കൊച്ചി: കേരള ഹൈക്കോടതിയില്‍ കേസ് ഫയലിംഗ് പൂര്‍ണമായും ഓണ്‍ലൈനിലേക്ക്. ഇ-ഫയലിംഗ് ഇന്നുമുതല്‍ നടപ്പില്‍ വരുന്നതോടെ ഹൈക്കോടതി രജിസ്ട്രിയില്‍ നേരിട്ട് ഹര്‍ജികള്‍ സമര്‍പ്പിക്കുന്ന പരമ്പരാഗത രീതി ഇല്ലാതാകും. പേപ്പര്‍ രഹിത, പരിസ്ഥിതി സൗഹൃദ കോടതികളെന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് ഈ നടപടി. ഇനിമുതല്‍ ഓണ്‍ലൈന്‍ സംവിധാനം വഴി ഹര്‍ജികളും അനുബന്ധ രേഖകളും സമര്‍പ്പിക്കണം. അടുത്ത ഘട്ടത്തില്‍ കീഴ്ക്കോടതികളിലും ഇ-ഫയലിംഗ് സംവിധാനം നടപ്പിലാക്കും.
ഹൈക്കോടതിയില്‍ ഇ-ഫയലിംഗ് സംവിധാനം വരുന്നത് സംസ്ഥാനത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ‘കടലാസ് രഹിത കോടതി മുറി’കളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകായിരുന്നു മുഖ്യമന്ത്രി. കടലാസ് രഹിത കോടതി എന്ന ആശയം നീതിന്യായ സംവിധാനത്തിന്റെ കാര്യക്ഷമതയും സുതാര്യതയും വര്‍ധിപ്പിക്കും.
കേരളം ഈ നടപടിയിലൂടെ രാജ്യത്തിന് മാതൃകയായതുപോലെ എല്ലാ സംസ്ഥാനങ്ങളും ഓണ്‍ലൈന്‍ ,സംവിധാനത്തിലൂടെ മാതൃകയാവുകയാണ്. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍ ഓഫിസുകളിലും ഇ-സംവിധാനം നടപ്പിലാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതിനിടെ പൊതുമരാമത്ത് വകുപ്പിലെ മുഴുവന്‍ ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം ഇന്നുമുതല്‍ നിലവില്‍വന്നു. വകുപ്പിലെ 716 ഓഫീസുകളിലും ഇ-ഓഫീസ് സംവിധാനം സജ്ജമാക്കി കഴിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. സമ്പൂര്‍ണ ഇ-ഓഫീസ് പ്രഖ്യാപനം തിരുവനന്തപുരത്ത് പൊതുമരാമത്ത് കെട്ടിട ഉപവിഭാഗം ഓഫീസില്‍ പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.