മലപ്പുറം: സദാചാര പോലീസ് ചമഞ്ഞെത്തിയവര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിയെയും സഹോദരനെയും അപമാനിച്ചെന്നും പിന്നാലെ ആക്രമണം നടത്തിയെന്നുമുള്ള പരാതിയില്‍ സി.പി.എം. പ്രാദേശിക നേതാവ് ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍. സി.പി.എം. എടവണ്ണ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എം.ജാഫര്‍, സി.പി.എം. പഞ്ചായത്ത് അംഗമായ ജസീല്‍, പി.കെ. മുഹമ്മദലി, ശില്‍പിയായ പി.അബ്ദുള്‍ കരീം, കെ. അബ്ദുള്‍ ഗഫൂര്‍ എന്നിവരെയാണ് എടവണ്ണ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ഥിനിക്കും സഹോദരനും നേരേ സദാചാര ഗുണ്ടായിസം അരങ്ങേറിയത്. ബസ് സ്റ്റാന്‍ഡില്‍ സംസാരിച്ച് നില്‍ക്കുകയായിരുന്ന ഇരുവരെയും സദാചാര ഗുണ്ടകള്‍ അപമാനിക്കുകയും ഇവരുടെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതി. ഇത് ചോദ്യംചെയ്ത സഹോദരനെയും സുഹൃത്തുക്കളെയും പ്രതികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായും പരാതിയില്‍ പറഞ്ഞിരുന്നു.
ഈ സംഭവത്തിന് പിന്നാലെയാണ് സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായ വിവാദ ഫ്‌ളക്‌സ് ബോര്‍ഡ് എടവണ്ണ ബസ് സ്റ്റാന്‍ഡില്‍ ഒരുകൂട്ടര്‍ സ്ഥാപിച്ചത്. ‘വിദ്യാര്‍ഥികള്‍ക്ക് ഒരു മുന്നറിയിപ്പ്’ എന്ന തലക്കെട്ടില്‍ ജനകീയ കൂട്ടായ്മയുടെ പേരിലാണ് ഈ ബോര്‍ഡുയര്‍ന്നത്.
ആഭാസവിദ്യകള്‍ സ്റ്റാന്‍ഡില്‍ പാടില്ലെന്നും അഞ്ചുമണിക്കുശേഷം വിദ്യാര്‍ഥികളെ കാണാനിടയായാല്‍ നാട്ടുകാര്‍ കൈകാര്യംചെയ്ത് രക്ഷിതാക്കളെ വിളിച്ചുവരുത്തുമെന്നുമാണ് മുന്നറിയിപ്പ്. ഈ ബോര്‍ഡിനെതിരേ എടവണ്ണ പോലീസില്‍ പരാതിയും എത്തിയിരുന്നു. ഇതിന് മറുപടിയെന്നോണം വിദ്യാര്‍ഥിപക്ഷത്തിന്റെ പേരിലും ബോര്‍ഡ് പ്രത്യക്ഷപ്പെട്ടു.
സദാചാര ആങ്ങളമാര്‍ തങ്ങളുടെ മക്കളുടെ ഫോണ്‍ നോക്കണമെന്നും വിദ്യാര്‍ഥികള്‍ക്ക് രാത്രി ഏഴുവരെയാണ് ബസ് യാത്രാനിരക്ക് സമയമെന്നും ഇതില്‍ ഓര്‍മപ്പെടുത്തുന്നു. അഞ്ചുമണി കഴിഞ്ഞാല്‍ കൈകാര്യംചെയ്യുമെന്നു പറയാനും ബോര്‍ഡ് വെക്കാനും ആര്‍ക്കും അധികാരമില്ലെന്ന് സദാചാരസമിതി ഓര്‍ക്കണമെന്നും ഓര്‍മപ്പെടുത്തുകയാണെന്നും ഈ ബോര്‍ഡിലുണ്ടായിരുന്നു.
ഇരു ഫ്ളക്സ് ബോര്‍ഡുകളേയും അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹിക മാധ്യമങ്ങളില്‍ ആളുകള്‍ രംഗത്തെത്തി. ഇതിനിടെ കഴിഞ്ഞദിവസം പോലീസെത്തി രണ്ടു ബോര്‍ഡുകളും സ്ഥലത്തുനിന്ന് മാറ്റി.