പ്ലസ് ടൂ പരീക്ഷയിലെ ഓൺ സ്‌ക്രീൻ മാർക്കിങ്; ആശങ്ക തള്ളി വിദ്യാഭ്യാസ മന്ത്രാലയം

ന്യൂഡൽഹി: ഓൺ സ്‌ക്രീൻ മാർക്കിങ് സംവിധാനം (ഒ.എസ്.എം.) 12-ാം ക്ലാസ് പരീക്ഷയിൽ വിദ്യാർഥികളുടെ മാർക്കിനെ ദോഷകരമായി ബാധിക്കുമെന്ന ആശങ്ക തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം. ഒ.എസ്.എം. സംവിധാനം പിഴവുകളില്ലാത്തതാണെന്നും സുതാര്യമായ ഉത്തരക്കടലാസ് പരിശോധനയ്ക്കായി അന്താരാഷ്ട്രതലത്തിൽ പിന്തുടരുന്ന മാതൃകയാണെന്നും വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പുനർമൂല്യനിർണയത്തിനും ഉത്തര ക്കടലാസ് ഒത്തുനോക്കലിനുമുള്ള ഫീസ് 100 രൂപയാക്കി കുറച്ചതായും അറിയിച്ചു.

12-ാം ക്ലാസ് പരീക്ഷയിൽ 98 ലക്ഷം ഉത്തരക്കടലാസ് സ്‌കാൻ ചെയ്തപ്പോൾ മൂന്നു തലത്തിലുള്ള സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നു. തുടർച്ചയായി സൂക്ഷ്മ പരിശോധന നടത്തിയിട്ടും ചില ഉത്തരക്കടലാസുകളിലെ മഷി ഇളം നിറത്തിലുള്ളതായതിനാൽ വ്യക്തതക്കുറവിന്റെ പ്രശ്‌നങ്ങളുണ്ടായി. ഈ ഉത്തരക്കടലാസുകൾ നേരിട്ടു പരിശോധിച്ച് മാർക്കിടാൻ നിർദേശിക്കുകയായിരുന്നു. 13,000 ഉത്തരക്കടലാസുകൾ നേരിട്ട് പരിശോധിച്ചു. ഇതിനുശേഷമാണ് മാർക്കുകൾ സിസ്റ്റത്തിൽ രേഖപ്പെടുത്തിയതെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലെ സ്കൂൾ വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി സഞ്ജയ് കുമാർ പത്രസമ്മേളനത്തിൽ പറഞ്ഞു.

12-ാം ക്ലാസിലെ വിജയശതമാനത്തിലും മാർക്കിലുമുണ്ടായ കുറവ് ഒ.എസ്.എം. സംവിധാനം കാരണമാണെന്ന് വിദ്യാർഥികളും രക്ഷിതാക്കളും ആശങ്ക പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ സെക്രട്ടറിയുടെ വിശദീകരണം.

ഒ.എസ്.എം. സംവിധാനം പുതിയതല്ലെന്നും 2014-ൽ സി.ബി.എസ്.ഇ. ഈ രീതി പരീക്ഷിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പുനഃപരിശോധനയ്ക്കും ഉത്തരക്കടലാസ് ഒത്തുനോക്കുന്നതിനുമുള്ള ഫീസ് കുറച്ചത് വിദ്യാർഥികളുടെ ആശങ്ക പരിഹരിക്കുന്നതിനാണെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരക്കടലാസ് കാണാൻ 100 രൂപ ഫീസ് അടച്ചാൽ മതി. നേരത്തേ ഇത് 700 രൂപയായിരുന്നു. ഉത്തരക്കടലാസ് പരിശോധിക്കാനുള്ള ഫീസ് 500 രൂപയിൽനിന്ന് 100 രൂപയായി കുറച്ചു. പ്രത്യേക ഉത്തരം വീണ്ടും പരിശോധിക്കണമെങ്കിൽ അതിനായി ഓരോ ചോദ്യത്തിനും 25 രൂപ അടയ്ക്കണം. പുനർ മൂല്യനിർണയത്തിൽ വിദ്യാർഥിയുടെ മാർക്ക് കൂടിയാൽ പുനഃപരിശോധനയ്ക്കായി അടച്ച ഫീസ് മടക്കിനൽകുമെന്നും വിദ്യാഭ്യാസസെക്രട്ടറി പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News