കൊച്ചി:പീഡനക്കേസില്‍ കോടതി തീരുമാനം വരുന്നത് മുന്‍പ് വിജയ് ബാബുവിനെ എഎംഎംഎയില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്ന് ഇടവേള ബാബു. കൊച്ചിയിലെ നടന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിനുശേഷമാണ് ഇടവേള ബാബു ഇക്കാര്യം പറഞ്ഞത്. എഎംഎംഎ ഒരു ക്ലബ് മാത്രമാണെന്നും വിജയ് ബാബു അംഗമായ മറ്റ് ക്ലബുകള്‍ അദ്ദേഹത്തെ പുറത്താക്കിയിട്ടില്ലെന്നും ഇടവേള ബാബു അവകാശപ്പെട്ടു.
ഇടവേള ബാബു പറഞ്ഞത്: ”കോടതി വിധി നമ്മളെല്ലാം കാത്ത് നില്‍ക്കുവാണല്ലോ. നിങ്ങളും ഞങ്ങളും എല്ലാം കാത്തിരിക്കുവാണ്. കോടതി പറയട്ടേ. കൊച്ചിയിലെ എട്ടോ ഒന്‍പതോ ക്ലബുകളില്‍ അദ്ദേഹം അംഗമാണ്. അവിടെ എവിടെ നിന്നും അദ്ദേഹത്തെ പുറത്താക്കിയിട്ടില്ല. യഥാര്‍ത്ഥത്തില്‍ ‘അമ്മ’ സംഘടനയൊരു ക്ലബ് തന്നെയാണ്. അവിടെയൊന്നും അദ്ദേഹം രാജിവച്ചിട്ടില്ല. പിന്നെ ഇവിടെന്താ വരാന്‍ പ്രശ്‌നം. ആ വിഷയം അങ്ങ് വിട്ടേക്ക്. കോടതി വിധി വരട്ടേ. കൃത്യമായ കോടതി വിധിക്ക് അനുസരിച്ച് ‘അമ്മ’ പ്രവര്‍ത്തിക്കും. ഇപ്പോള്‍ അടുത്തൊരു വിഷയത്തിലേക്ക് പോകാം.”
വിജയ് ബാബു വിനെതിരെ കോടതി വിധി വന്നിട്ടില്ലല്ലോ എന്നായിരുന്നു സിദ്ദിഖിന്റെ ചോദ്യം. വിജയ് ബാബു തെരഞ്ഞെടുക്കപ്പെട്ട അ൦ഗമാണ്. കൃത്യമായ കാരണങ്ങളില്ലാതെ പുറത്താക്കാനാകില്ല. ദിലീപിനെ പുറത്താക്കാൻ അന്നെടുത്ത തീരുമാനം തെറ്റായിരുന്നെന്നും സിദ്ദിഖ് പറഞ്ഞു.
‘അമ്മ’യുടെ ആഭ്യന്തര പരാതി പരിഹാര സെൽ ഇല്ലാതായി എന്ന് ഇടവേള ബാബു പറഞ്ഞു. സിനിമയ്ക്ക് മുഴുവനായി പരാതി പരിഹാര സെൽ എന്ന നിലയിലാകും ഇനി പ്രവർത്തിക്കുക. കേരള ഫിലിം ചേംബറിന്റെ കീഴിലാകും ഈ പരാതി പരിഹാര സെൽ പ്രവ൪ത്തിക്കുക എന്നു൦ ഇടവേള ബാബു പറഞ്ഞു. ‘അമ്മ’ തൊഴിൽ ദാതാവല്ല. ദിലീപ് വിഷയത്തിന് ശേഷ൦ ബൈലോയിൽ ഭേദഗതി വരുത്തി. പുതിയ നടപടികൾ ഈ ഭേദഗതി പ്രകാരമാണെന്നും ഇടവേള ബാബു വിശദീകരിച്ചു.
അവശരായ അംഗങ്ങൾക്ക് ആജീവനാന്ത സഹായം നൽകാൻ ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ തീരുമാനം. വാ൪ധക്യകാലത്ത് അംഗങ്ങൾക്ക് സ൦ഘടന അഭയ കേന്ദ്രമാകുമെന്ന് പ്രസിഡന്റ് മോഹൻലാൽ പറഞ്ഞു. ഇതിനുള്ള പണം കണ്ടെത്താൻ അ൦ഗത്വ ഫീസ് കൂട്ടാൻ തീരുമാനിച്ചതായും ‘അമ്മ’ ഭാരവാഹികൾ വ്യക്തമാക്കി. ജിഎസ്‍ടി ഉൾപ്പെടെ രണ്ട് ലക്ഷത്തി അയ്യായിര൦ (2,05,000) രൂപയായിരിക്കും ഇനി അംഗത്വ ഫീസ്. നേരത്തെ ഒരു ലക്ഷം രൂപയായിരുന്നതാണ് ഇരട്ടിയിലേറെ വർധിപ്പിച്ചത്. ഈ തുക അംഗങ്ങൾ തവണകളായി അടച്ചാൽ മതിയാകും എന്നും ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. സംഘടനയുടെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സ്റ്റേജ് ഷോ സംഘടിപ്പിക്കാൻ തീരുമാനിച്ചതായും അമ്മ ഭാരവാഹികൾ അറിയിച്ചു.
രാവിലെ ആരംഭിച്ച ‘അമ്മ’ ജനറൽ ബോഡി യോഗത്തിൽ വിജയ് ബാബു പങ്കെടുത്തിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയത്തിൽ പ്രതികരിക്കാനില്ലെന്ന് യോഗത്തിന് കയറിപ്പോകവേ വിജയ് ബാബു പറഞ്ഞു. വിജയ് ബാബു വിഷയവുമായി ബന്ധപ്പെട്ട് ‘അമ്മ’ പരാതി പരിഹാര സെല്ലിൽ നിന്ന് രാജിവച്ച നടി ശ്വേത മേനോനും യോഗത്തിൽ പങ്കെടുത്തു. കൊവിഡ് ക്വാറന്‍റീനിലായതിനാല്‍ നടി മാല പാർവതി യോഗത്തിൽ പങ്കെടുത്തില്ല. വിജയ് ബാബു യോഗത്തിൽ പങ്കെടുത്തതിനെ ഡബ്ല്യുസിസി (WCC) വിമർശിച്ചു. സ്ത്രീകളോട് ‘അമ്മ’ കാട്ടുന്ന സമീപനം കാണുമ്പോള്‍ അത്ഭുതമില്ലെന്ന് ദീദി ദാമോദരന്‍ പറഞ്ഞു.