫ് (2) എന്നിവരെ വേഗത്തില്‍ മടക്കി ഇന്ത്യ, പാക് ഇന്നിങ്‌സ് അവസാനിപ്പിച്ചു.ഇന്ത്യയ്ക്കായി ബുംറ, സിറാജ്, ഹാര്‍ദിക്, കുല്‍ദീപ്, ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നേരത്തെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഡെങ്കിപ്പനി കാരണം ആദ്യ രണ്ട് മത്സരങ്ങളില്‍ പുറത്തിരുന്ന ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍ ഇന്ന് കളിക്കുന്നുണ്ട്. ഇഷാന്‍ കിഷന് പകരമായിട്ടാണ് ഗില്‍ കളിക്കുന്നത്.