മലപ്പുറം: എൽഡിഎഫ് യുഡിഎഫ് മുന്നണികൾക്ക് സംസ്ഥാനത്തിൻ്റെ വികസനത്തിനായി ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ‘മെട്രോമാൻ’ ഇ ശ്രീധരൻ. നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ കഴിയുമെന്ന് കരുതിയാണ് ബിജെപിയുമായി ചേർന്ന് പ്രവർത്തിക്കുന്നതെന്നും ശ്രീധരൻ വ്യക്തമാക്കി.
സംസ്ഥാനത്തെ മുന്നണികൾ കേന്ദ്രവുമായി ഏറ്റുമുട്ടൽ മാത്രമാണ് നടത്തുന്നത്. പാർട്ടിയുടെ താൽപര്യം മാത്രമാണ് അവർ നോക്കുന്നത്. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെക്ക് താൻ നിർദ്ദേശങ്ങൾ നൽകിക്കഴിഞ്ഞു. മത്സരിക്കാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. മണ്ഡലം ഏതാണ് എന്ന് ബിജെപി തീരുമാനിക്കും.ചുമതല ഏൽപ്പിച്ചാൽ തീർച്ചയായും ചെയ്യും.
കേരളത്തിൽ തനിക്ക് സൽപ്പേരുണ്ട്. ഇങ്ങനെ ഒരാൾ ബിജെപിയിൽ ചേർന്ന് പ്രവർത്തിച്ചാൽ കൂടുതൽ പേര് പാർട്ടിയിലേക്ക് വരും. യുഡിഎഫ് എൽഡിഎഫ് മുന്നണികളെ ആക്രമിക്കാൻ അല്ല താൻ ബിജെപിയിലേക്ക് പോകുന്നത്. നിഷ്പക്ഷമായി നിന്നാൽ ഒന്നും ചെയ്യാൻ കഴിയില്ല. കേരളത്തിൽ വ്യാവസായിക അന്തരീക്ഷം ഇല്ല. ആ സാഹചര്യം മാറണം.
വിജയ യാത്രയിൽ താൻ പങ്കെടുക്കില്ല. തെരഞ്ഞെടുപ്പ് പ്രചാരണ വേദികളിൽ വരാൻ ഉദ്ദേശിക്കുന്നില്ല. ചുമതലകൾ നൽകിയാൽ നിർവ്വഹിക്കും, പക്ഷേ ഗവർണ്ണർ പദവി താൽപര്യമില്ലെന്നും ഇ ശ്രീധരൻ പറഞ്ഞു.കോഴിക്കോട് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനാണ് ഇ.ശ്രീധരന്‍ ബി.ജെ.പിയില്‍ ചേരുമെന്ന് അറിയിച്ചത്.പല കാലഘട്ടങ്ങളിലായി രണ്ടു മുന്നണികളും ഇ.ശ്രീധരനെ എതിർക്കുകയും ദ്രോഹിക്കുകയും ചെയ്തിട്ടുണ്ട്. അദ്ദേഹത്തെ പോലുള്ളവർ ബിജെപിയിൽ വരുന്നത് കേരളത്തിന്റെ പൊതുവികാരമാണ്. മത്സരിക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കെ.സുരേന്ദ്രൻ പറഞ്ഞു.
വികസന പ്രവർത്തനങ്ങളുടെ മറവിൽ കമ്മിഷൻ അടിച്ചുമാറ്റുന്നവരാണ് ഇരുമുന്നണികളും. ഇ. ശ്രീധരൻ അതിന് ഏതിരായിരുന്നു. അതോടെയാണ് ഉമ്മൻ ചാണ്ടിയും പിണറായിയും അദ്ദേഹത്തെ ദ്രോഹിച്ചത്. വരും ദിവസങ്ങളിൽ പ്രഗൽഭരായ പലരും ബിജെപിയിലേക്ക് വരുകയും എൻഡിഎയ്ക്ക് വേണ്ടി മത്സരിക്കുകയും ചെയ്യും സുരേന്ദ്രന്‍ പറഞ്ഞു.