തൊടുപുഴ തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ മോശം പ്രകടനത്തേത്തുടര്‍ന്ന് ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരായി ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഇടുക്കി ഡി.സി.സി പ്രസിഡണ്ട് ഇബ്രാഹിം കുട്ടി കല്ലാര്‍.
ഇബ്രാഹിംകുട്ടി കല്ലാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപമിങ്ങനെ
സംസ്ഥാനതല വിജയം പരിശോധിച്ചാല്‍ താരതമ്യേന യു.ഡി.എഫിന് കൂടുതല്‍ നേട്ടം ഉണ്ടാക്കാന്‍ കഴിഞ്ഞ ജില്ലയാണ് ഇടുക്കി. ഗ്രാമപഞ്ചായത്തു വാര്‍ഡുകളുടെ കണക്കെടുത്താല്‍ എല്‍.ഡി.എഫ് 334 വാര്‍ഡുകളില്‍ വിജയിച്ചപ്പോള്‍ യു.ഡി.എഫിന് 328 വാര്‍ഡുകള്‍ നേടാനായി. ബ്ലോക്ക് പഞ്ചായത്തില്‍ 51 വാര്‍ഡുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 46 വാര്‍ഡുകള്‍ യു.ഡി.എഫ് നേടി. ജില്ലാ പഞ്ചായത്തില്‍ 10 വാര്‍ഡുകള്‍ എല്‍.ഡി.എഫ് നേടിയപ്പോള്‍ 6 വാര്‍ഡുകള്‍ യു.ഡി.എഫ് നേടി.
ഗ്രാമപഞ്ചായത്തുകളില്‍ 22 എണ്ണത്തില്‍ യു.ഡി.എഫ് അധികാരത്തില്‍ വരും, ബ്ലോക്ക് പഞ്ചായത്തില്‍ 8 ല്‍ നാലിടത്തും. ജില്ലാ പഞ്ചായത്തിലെ 4 ഡിവിഷനുകള്‍ നഷ്ടപ്പെട്ടത് 910 വോട്ടുകള്‍ക്കാണ്. വണ്ടന്‍മേട് – 58, മൂന്നാര്‍ – 175, വാഗമണ്‍-225, പൈനാവ് – 452 എന്ന നിലയിലാണ് പരാജയപ്പെട്ടത്.
കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വന്‍ വിജയവും, തൊടുപുഴ മുനിസിപ്പാലിറ്റിയില്‍ കേവല ഭൂരിപക്ഷവും നേടാനായി.കേരളാ കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ശക്തമാണെന്നവകാശപ്പെടുന്ന കട്ടപ്പനയില്‍ യുഡിഎഫ് വിജയ തേരോട്ടമാണ് നടത്തിയത്. ജില്ലയിലെ 84 സീറ്റില്‍ വിജയിച്ച പി.ജെ. ജോസഫ് വിഭാഗമാണോ, 47 സീറ്റില്‍ വിജയിച്ച ജോസ് കെ മാണി വിഭാഗമാണോ വലുതെന്ന് ജനം തീരുമാനിക്കട്ടെ.
യു.ഡി.എഫിന്റെ സ്ഥായിയായ വോട്ടു ശതമാനത്തില്‍ ഉടുമ്പന്‍ചോല ഒഴികെ ഒരിടത്തും കുറവു വന്നിട്ടില്ല. ഇത് കഴിഞ്ഞ പാർലമെൻ്റിലെ പോലെ തന്നെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനെ മറികടക്കുന്ന വിജയമുണ്ടാക്കുവാൻ സാധിക്കും എന്നിരുന്നാലും ജനവിധി അംഗീകരിക്കുന്നു അതോടൊപ്പം വിമര്‍ശനങ്ങളും, വിലയിരുത്തലുകളും ഉള്‍കൊണ്ട് തന്നെ പാളിച്ചകള്‍ തിരുത്തി മുമ്പോട്ടു പോകും. ബ്ലോക്ക് – മണ്ഡലം- വാര്‍ഡ് തലത്തില്‍ പ്രവര്‍ത്തക യോഗം അടിയന്തിരമായി വിളിച്ചു ചേര്‍ക്കും. പ്രവര്‍ത്തകര്‍ക്ക് പറയാനുള്ളത് അവധാനതയോടെ കേള്‍ക്കും. അവരുടെ അഭിപ്രായങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായ റിപ്പോര്‍ട്ട് കെ.