തിരുവനന്തപുരം: മയക്കുമരുന്ന് കണ്ടെത്താൻ നഗരത്തിൽ നടത്തിവരുന്ന റെയ്ഡിന്റെ ഭാഗമായി മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി എട്ടുപേർ അറസ്റ്റിലായി. ബില്ലാ ബോയ്‌സ് എന്നറിയപ്പെടുന്ന സംഘത്തിലെ ആറ് പേരെ വലിയതുറ പൊലീസും മറ്റ് രണ്ടുപേരെ വഞ്ചിയൂർ പൊലീസുമാണ് അറസ്റ്റ് ചെയ്തത്. ശംഖുംമുഖം സബ് ഡിവിഷനിലെ പ്രത്യേക സംഘത്തിന്റെ നേതൃത്വത്തിൽ വലിയതുറ പൊലീസ് നടത്തിയ നീക്കത്തിലാണ് വലിയതുറ സ്വദേശി ഷാനു (24), സുലൈമാൻ സ്ട്രീറ്റ് സ്വദേശി ഷിഹാസ് (21), പുതുവൽ പുത്തൻ വീട്ടിൽ അച്ചു (23), എയർപോർട്ട് റോഡിന് സമീപം ഷമി മൻസിലിൽ സെയ്ദലി (20), സുലൈമാൻ സ്ട്രീറ്റിൽ അൽ അമീൻ(22), വലിയതുറ സ്വദേശി അൻസൽ റഹ്മാൻ(21) എന്നിവർ അറസ്റ്റിലായത്.
നഗരത്തിലെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വിൽക്കുന്നതിനായി പ്രതികൾ വലിയതുറയിലെ വീട്ടിൽ ഒരുമിച്ചു ചേരുകയായിരുന്നു. നഗരത്തിലെ സ്‌കൂൾ കോളേജുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്ന് വില്പന നടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായവർ. ഇവരിൽ നിന്ന് 3.76 ഗ്രാം എം.ഡി.എം.എയും പിടികൂടി. പിടിയിലായ ഷാനു ആര്യങ്കാവ് ചെക്ക് പോസ്റ്റ് വഴി ലഹരി മരുന്ന് കടത്തിയ കേസിലും വലിയതുറ സ്റ്റേഷനിൽ വധശ്രമക്കേസിലും പ്രതിയാണ്. മറ്റൊരു പ്രതിയായ അൽ അമീൻ നിരവധി അടിപിടി കേസുകളിലെ പ്രതിയാണ്. ശംഖുംമുഖം എ.സി ഡി.കെ. പൃഥ്വിരാജിന്റെ നേതൃത്വത്തിൽ വലിയതുറ എസ്.എച്ച്.ഒ ടി. സതികുമാർ ഉൾപ്പെടെയുള്ള സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വഞ്ചിയൂർ പൊലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ എത്തിയ വിഴിഞ്ഞം കോട്ടപ്പുറം സ്വദേശികളായ ബെൻസൺ ബെന്നി, ടിനോ പെരേര എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്ന് 0.84 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കുമെന്നു പൃഥ്വിരാജ് അറിയിച്ചു.