പരിയാരം: അബദ്ധത്തില്‍ മരക്കഷണം വിഴുങ്ങിയതിനെത്തുടര്‍ന്ന് ശ്വാസതടസം നേരിട്ട് ഗുരുതരാവസ്ഥയിലായ കുഞ്ഞിനെ കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സങ്കീര്‍ണ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. അത്യാധുനിക കാമറ സഹിതമുള്ള നവീന റിജിഡ് ബ്രോങ്കോ സ്‌കോപ്പി ചികിത്സ നടത്തിയാണ് എട്ടു മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശത്തില്‍ കുടുങ്ങിക്കിടന്ന മരക്കഷണം പുറത്തെടുത്തത്.
അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കൈയില്‍ കിട്ടിയ സാധനം കുഞ്ഞ് വായിലേക്കിട്ടത്. കുട്ടിയുടെ അമ്മ വായില്‍ കൈയിട്ട് പുറത്തെടുക്കാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ട കുഞ്ഞിനെ ഉടന്‍തന്നെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടിയന്തര ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ ഉടന്‍ തന്നെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. പരിശോധനയില്‍ വലത്തെ ശ്വാസകോശത്തില്‍ എന്തോ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തുകയായിരുന്നു.
എട്ടു മാസം മാത്രം പ്രായമുള്ള കുട്ടിയായതിനാല്‍ ശസ്ത്രക്രിയ നടത്തുന്നത് സങ്കീര്‍ണമായിരുന്നു. ശ്വാസോച്ഛ്വാസം പൂര്‍വസ്ഥിതിയിലാക്കാന്‍ അടിയന്തര ചികിത്സ ആവശ്യമായിരുന്നതിനാല്‍ അനസ്‌തേഷ്യ നല്‍കിയശേഷമാണ് ചികിത്സ നടത്തിയതെന്ന് പ്രിന്‍സിപ്പല്‍ ഡോ കെ. അജയകുമാറും ആശുപത്രി സൂപ്രണ്ട് ഡോ. കെ. സുദീപും അറിയിച്ചു.