പി.സി.സിക്ക് സമര്‍പ്പിക്കും. അഴിച്ചു പണികൾ വേണ്ട കീഴ്ഘടകങ്ങള്‍ മുഖം നോക്കാതെ യുദ്ധകാല അടിസ്ഥാനത്തില്‍ മാറ്റം വരുത്തും.,/p>
തിരഞ്ഞെടുപ്പ് രംഗത്ത് ഓരോ വാര്‍ഡിലും സജീവമായിരുന്ന യുവാക്കളുടെ കൂട്ടായ്മ മണ്ഡലം തലത്തില്‍ സംഘടിപ്പിക്കും. പോഷക സംഘടനകളെ കൂടുതല്‍ കരുത്താര്‍ജ്ജിപ്പിക്കും. മുന്‍പ് നഷ്ടപ്പെട്ട ഇടുക്കി പാര്‍ലിമെന്റ് മണ്ഡലം 173000 വോട്ടുകള്‍ക്ക് വിജയിച്ചപ്പോള്‍ ആരും പ്രശംസിച്ച് ഒരു പത്ര സമ്മേളനം നടത്തി കണ്ടില്ല എന്നാൽ പാർട്ടിക്ക് ചെറിയ പരാജയമുണ്ടായപ്പോള്‍ വിമര്‍ശിക്കുന്ന നേതാക്കള്‍ തിരഞ്ഞെടുപ്പില്‍ അവരുടെ സംഭാവന എന്താണെന്ന് സ്വയം ചിന്തിക്കണം. എല്ലാ മണ്ഡലത്തിലും തെരഞ്ഞെടുപ്പ് സമതികൾ വച്ച് വാർഡ് തലത്തിൽ നിന്ന് അഭിപ്രായ സമന്യയം നടത്തിയാണ് വാർഡ് സ്ഥാനാർത്ഥികളെ കണ്ടെത്തിയത് ചില സ്ഥലങ്ങളിലെ ചെറിയ തർക്കങ്ങൾ മാത്രമാണ് മുതിർന്ന നേതാക്കൾ ഉൾപ്പെടുന്ന ജില്ലയിലെആറംഗ സമതിയിൽ എത്തിയത്. അതു പോലെ എല്ലാ നിയോജക മണ്ഡലത്തിലും ജില്ലാ തലത്തിലും യുഡിഎഫ് കമ്മറ്റികൾ കൂടി ഐക്യം ഉണ്ടാക്കിയെടുക്കുവാൻ സാധിച്ചു. എന്നാൽ മണ്ഡലത്തിലും നിയോജക മണ്ഡലത്തിലും സ്ഥാനർത്ഥി നിർണ്ണയുവുമായി എന്തെങ്കിലും ബാഹ്യ ഇടപെടൽ ഉണ്ടായിട്ടുണ്ടോ എന്ന് അന്വേഷിക്കും എല്ലാ മണ്ഡലത്തിലും നിയോജക മണ്ഡലത്തിലും നേതാക്കാൻ മാർക്ക് ചാർജ്ജ് നൽകിയിരുന്നതാണ് ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തും.ചില നേതാക്കൻമാർ വിമർശനം മാത്രം പതിവാക്കിയിരിക്കയാണ് കഴിഞ്ഞ 20 വർഷക്കാലമായി സ്വന്തം വാർഡ് ബിജെപിയായിരുന്നു ഭരിച്ചിരുന്നത് എന്ന് മറന്നു കൊണ്ടാണിത്. മുന്നണിക്കകത്ത് സീറ്റ് ചർച്ച ആരംഭിക്കുന്നതിന് മുൻപേ തന്നെ ഘടകകക്ഷികൾക്ക് യാതൊരു അടിസ്ഥാനവും ഇല്ലാതെ ചില സ്ഥലങ്ങളിൽ സീറ്റുകൾ നൽകുമെന്ന് ദൃശ്യമാധ്യങ്ങളിലൂടെ പറയുകയും അതിലൂടെ പാർട്ടിയെ പ്രതിസന്ധിയിലാക്കുകയും ചെയ്തവരുണ്ട് ഇതുപോലുള്ള കാര്യങ്ങൾ പ്രവർത്തകരിൽ നിന്ന് മനസ്സിലാക്കി അടിയന്തിരമായി റിപ്പോർട്ട് കെപിസിസിക്ക് നൽകും.
