കോഴിക്കോട്: വിനീത് ശ്രീനിവാസന്‍ നായകനായ മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സിനെതിരെ രൂക്ഷ വിമർശനവുമായി നടൻ ഇടവേള ബാബു. സിനിമ ഫുൾ നെഗറ്റീവാണെന്നും ചിത്രത്തിനെങ്ങനെ സെൻസറിംഗ് കിട്ടിയെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
‘മുകുന്ദനുണ്ണി എന്ന് പറയുന്നൊരു സിനിമ ഇവിടെ ഇറങ്ങി. ഇതിന് എങ്ങനെ സെൻസറിംഗ് കിട്ടിയെന്ന് എനിക്കറിയില്ല. കാരണം ഫുൾ നെഗറ്റീവാണ്. പടം തുടങ്ങുന്നത് തന്നെ ഞങ്ങൾക്കാരോടും നന്ദി പറയാനില്ലെന്നാണ്. അതിന്റെ കൈമാക്സിൽ നായിക പറയുന്ന ഡയലോഗ് ഇവിടെ ഉപയോഗിക്കാൻ പറ്റില്ല.
സിഗരറ്റ് വലിക്കുന്നതിനും മദ്യം കുടിക്കുന്നതിനും മൂന്ന് പ്രാവശ്യമെങ്കിലും എഴുതിക്കാണിക്കണം അടിയിൽക്കൂടെ. എന്നാൽ ഈ സിനിമ നിങ്ങൾ കാണണം. പുൾ നെഗറ്റീവ്. അങ്ങനൊരു സിനിമ ഇവിടെ ഓടിയ സിനിമയാണ്. നിർമാതാവിന് ലാഭം കിട്ടിയ സിനിമയാണ്. ആർക്കാണ് ഇവിടെ മൂല്യച്യുതി സംഭവിച്ചത്. ഞാൻ വിനീത് ശ്രീനിവാസനെ വിളിച്ചുചോദിച്ചു.
വിനീതേ എങ്ങനെ ഈ സിനിമയിൽ അഭിനയിച്ചെന്ന്. ഏഴോളം നായകന്മാരുടെയടുത്ത് കഥ പറഞ്ഞിട്ടും ആരും തയ്യാറായില്ലെന്നാണ് വിനീത് പറഞ്ഞത്. വിനീതിന് ഒഴിഞ്ഞുമാറാൻ കഴിയില്ല, അസിസ്റ്റന്റാണ് ആ പടം സംവിധാനം ചെയ്തത്.’- ഇടവേള ബാബു പറഞ്ഞു.