കോട്ടയം: കടുത്തുരുത്തി മുളക്കുളം പഞ്ചായത്തിലെ കാരിക്കോടില്‍ പരുന്തിന്റെ ആക്രമണത്തില്‍ ഭയന്ന് നാട്ടുകാര്‍. കഴിഞ്ഞ ദിവസം രണ്ടു കുട്ടികളുടെ ചെവിക്കും കണ്ണിനും ആക്രമണത്തില്‍ പരിക്കേറ്റിരുന്നു. ഇന്നലെ പുത്തന്‍ കുളങ്ങരയില്‍ അനഘ ഷാജിക്ക് ( 21) നേരെയായിരുന്നു ആക്രമണം. കാര്യമായ പരിക്കേല്‍ക്കാതെ അനഘ രക്ഷപ്പെട്ടു.
കാരിക്കോട് വായനശാലയ്ക്കു സമീപവും പരിസര പ്രദേശങ്ങളിലുമാണു പരുന്തിന്റെ ഭീഷണി. മരശിഖരങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളിലുമാണു താവളം. ആളുകള്‍ പുറത്തിറങ്ങിയാല്‍ പരുന്ത് പാഞ്ഞെത്തി തലയിലും കണ്ണിലും കാതിലുമൊക്കെ കുത്തുകയും നഖങ്ങള്‍ ഉപയോഗിച്ച് ആഴത്തില്‍ ആക്രമിക്കുകയുമാണ്. കാരിക്കോട് പുത്തന്‍ കുളങ്ങരയില്‍ റെയ്‌നിയുടെ മകന്‍ ആല്‍ബറെ (7), പുത്തന്‍ കുളങ്ങര ജയിനിന്റെ മകള്‍ ജസ്‌ന ജയിന്‍ (14) എന്നിവര്‍ പരിക്കേറ്റ് ചികിത്സയിലാണ്.
ആല്‍ബറെയുടെ ചെവി പരുന്ത് കടിച്ചു മുറിക്കുകയായിരുന്നു. ജസ്‌നയുടെ കണ്ണിലാണ് പരുന്തു കൊത്തിയത്. പേടിച്ച് ആളുകള്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണ്. പലരും തലയില്‍ ഹെല്‍മറ്റ് വച്ചാണ് പുറത്തിറങ്ങുന്നത്. പരുന്തിനെ പേടിച്ച് കുട്ടികളെ മാതാപിതാക്കള്‍ വാഹനങ്ങളിലാണ് സ്‌കൂളിലേക്ക് വിടുന്നത്. ഭക്ഷണം ലഭിക്കാത്തതു മൂലമാണ് പരുന്ത് ആളുകളെ ആക്രമിക്കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.