സ്‌കൂള്‍ തുറക്കല്‍; മാര്‍ഗരേഖ ഒക്‌ടോബര്‍ അഞ്ചിനകമെന്ന് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മാര്‍ഗരേഖ ഒക്ടോബര്‍ അഞ്ചിനകം പ്രസിദ്ധീകരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. വിവിധ വകുപ്പുകളുമായി ഏകദേശ ധാരണയായിട്ടുണ്ട്. വരും ദിവസങ്ങളില്‍ അധ്യാപക, വിദ്യാര്‍ഥി സംഘടനകളുടെ യോഗം വിളിക്കുമെന്നും മന്ത്രി പറഞ്ഞു.

നവംബര്‍ ഒന്ന് മുതല്‍ സ്‌കൂളുകള്‍ തുറക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ആഴ്ചയില്‍ മൂന്ന് ദിവസം ഉച്ചവരെയാകും ക്ലാസുകള്‍ നടത്തുക. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗകര്യം ഉറപ്പാക്കാനാണ് വകുപ്പിന്റെ തീരുമാനം. ബസ് സര്‍വീസ് ക്രമീകരണത്തെക്കുറിച്ച് ഗതാഗതമന്ത്രിയും വിദ്യാഭ്യാസമന്ത്രിയും ഇന്ന് വെകിട്ട് ചര്‍ച്ച നടത്തും.

കെ എസ് ആര്‍ ടി സിയുടെ ബോണ്ട് സര്‍വ്വീസുകള്‍ വേണമെന്ന് പല സ്‌കൂളുകളും ആവശ്യപ്പെട്ടിട്ടുണ്ട്. വിദ്യാര്‍ത്ഥികള്‍ക്കുള്ള കണ്‍സെഷന്‍ നിരക്ക് സംബന്ധിച്ചും ഇന്നത്തെ യോ?ഗം തീരുമാനമെടുക്കും. ഗതാഗതവകുപ്പിലേയും വിദ്യാഭ്യാസ വകുപ്പിലേയും ഉന്നത ഉദ്യോഗസ്ഥരും ചര്‍ച്ചയില്‍ പങ്കെടുക്കും. ആഴ്ചയില്‍ മൂന്ന് ദിവസം മാത്രം ബാച്ച് തിരിച്ച് ഉച്ചവരെ ക്‌സാസ് നടത്താനാണ് തീരുമാനം. സമാന്തരമായി വിക്ടേഴ്‌സ് വഴിയുള്ള ക്ലാസും തുടരും. അതുകൊണ്ടുതന്നെ സ്‌കൂളിലേക്ക് എത്തുന്ന കുട്ടികളുടെ എണ്ണം പരിമിതമായിരിക്കും.

നവംബറില്‍ ക്ലാസ് തുടങ്ങിയാലും മാര്‍ച്ചിലെ പൊതുപരീക്ഷക്ക് മുമ്പ് നാലരമാസത്തോളം മാത്രമാണ് കിട്ടുക. ഇടക്ക് വീണ്ടും കൊവീഡ് ഭീഷണി കനത്താലുള്ള സ്ഥിതിയും പരിഗണിക്കുന്നുണ്ട്. അക്കാഡമിക് കാര്യങ്ങളില്‍ പൊതുവിദ്യാഭ്യാസ സെക്രട്ടറിയും ഡയറക്ടറും കൂടിയാലോചന നടത്തി മാര്‍ഗ്ഗരേഖ തയ്യാറാക്കും. വിക്ടേഴ്‌സ് പഠനവും സ്‌കൂളിലെ പഠനവും പരിശോധിച്ചാകും പരീക്ഷക്കുള്ള പൊതുമാനദണ്ഡം ഉണ്ടാക്കുക.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News