അധികാരത്തിന്റെ ബലത്തില്‍ സി.പി.എം ഉം, ബി.ജെ.പി.യും പണത്തിന്റെ കുത്തൊഴുക്കാണ് ഈ തിരഞ്ഞെടുപ്പില്‍ നടത്തിയത് പാവപ്പെട്ട കോണ്‍ഗ്രസ്സ് സ്ഥാനാര്‍ത്ഥികള്‍ക്ക് തിരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് അന്തംവിട്ട് നില്‍ക്കേണ്ട ഗതികേടാണുണ്ടായത്. പ്രതിസന്ധി ഘട്ടത്തില്‍ അപസ്വരമല്ല ഐക്യമാണ് വേണ്ടത് പാര്‍ട്ടിയും, മുന്നണിയും ഒറ്റക്കെട്ടായി നിലകൊള്ളും. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന്റെ മിന്നുന്ന വിജയത്തിന്റെ പശ്ചാത്തലത്തില്‍ കൈപത്തി ചിഹ്നം കിട്ടിയാല്‍ ആരും ജയിക്കുമെന്ന തോന്നല്‍ ചിലരിലുണ്ടായത് വിജയസാദ്ധ്യതയില്ലാത്ത സ്ഥാനാര്‍ത്ഥികളിലേക്ക് നയിച്ചു. കൂടുതൽ ചെറുപ്പക്കാര്‍ക്ക് അവസരം കൊടുക്കണമായിരുന്നവെന്ന് തിരഞ്ഞെടുപ്പിനു ശേഷം തോന്നലുണ്ടായി ഇതിന് പരിഹാരമായി പാർട്ടിയിൽ യുവാക്കൾക്ക് അർഹതപ്പെട്ട സ്ഥാനങ്ങൾ നൽകും.
ജനവിധിയെന്നാല്‍ എതിരാളികളെ കൊല്ലാനും, മര്‍ദ്ദിക്കാനും ഉള്ള ലൈസന്‍സാണെ എന്നു സി.പി.എം വിചാരിക്കുന്നതുകൊണ്ടാണ് തൊടുപുഴ, വണ്ടന്‍മേട്, ദേവികുളം തുടങ്ങിയ സ്ഥലങ്ങളില്‍ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരെ തല്ലി ചതച്ചത്. ഇതിനെ രാഷ്ട്രീയമായി ചെറുക്കും ഡി.സി.സി പ്രസിഡന്റായി ചുമതലയേറ്റിട്ട് ഡിസബര്‍ 22 ന് നാലു വര്‍ഷം തികയുകയാണ് സ്ഥാനമേറ്റ ശേഷം നടന്ന പത്തോളം ത്രിതല ഉപതിരഞ്ഞെടുപ്പില്‍ ഏഴിടത്തു യു.ഡി.ഫ് വിജയിച്ചു, പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടാൻ സാധിച്ചു. സമയത്താഹാരവും, വിശ്രമവും,ഉറക്കവുമില്ലാതെ വിസ്ത്രിതമായ നമ്മുടെ ജില്ലയില്‍ ഓടിനടന്ന് പ്രവര്‍ത്തിച്ചുവെന്ന ചാരിതാര്‍ത്ഥ്യം ഉണ്ട് നാലുവര്‍ഷം കൊണ്ട് ഡി.സി.സി.യുടെ വാഹനം നാലുലക്ഷം കിലോമീറ്ററാണ് താണ്ടിയത്. എല്ലാവരെയും പരമാവധി സഹകരിപ്പിക്കുന്ന സമവായത്തിനാണ് ശ്രമിച്ചിട്ടുള്ളത്, സ്വന്തമായി പാര്‍ട്ടിയില്‍ ഗ്രൂപ്പ് ഉണ്ടാക്കിയിട്ടില്ല ഗ്രൂപ്പുകള്‍ക്ക് അതീതമായി മുഖം നോക്കാതെ കോൺഗ്രസ് പ്രവർത്തകരും നേതാക്കളും നൽകുന്ന സമയം വരെ പാര്‍ട്ടിയെ നയിക്കും.
പൊതു പ്രവര്‍ത്തകനെന്ന നിലയില്‍ ഇന്നുവരെ ആദര്‍ശങ്ങള്‍ ബലികഴിച്ചിട്ടില്ല, ഒരു ശക്തികള്‍ക്കും മുമ്പില്‍ പാര്‍ട്ടിയുടെ അഭിമാനം പണയം വെച്ചിട്ടുമില്ല, രാഷ്ട്രീയ പ്രവര്‍ത്തനം കൊണ്ട് പിതൃസ്വത്തായി ലഭിച്ച എല്ലാം നഷ്ടപെട്ടിട്ടേയുള്ളൂ ഒരു സെന്റ് ഭൂമിപോലും സ്വന്തമായി ഇല്ലാത്ത രാജ്യത്തെ ഏക ഡി.സി.സി പ്രസിഡന്റ് ഞാനായിരിക്കും.